IPL 2022: ഹാര്‍ദിക് നയിച്ചു, അരങ്ങേറ്റത്തില്‍ കിരീടവുമായി 'ഗ്രാന്റ്' ടൈറ്റന്‍സ്!

അഹമ്മദാബാദ്: 1,10000ത്തോളം കാണികള്‍ സാക്ഷി, സ്വന്തം നാട്ടുകാര്‍ക്കു മുന്നിലെ ആദ്യ പോരാട്ടം തന്നെ ഫൈനല്‍, എന്നിട്ടും ഗുജറാത്ത് ടൈറ്റന്‍സ് പതറിയില്ല. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ സൂപ്പര്‍ ഹീറോയായപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കിരീട മോഹങ്ങള്‍ തല്ലിത്തകര്‍ത്ത് ടൈറ്റന്‍സ് ഐപിഎല്‍ ട്രോഫിയില്‍ മുത്തമിട്ടു. ടോസിന്റെ രൂപത്തില്‍ ഭാഗ്യം തേടിയെത്തിയിട്ടും അതു മുതലാക്കാന്‍ സഞ്ജു സാംസണിനു സാധിക്കാതെ വരികയായിരുന്നു. റോയല്‍സിന്റെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ മല്‍സരഗതി കുറിക്കപ്പെട്ടിരുന്നു. സഞ്ജുവിനും കൂട്ടര്‍ക്കും എന്തെങ്കിലും അദ്ഭുതം പ്രവര്‍ത്തിക്കാനാവുമോയെന്നായിരുന്നു അറിയാനുണ്ടായിരുന്നത്. പക്ഷെ അതു സാധിക്കാതെ വന്നപ്പോള്‍ ഒരു ലക്ഷത്തിലേറെ വരുന്ന സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ കിരീടം ടൈറ്റന്‍സിന്‍റെ കൈകളിലേക്കു വരികയും ചെയ്തു.

131 റണ്‍സാണ് കപ്പ് പിടിച്ചെടുക്കാന്‍ ടൈറ്റന്‍സിനു മുന്നില്‍ റോയല്‍സ് വച്ചത്. തുടക്കം പാളിയെങ്കിലും മൂന്നാം വിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍- നായകന്‍ ഹാര്‍ദിക് പാണ്ഡ്യ സഖ്യത്തിന്റെ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് ടൈറ്റന്‍സിന്റെ വിജയമുറപ്പാക്കി. രണ്ടിന് 23ല്‍ ഒരുമിച്ച ഇരുവരും 63 റണ്‍സാണ് ടീം സ്കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ഇതോടെ മല്‍സരം റോയല്‍സില്‍ നിന്നും വഴുതിപ്പോവുകയും ചെയ്തു. 11 ബോളുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റിനു ടൈറ്റന്‍സ് കിരീടമെന്ന സ്വപ്‌നത്തിലേക്കു അനായാസമെത്തി. ഒബെഡ് മക്കോയ് എറിഞ്ഞ 19ാം ഓവറിലെ ആദ്യ ബോള്‍ ഗില്‍ സിക്‌സറിലേക്കു പായിച്ചതോടെയാണ് ജിടി ഐപിഎല്ലിലെ പുതിയ രാജാക്കന്‍മാരായത്. ശുഭ്മാന്‍ ഗില്ലും (45*) ഡേവിഡ് മില്ലറും (32*) ചേര്‍ന്നാണ് ടൈറ്റന്‍സിന്റെ വിജയം പൂര്‍ത്തിയാക്കിയത്. വൃധിമാന്‍ സാഹ (5), മാത്യു വേഡ് (8) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. നേരത്തേ മൂന്നു വിക്കറ്റുകളുമായു ബൗളിങില്‍ കസറിയ ഹാര്‍ദിക് 34 റണ്‍സോടെ ബാറ്റിങിലും തന്റെ റോള്‍ ഗംഭീരമാക്കി.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സഞ്ജു സാംസണിന്റെ തീരുമാനം തെറ്റിച്ചുകൊണ്ട് കളംവാണത് ടൈറ്റന്‍സ് ബൗളര്‍മാരാണ്. ഇതോടെ 131 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ടൈറ്റന്‍സിനു നല്‍കാന്‍ റോയല്‍സിനായത്. ഒമ്പതു വിക്കറ്റിനാണ് റോയല്‍സ് 130 റണ്‍സെടുത്തത്.ശക്തമായ ബാറ്റിങ് ലൈനപ്പുള്ള റോയല്‍സ് നിരയില്‍ ഒരാള്‍ക്കു പോലും 40 പ്ലസ് സ്‌കോര്‍ ചെയ്യാനായില്ല. 39 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് റോയല്‍സിന്റെ ടോപ്‌സ്‌കോറര്‍. 35 ബോളില്‍ അഞ്ചു ബൗണ്ടറികളോടെയായിരുന്നു ഇത്. യശസ്വി ജയ്‌സാളാണ് (22) 20ന് മുകളില്‍ നേടിയ മറ്റൊരു താരം.

നായകന്‍ സഞ്ജു സാംസണ്‍ (14), ദേവ്ദത്ത് പടിക്കല്‍ (2), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (11), ആര്‍ അശ്വിന്‍ (6), റിയാന്‍ പരാഗ് (15), ട്രെന്റ് ബോള്‍ട്ട് (11), ഒബെഡ് മക്കോയ് (8) എന്നിവരൊന്നും കാര്യമായ സംഭാവന നല്‍കിയില്ല. മൂന്നു വിക്കറ്റുകളെടുത്ത ഹാര്‍ദിക്കാണ് റോയല്‍സിനു മൂക്കുകയറിട്ടത്. നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അദ്ദേഹം മൂന്നു പേരെ പുറത്താക്കിയത്. സഞ്ജു, ബട്‌ലര്‍, ഹെറ്റ്‌മെയര്‍ തുടങ്ങി റോയല്‍സിന്റെ ഏറ്റവും അപകടകാരിയായ മൂന്നു പേരെയാണ് ഹാര്‍ദിക് പവലിയനിലേക്കു മടക്കിയത്. ആര്‍ സായ് കിഷോറിനു രണ്ടും മുഹമ്മദ് ഷമി, യഷ് ദയാല്‍, റാഷിദ് ഖാന്‍ എ്‌നിവര്‍ക്കു ഓരോ വിക്കറ്റും ലഭിച്ചു.

ആദ്യ ഓവര്‍ മുതല്‍ കൃത്യമായ പ്ലാനിങോടെയായിരുന്നു ടൈറ്റന്‍സ് ഇറങ്ങിയത്. അതു അവര്‍ കൃത്യമായി ഗ്രൗണ്ടില്‍ നടപ്പാക്കുകയും ചെയ്തു. ആറു ബൗളര്‍മാരെയാണ് ഹാര്‍ദിക് ഈ മല്‍സരത്തില്‍ പരീക്ഷിച്ചത്. എല്ലാവരും തങ്ങളുടെ റോള്‍ ഭംഗിയാക്കുകയും ചെയ്തു. ആദ്യ ബ്രേക്ക്ത്രൂ ലഭിക്കുന്നത് നാലാം ഓവറിലാണ്. 16 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയമടക്കം 22 റണ്‍സെടുത്ത ജയ്‌സ്വാളിനെ യഷ് ദയാല്‍ സായ് കിഷോറിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

മൂന്നാമനായി ക്രീസിലെത്തിയ സഞ്ജുവില്‍ നിന്നും ക്യാപ്റ്റന്റെ ഇന്നിങ്‌സ് ടീമും ആരാധകരും പ്രതീക്ഷിച്ചിരുന്നു. പക്ഷെ കരിയറിലെ ഏറ്റവും വലിയ പോരാട്ടത്തില്‍ സഞ്ജു നിരാശപ്പെടുത്തി. ഒമ്പതാം ഓവറില്‍ ഹാര്‍ദിക്കാണ് റോയല്‍സ് നായകനെ വീഴ്ത്തിയത്. പുള്‍ ഷോട്ടിനു ശ്രമിച്ച സഞ്ജുവിനെ സായ് കിഷോര്‍ പിടികൂടുകയയിരുന്നു. ഇതോടെ റോയല്‍സ് ഞെട്ടി. ഈ ഭയം ടൈറ്റന്‍സ് പിന്നീട് നന്നായി മുതലെടുക്കുകയും ചെയ്തു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നു. അക്കൗണ്ട് തുറക്കാന്‍ ഏഴു ബോളുകള്‍ വേണ്ടിവന്ന ദേവ്ദത്തിനെ റാഷിദിന്റെ ബോളില്‍ മുഹമ്മദ് ഷമി ക്യാച്ച് ചെയ്തപ്പോള്‍ റോയല്‍സ് മൂന്നിന് 79. ഇതോടെ പ്രതീക്ഷകള്‍ മുഴുവന്‍ ഓറഞ്ച് ക്യാപ്പ് ജേതാവായ ബട്‌ലറുടെ തോളിയായി. എന്നാല്‍ ഹാര്‍ദിക് തന്റെ അടുത്ത സ്‌പെല്ലിലെ ആദ്യ ബോളില്‍ ബട്‌ലറെ വീഴ്ത്തി. ഓഫ്സ്റ്റംപിനു പുറത്തേക്കുപോയ ബോളില്‍ അര്‍ധമനസോടെ അദ്ദേഹം ബാറ്റ് വയ്ക്കുകയായിരുന്നു. എഡ്ജായ ബോള്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയുടെ കൈകളിലൊതുങ്ങി.

പിന്നെയൊരു മടങ്ങിവരവ് റോയല്‍സിനു ദുഷ്‌കരമായിരുന്നു. വമ്പനടിക്കാരനായ ഹെറ്റ്‌മെയര്‍ മികച്ച രീതിയില്‍ ഇന്നിങ്‌സ് ഫിനിഷ് ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. ഹെറ്റ്‌മെയറെ സ്വന്തം ബൗളിങില്‍ പിടികൂടിയ ഹാര്‍ദിക് അവസാനത്തെ തീപ്പൊരിയും കെടുത്തി (അഞ്ചിന് 94), പിന്നീട് അശ്വിന്‍, ബോള്‍ട്ട്, മക്കോയ്, പരാഗ് എന്നിവരും മടങ്ങിയതോടെ റോയല്‍സ് ഇന്നിങ്‌സ് നിരാശാജനകമായി അവസാനിച്ചു.

ക്വാളിഫയര്‍ വണ്ണില്‍ റോയല്‍സിനെ ഏഴു വിക്കറ്റിനു തകര്‍ത്തുവിട്ടാണ് ടൈറ്റന്‍സ് ഫൈനലിലേക്കു ടിക്കറ്റെടുത്തത്. തകര്‍പ്പന്‍ റണ്‍ചേസിനൊടുവിലായിരുന്നു അവരുടെ ത്രസിപ്പിക്കുന്ന ജയം. റോയല്‍സ് രണ്ടാം ക്വാളിഫയറില്‍ ഏഴു വിക്കറ്റിനു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും തീര്‍ത്ത് ഫൈനലില്‍ ഇടം പിടിക്കുകയായിരുന്നു. തികച്ചും ഏകപക്ഷീയമായിട്ടാണ് റോയല്‍സ് വിജയിച്ചുകയറിയത്. ടൈറ്റന്‍സും റോയല്‍സും തമ്മിലുള്ള കണക്കുകളെടുത്താല്‍ 2-0ന് ടൈറ്റന്‍സിനാണ് മുന്‍തൂക്കം. ഈ സീസണില്‍ രണ്ടു തവണ മുഖാമുഖം വന്നപ്പോഴും വിജയം ടൈറ്റന്‍സിനായിരുന്നു.

പ്ലെയിങ് ഇലവന്‍

ഗുജറാത്ത് ടൈറ്റന്‍സ്- വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), മാത്യു വേഡ്, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, യഷ് ദയാല്‍, ആര്‍ സായ് കിഷോര്‍, ലോക്കി ഫെര്‍ഗൂസന്‍, മുഹമ്മദ് ഷമി.

രാജസ്ഥാന്‍ റോയല്‍സ്- രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, ഒബെഡ് മക്കോയ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, May 29, 2022, 15:00 [IST]
Other articles published on May 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X