INDvSL: ഹസരംഗ മാജിക്ക്, ഇന്ത്യ നാണംകെട്ടു- ടി20 പരമ്പര ലങ്കയ്ക്ക്

കൊളംബോ: ബെര്‍ത്ത്‌ഡേ ബോയ് വനിന്ദു ഹസരംഗയുടെ മാജിക്കല്‍ ബൗളിങ് ഇന്ത്യയെ നാണംകെടുത്തിയപ്പോള്‍ ടി20 പരമ്പര ശ്രീലങ്ക സ്വന്തമാക്കി. ഫൈനലിനു സമാനമായ അവസാന ടി20യില്‍ ഇന്ത്യക്കു മേല്‍ ഏകപക്ഷീയ വിജയമാണ് ദ്വീപുകാര്‍ ആഘോഷിച്ചത്. ഏഴു വിക്കറ്റിന് ശിഖര്‍ ധവാന്റെ രണ്ടാംനിര ടീമിനെ ലങ്ക വാരിക്കളയുകയായിരുന്നു. ഇതോടെ നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യയോടേറ്റ വന്‍ പരാജയത്തിന് അവര്‍ കണക്കുതീര്‍ക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ വെറും 81 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ലങ്ക വിജയമുറപ്പാക്കിയിരുന്നു. എന്തെങ്കിലും അദ്ഭുതം സംഭവിച്ചാല്‍ മാത്രമേ ഇന്ത്യക്കു നേരിയ സാധ്യതയുണ്ടായിരുന്നുള്ളൂ. പക്ഷെ അസാധാരണമായി ഒന്നുമുണ്ടായില്ല. തികച്ചും അനാസായം ലങ്ക വിജയത്തിലേക്കു കുതിച്ചെത്തി. 32 ബോളുകള്‍ ബാക്കിനില്‍ക്കെയായിരുന്നു അവര്‍ ഇന്ത്യക്ക്ു മേല്‍ വിജയക്കൊടി നാട്ടിയത്. സ്‌കോര്‍: ഇന്ത്യ എട്ടു വിക്കറ്റിന് 81. ശ്രീലങ്ക 14.3 ഓവറില്‍ മൂന്നിന് 82.

ധനഞ്ജയ ഡിസില്‍വ പുറത്താവാതെ 23 റണ്‍സ് നേടി. ബൗളിങില്‍ ലങ്കയുടെ തുറുപ്പുചീട്ടായ ഹസരംഗ പുറത്താവാതെ 14 റണ്‍സുമായി ബാറ്റിങിലും ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചു. അവിഷ്‌ക ഫെര്‍ണാണ്ടോ (12), മിനോദ് ഭാനുക്ക (18), സദീര സമരവിക്രമ (6) എന്നിവരാണ് പുറത്തായത്. മൂന്നു വിക്കറ്റുകളും സ്പിന്നര്‍ രാഹുല്‍ ചാഹറിനായിരുന്നു.

ശ്രീലങ്കയൊരുക്കിയ സ്പിന്‍ കെണിയില്‍ അനുഭവസമ്പത്ത് കുറഞ്ഞ ഇന്ത്യയുടെ യുവനിര തരിപ്പണമായി. മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത നായകന്‍ ശിഖര്‍ ധവാന്റെ തീരുമാനം ദുരന്തമായി മാറുന്നതാണ് കണ്ടത്. ലങ്കയുടെ സ്പിന്‍ ആക്രമണത്തിനു മുന്നില്‍ എന്തു ചെയ്യണമെന്നു പോലുമറിയാതെ ഇന്ത്യന്‍ യുവതാരങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കൂടാരത്തിലേക്കു മടങ്ങുകയായിരുന്നു.

ബൗളര്‍മാരായ കുല്‍ദീപ് യാദവ് (23*), ഭുവനേശ്വര്‍ കുമാര്‍ (16) എന്നിവരുടെ ചെറുത്തുനില്‍പ്പ് കൂടി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ സ്ഥിതി കൂടുതല്‍ ദയനീയമാവുമായിരുന്നു. ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്വാദാണ് (14) രണ്ടക്ക സ്‌കോര്‍ നേടിയ മറ്റൊരു താരം. 28 ബോളില്‍ ഒരു ബൗണ്ടറിയോ, സിക്‌സറോയില്ലാതെയാണ് കുല്‍ദീപ് ടീമിന്റെ അമരക്കാരനായത്. ഭുവിയും ഇങ്ങനെ തന്നെ 32 ബോളിലായിരുന്നു അദ്ദേഹം 16 റണ്‍സ് നേടിയത്. നായകന്‍ ശിഖര്‍ ധവാന്‍ ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരും പൂജ്യത്തിനു പുറത്തായി. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (9), നിതീഷ് റാണ (6), രാഹുല്‍ ചാഹര്‍ (5) എന്നിങ്ങങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോറുകള്‍.

പിറന്നാള്‍ ദിനം ഗ്രൗണ്ടില്‍ ഇന്ത്യന്‍ താരങ്ങളുടെ വിക്കറ്റ് കൊയ്ത് ആഘോഷിച്ച സ്പിന്നര്‍ നിന്തു ഹസരംഗയാണ് ലങ്കയുടെ ഹീറോ. നാലോവറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം നാലു വിക്കറ്റുകളെടുത്തു. പിറന്നാള്‍ ദിനത്തില്‍ ഒരു ബൗളറുടെ ടി20യിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. ക്യാപ്റ്റന്‍ ദസുന്‍ ഷനക രണ്ടു വിക്കറ്റുകളുമായി ഹസരംഗയ്ക്കു മികച്ച പിന്തുണയേകി. ദുശ്മന്ത ചമീരയും രമേഷ് മെന്‍ഡിസും ഓരോ വിക്കറ്റ് വീതമെടുത്തു.

ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടായിരുന്നു. ആദ്യ ഓവറിലെ നാലാമത്തെ ബോളില്‍ തന്നെ ടീമിലെ ഏറ്റവും അനുഭവസമ്പത്തുള്ള ബാറ്റ്‌സ്മാനും നായകനുമായ ധവാന്‍ അക്കൗണ്ട് തുറക്കാനാവാതെ പുറത്തായി. ചമീരയുടെ ബൗളിങില്‍ സ്ലിപ്പില്‍ ധനഞ്ജയ ഡിസില്‍വ ക്യാച്ചെടുക്കുകയായിരുന്നു. നിര്‍ഭാഗ്യകരമായ രീതിയില്‍ ദേവ്ദത്ത് റണ്ണൗട്ടാവുമ്പോള്‍ ഇന്ത്യ രണ്ടിന് 24. 13 റണ്‍സ് കൂടി നേടുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ കൂടി നഷ്ടമായ ഇന്ത്യ അഞ്ചിന് 36ലേക്കു കൂപ്പുകുത്തി. പിന്നീടൊരു തിരിച്ചുവരവ് ഇന്ത്യക്കുണ്ടായില്ല. എത്ര ഓവര്‍ ടീം പിടിച്ചുനില്‍ക്കുമെന്നു മാത്രമായിരുന്നു പിന്നെ അറിയാനുണ്ടായിരുന്നത്. വാലറ്റത്ത് കുല്‍ദീപ്, ഭുവി എന്നിവരുടെ ചെറുത്തുനില്‍പ്പ് ഇന്ത്യയെ ഓള്‍ഔട്ടാവുന്നതില്‍ നിന്നും രക്ഷിക്കുകയായിരുന്നു.

രണ്ടാം ടി20യില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ കളിച്ചത്. പരിക്കേറ്റ പേസര്‍ നവദീപ് സൈനിക്കു പകരം മലയാളി പേസര്‍ സന്ദീപ് വാര്യര്‍ അരങ്ങേറി. സന്ദീപിന്റെ വരവോടെ ഇന്ത്യന്‍ ടീമിലെ മലയാളി താരങ്ങള്‍ മൂന്നായി ഉയര്‍ന്നു. വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍, ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ദേവ്ദത്ത് പടിക്കല്‍ എന്നിവരാണ് ടീമിലെ മറ്റു മലയാളി സാന്നിധ്യങ്ങള്‍.

ടി20യില്‍ ഇന്ത്യ വിജയത്തോടെയായിരുന്നു തുടങ്ങിയത്. ആദ്യ മല്‍സരത്തില്‍ ഇന്ത്യ 38 റണ്‍സിന്റെ വിജയം ആഘോഷിച്ചിരുന്നു. എന്നാല്‍ രണ്ടാമത്തെ ടി20യില്‍ ലങ്ക തിരിച്ചടിച്ചു. നാലു വിക്കറ്റിന്റെ വിജവുമായി ആതിഥേയര്‍ പരമ്പരയിലേക്കു തിരിച്ചുവരികയായിരുന്നു. ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യക്കു കൊവിഡ് സ്ഥിരീകരിച്ചതും പിന്നാലെ അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ താരങ്ങള്‍ ഐസൊലേഷനില്‍ പോയതുമെല്ലാം രണ്ടാം ടി20യില്‍ ഇന്ത്യയെ തളര്‍ത്തിയിരുന്നു.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്ക്വാദ്, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, രാഹുല്‍ ചാഹര്‍, സന്ദീപ് വാര്യര്‍, ചേതന്‍ സക്കരിയ, വരുണ്‍ ചക്രവര്‍ത്തി.

ശ്രീലങ്ക- അവിഷ്‌ക ഫെര്‍ണാണ്ടോ, മിനോദ് ഭാനുക്ക (വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, പതും നിസംഗ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), ധനഞ്ജയ ഡിസില്‍വ, വനിന്ദു ഹസരംഗ, രമേഷ് മെന്‍ഡിസ്, ചാമിക കരുണരത്‌നെ, അഖില ധനഞ്ജയ, ദുഷ്മന്ത ചമീര.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, July 29, 2021, 19:21 [IST]
Other articles published on Jul 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X