ഐപിഎല്‍: ഇവര്‍ 'പൊസിഷന്‍ കിങ്‌സ്'... ഓപ്പണിങില്‍ ഗെയ്ല്‍, ഭാജിക്ക് ഡബിള്‍ റെക്കോര്‍ഡ്

മുംബൈ: ഐപിഎല്ലിന്റെ പുതിയൊരു സീസണ്‍ കൂടി ഏപ്രിലില്‍ നടക്കാന്‍ പോവുകയാണ്. കഴിഞ്ഞ പത്ത് സീണുകളിലായി നിരവധി അവിസ്മരണീയ ബാറ്റിങ്, ബൗളിങ് പ്രകടനങ്ങളാണ് ഐപിഎല്ലില്‍ കണ്ടിട്ടുള്ളത്. ബാറ്റിങില്‍ ഓരോ പൊസിഷനിലും ഒരു രാജാവ് തന്നെയുണ്ടാവും.

ഓപ്പണിങില്‍ ട്വന്റി20യിലെ ബാറ്റിങ് ചക്രവര്‍ത്തിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് ഒന്നാമതുള്ളത്. ഇതുപോലെ ബാറ്റിങില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലും ഏറ്റവും മികച്ച വ്യക്തിഗത സ്‌കോറിന് അവകാശികളായ താരങ്ങളെ പരിചയപ്പെടാം.

 ക്രിസ് ഗെയ്ല്‍ (175*)

ക്രിസ് ഗെയ്ല്‍ (175*)

2013ലെ ഐപിഎല്ലില്‍ പൂനെ വാരിയേഴ്‌സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി ഗെയ്ല്‍ നടത്തിയ അവിശ്വസനീയ റെക്കോര്‍ഡിന് ഇപ്പോഴും ഇളക്കം തട്ടിയിട്ടില്ല. പൂനെയ്‌ക്കെതിരേ പതിയെ തുടങ്ങിയ ഗെയ്ല്‍ പിന്നീട് സുനാമിയായി ആഞ്ഞടിക്കുകയായിരുന്നു. രണ്ടാം ഓവറില്‍ തുടരെ രണ്ടു ബൗണ്ടറികളോടെ വെടിക്കെട്ടിന് തിരികൊളുത്തിയ അദ്ദേഹം പിന്നീട് അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ പൂനെ ഫീല്‍ഡര്‍മാര്‍ ഗ്രൗണ്ടില്‍ ചിതറിയോടി.
വെറും 29 പന്തിലായിരുന്നു ഗെയ്‌ലിന്റെ സെഞ്ച്വറി നേട്ടം. ഇതോടെ 34 പന്തില്‍ സെഞ്ച്വറിയെന്ന ആന്‍ഡ്രു സൈമണ്ട്‌സിന്റെ റെക്കോര്‍ഡ് ഗെയ്ല്‍ തിരുത്തി.
66 പന്തില്‍ 13 ബൗണ്ടറികളും 17 സിക്‌സറുമടക്കം 175 റണ്‍സാണ് ഗെയ്ല്‍ വാരിക്കൂട്ടിയത്. ഇതോടെ ഐപിഎല്ലിലെ ഏറ്റവുമുയര്‍ന്ന സ്‌കോറെന്ന ബ്രെന്‍ഡന്‍ മക്കുല്ലത്തിന്റെ (158) റെക്കോര്‍ഡ് തകരുകയും ചെയ്തു. ഗെയ്ല്‍ കരുത്തി 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 263 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്. ഈ റെക്കോര്‍ഡിന് ഇപ്പോഴും മാറ്റമില്ല.

എബി ഡിവില്ലിയേഴ്‌സ് (133)

എബി ഡിവില്ലിയേഴ്‌സ് (133)

മൂന്നാം നമ്പറില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ തന്നെ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ മാന്‍ എബി ഡിവില്ലിയേഴ്‌സിന്റെ പേരിലാണ്. 2015ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേയായിരുന്നു ഗെയ്‌ലിന്റെ ബാറ്റിങ് താണ്ഡവം. പ്ലേഓഫിലേക്ക് യോഗ്യത നേടാന്‍ ജയം അനിവാര്യമായിരുന്ന മല്‍സരത്തില്‍ ഗെയ്‌ലിനെ തുടക്കത്തില്‍ തന്നെ ബാംഗ്ലൂരിന് നഷ്ടമായി. തുടര്‍ന്നാണ് എബിഡി ക്രീസിലെത്തുന്നത്. ക്രീസിന്റെ മറുഭാഗത്ത് ക്യാപ്റ്റന്‍ വിരാട് കോലിയെ കാഴ്ചച്ചാരനാക്കി എബിഡി കത്തിക്കയറി. 47 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ എബിഡി ബാറ്റിങ് താണ്ഡവം തുടര്‍ന്നു. അവസാന 12 പന്തില്‍ 33 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. എബിഡിയുടെ 133 റണ്‍സിന്റെ മികവില്‍ ബാംഗ്ലൂര്‍ ജയിച്ചുകയറുകയും ചെയ്തു.
താരം നേടിയ 133 റണ്‍സെന്നത് മൂന്നാംനമ്പറില്‍ ഒരു താരത്തിന്റെ ഉയര്‍ന്ന സ്‌കോറായി ഇപ്പോഴും നിലനില്‍ക്കുന്നു. അന്ന് ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടതത്തില്‍ 235 റണ്‍സെടുത്തപ്പോള്‍# ഏഴു വിക്കറ്റിന് 196 റണ്‍സ് നേടാനെ മുംബൈക്കായുള്ളൂ.

ആന്‍ഡ്രു സൈമണ്ട്‌സ് (117)

ആന്‍ഡ്രു സൈമണ്ട്‌സ് (117)

ഐപിഎല്ലില്‍ നാലാം നമ്പര്‍ പൊസിഷ നിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രു സൈമണ്ടിന്റെ പേരിലാണ്. 2008ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേയാണ് 117 റണ്‍സെടുത്ത് സൈമണ്ട്‌സ് ചരിത്രത്തില്‍ ഇടംപിടിച്ചത്. പ്രഥമ സീസണില്‍ രാജസ്ഥാനെതിരേ ഡെക്കാന്‍ ചാര്‍ജേഴ്‌സിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്‌സ്.
ഡെക്കാന് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ താരമായി ഇതോടെ സൈമണ്ട്‌സ് മാറിയിരുന്നു. 53 പന്തിലാണ് സൈമണണ്ട്‌സ് അന്ന് 117 റണ്‍സെടുത്തത്. അഞ്ചു വിക്കറ്റിന് ഡെക്കാന്‍ 214 റണ്‍സെടുക്കുകയും ചെയ്തു.
എന്നാല്‍ സൈമണ്ട്‌സിന്റെ ഇന്നിങ്‌സിനും ഡെക്കാനെ രക്ഷിക്കാനായില്ല. ഐപിഎല്ലിലെ ഏറ്റവും വലിയ റണ്‍ചേതായി ഇതു മാറുകയും ചെയ്തു.
ഗ്രേയം സ്മിത്ത്, യൂസഫ് പത്താന്‍ എന്നിവരുടെ ഫിഫ്റ്റികളും മുഹമ്മദ് കൈഫ്, ക്യാപ്റ്റന്‍ ഷെയ്ന്‍ വോണ്‍ എന്നിവരുടെ പ്രകടനവുമാണ് രാജസ്ഥാന് റെക്കോര്‍ഡ് ജയം സമ്മാനിച്ചത്.

 ബെന്‍ സ്‌റ്റോക്‌സ് (103)

ബെന്‍ സ്‌റ്റോക്‌സ് (103)

ഐപിഎല്ലില്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ ശേഷം ഏവരെയും അമ്പരപ്പിച്ച് സെഞ്ച്വറി കണ്ടെത്തിയ താരമാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ റൈസിങ് പൂനെ ജയന്റ്‌സും ഗുജറാത്ത് ലയണ്‍സും തമ്മിലുള്ള തമ്മിലുള്ള മല്‍സരത്തിലാണ് പൂനെയ്ക്കു വേണ്ടടി സ്റ്റോക്‌സിന്റെ സെഞ്ച്വറി നേട്ടം.
രണ്ടാമത് ബാറ്റിങിനിറങ്ങിയ പൂനെ നാലു വിക്കറ്റിന് 42 റണ്‍സെന്ന രീതിയില്‍ പതറുമ്പോഴാണ് സ്‌റ്റോക്‌സ് ക്രീസിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരം കൂടിയായിരുന്ന സ്റ്റോക്‌സ് പിന്നീട് അത് ശരിവയ്ക്കുന്ന ഇന്നിങ്‌സാണ് പുറത്തെടുത്തത്.
പൂനെയുടെ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ 103 റണ്‍സുമായി സ്‌റ്റോക്‌സ് പുറത്താവാതെ ക്രീസിലുണ്ടായിരുന്നു. ഒരു പന്ത് ബാക്കിനില്‍ക്കെ പൂനെ ലക്ഷ്യത്തിലെത്തുകയും ചെയ്തു. 101 റണ്‍സെന്ന ഡേവിഡ് മില്ലറുടെ റെേേക്കാര്‍ഡാണ് സ്‌റ്റോക്‌സ് തിരുത്തിയത്.

രാഹുല്‍ ദ്രാവിഡ് (75)

രാഹുല്‍ ദ്രാവിഡ് (75)

ആറാം നമ്പര്‍ ബാറ്റിങ് പൊസിഷനിലെ രാജാവ് ഇന്ത്യന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡാണ്. 2008ലെ പ്രഥമ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി 75 റണ്‍സെടുത്താണ് ദ്രാവിഡ് ചരിത്രത്തില്‍ ഇടംനേടിയത്. ജയ്പൂരില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേയാണ് ദ്രാവിഡിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് കണ്ടത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒരു വിക്കറ്റിന് 197 റണ്‍സെടുത്തു.
മറുപടി ബാറ്റിങില്‍ ബാംഗ്ലൂര്‍ ഒരു ഘട്ടത്തില്‍ നാലു വിക്കറ്റിന് 31 റണ്‍സെന്ന നിലയിലേക്കു വീണു. എന്നാല്‍ ക്രീസിലെത്തിയ ദ്രാവിഡ് ടീമിനെ മുന്നില്‍ നിന്നു നയിച്ചു. തന്റെ പതിവുശൈലിക്ക് വിപരീതമായി ബൗളര്‍മാരെ ആക്രമിച്ച് റണ്‍സ് നേടുന്ന ദ്രാവിഡിനെയാണ് കണ്ടത്. 36 പന്തിലാണ് അന്ന് ആറു വീതം ബൗണ്ടറികളും സിക്‌സറുകളുമടക്കം അദ്ദേഹം 75 റണ്‍സ് അടിച്ചെടുത്തത്. പക്ഷെ ടീമിനെ ജയത്തിലെത്തിക്കാന്‍ ദ്രാവിഡിനായില്ല. നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 132 റണ്‍സെടുക്കാനെ ബാംഗ്ലൂരിനായുള്ളൂ.

ഇര്‍ഫാന്‍ പത്താന്‍, ഡാരന്‍ സമി (60)

ഇര്‍ഫാന്‍ പത്താന്‍, ഡാരന്‍ സമി (60)

ഏഴാം നമ്പര്‍ പൊസിഷനിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ രണ്ടു പേര്‍ പങ്കിടുകയാണ്. 2010ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേ ഇര്‍ഫാന്‍ പത്താനും 2013ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഡാരന്‍ സമിയുമാണ് 60 റണ്‍സ് നേടി റെക്കോര്‍ഡിട്ടത്.
ഡെക്കാനെതിരേ കിങ്‌സ് ഇലവനു വേണ്ടിയാണ് ഇര്‍ഫാന്‍ മിന്നിയത്. 171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് അഞ്ചു വിക്കറ്റിന് 57 റണ്‍സെന്ന നിലയില്‍ തകര്‍ന്നുനില്‍ക്കെയാണ് ഇര്‍ഫാന്‍ ക്രീസിലെത്തിയത്. 29 പന്തിലാണ് താരം 60 റണ്‍സെടുത്തത്. ഐപിഎല്ലില്‍ ഇര്‍ഫാന്റെ ഏക ഫിഫ്റ്റിയും ഇതു തന്നെയാണ്. അവസാന ഓവറില്‍ ഇര്‍ഫാന്‍ പുറത്തായതോടെ ആറു റണ്‍സിന് പഞ്ചാബ് മല്‍സരത്തില്‍ തോല്‍ക്കുകയും ചെയ്തു.
2013ല്‍ ജയ്പൂരില്‍ രാജസ്ഥാനെതിരേയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനനു വേണ്ടി 60 റണ്‍സെടുത്ത് സമി ഇര്‍ഫാന്റെ റെക്കോര്‍ഡിനൊപ്പമെത്തിയത്. ആറു വിക്കറ്റിന് 29 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഹൈദരാബാദിനെ രക്ഷിച്ചത് സമിയായിരുന്നു. താരത്തിന്റെ ഇന്നിങ്‌സ് ഹൈദരാബാദിനെ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 144 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു. പക്ഷെ മല്‍സരത്തില്‍ രാജസ്ഥാന്‍ ഈ സ്‌കോര്‍ പിന്തുടര്‍ന്നു ജയിച്ചതോടെ സമിയുടെ പോരാട്ടം പാഴായി.

ഹര്‍ഭജന്‍ സിങ് (64)

ഹര്‍ഭജന്‍ സിങ് (64)

താന്‍ ലോകോത്തര സ്പിന്നര്‍ മാത്രമല്ല ഓപ്പണിങ് ബാറ്റ്‌സ്മാനായി കളിക്കാന്‍ യോഗ്യതയുള്ള താരം കൂടിയാണെന്ന് 2015ലെ ഐപിഎല്ലില്‍ ഹര്‍ഭജന്‍ സിങ് തെളിയിച്ചു. എട്ടാം നമ്പറില്‍ ഇറങ്ങി ഭാജി നേടിയ 64 റണ്‍സെന്ന റെക്കോര്‍ഡ് ഇപ്പോഴും തിരുത്തപ്പെട്ടിട്ടില്ല. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയായിരുന്നു ഭാജി ഷോ.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ചു വിക്കറ്റിന് 177 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. മറുപടി ബാറ്റിങില്‍ മുംബൈ ആറു വിക്കറ്റിന് 59 റണ്‍സെന്ന നിലയില്‍ നില്‍ക്കവെയാണ് ഭാജി ക്രീസിലെത്തിയത്. 24 പന്തില്‍ അദ്ദേഹം 64 റണ്‍സ് വാരിക്കൂട്ടിയെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ അതു മതിയായിരുന്നില്ല. ഏഴു വിക്കറ്റിന് 159 റണ്‍സെടുത്ത് മുംബൈ പോരാട്ടം അവസാനിപ്പിച്ചു.

ഹര്‍ഭജന്‍ സിങ് (49)

ഹര്‍ഭജന്‍ സിങ് (49)

എട്ടാം നമ്പറില്‍ മാത്രമല്ല ഒമ്പതാം നമ്പറിലും ഭാജി തന്നെയാണ് താരം. 2010ലെ ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേയാണ് മുംബൈ ഇന്ത്യന്‍സിനായി ഹര്‍ഭജന്‍ 49 റണ്‍സെടുത്ത് റെക്കോര്‍ഡ് കുറിച്ചത്. ഡെക്കാനെതിരേ ആദ്യം ബാറ്റ് ചെയ്ത മുംബൈ 17ാം ഓവറിലെത്തിയപ്പോള്‍ ഏഴു വിക്കറ്റിന് 119 റണ്‍സെന്ന നിലയിലായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (55) മാത്രമാണ് മുംബൈക്കായി തിളങ്ങിയത്.
എന്നാല്‍ ഭാജിയുടെ ഇന്നിങ്‌സ് എല്ലാം മാറ്റിമറിച്ചു. അവസാന 20 പന്തുകളില്‍ 18ഉം അദ്ദേഹമാണ് നേരിട്ടത്. എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 18 പന്തില്‍ ഭാജി 49 റണ്‍സെടുത്തതോടെ മുംബൈ ഏഴു വിക്കറ്റിന് 172 റണ്‍സെന്ന ശക്തമായ നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കുകയും ചെയ്തു.
പിന്നീട് മൂന്നു വിക്കറ്റെടുത്ത് ഭാജി ബൗളിങിലും തിളങ്ങിയതോടെ ഡെക്കാനെ 131 റണ്‍സിന് പുറത്താക്കി മുംബൈ മികച്ച ജയം കരസ്ഥമാക്കുകയും ചെയ്തു.

ധവാല്‍ കുല്‍ക്കര്‍ണി (28)

ധവാല്‍ കുല്‍ക്കര്‍ണി (28)

പത്താം നമ്പറിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് ബൗളര്‍ ധവാല്‍ കുല്‍ക്കര്‍ണിയുടെ പേരിലാണ്.. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് താരം 28 റണ്‍സെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 140 റണ്‍സ് നേടിയിരുന്നു.
മറുപടിയില്‍ രാജസ്ഥാന്‍ എട്ടു വിക്കറ്റിന് 85 റണ്‍സെന്ന ദയനീയ അവസ്ഥയില്‍ നില്‍ക്കവെയാണ് ധവാല്‍ ക്രീസിലെത്തിയത്. 19 പന്തില്‍ താരം 28 റണ്‍സ് നേടിയെങ്കിലും ജയത്തിന് അരികെ രാജസ്ഥാന്‍ കാലിടറി വീണു. 19.5 ഓവറില്‍ 133 റണ്‍സിന് രാജസ്ഥാന്‍ പുറത്താവുകയായിരുന്നു.

മുനാഫ് പട്ടേല്‍ (23)

മുനാഫ് പട്ടേല്‍ (23)

ഇന്ത്യയുടെ മുന്‍ പേസറും രാജസ്ഥാന്‍ റോയലല്‍സിന്റെ താരവുമായിരുന്ന മുനാഫ് പട്ടേലാണ് 11ാമനായി ക്രീസിലെത്തി ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ഐപിഎല്ലില്‍ നേടിയത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേയാണ് 2009ലെ ഐഐപിഎല്ലില്‍ മുനാഫ് 23 റണ്‍സെടുത്ത് റെക്കോര്‍ഡിട്ടത്.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി മൂന്നു വിക്കറ്റിന് 150 റണ്‍സ് നേടിയിരുന്നു. 55 പന്തില്‍ 77 റണ്‍സെടുത്ത എബി ഡിവില്ലിയേഴ്‌സായിരുന്നു ടോപ്‌സ്‌കോറര്‍. മറുപടിയില്‍ രാജസ്ഥാന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഒടുവില്‍ ഒമ്പത് വിക്കറ്റിന് 107 റണ്‍സെന്ന നിലയില്‍ തോല്‍വിയുറപ്പിച്ചിരിക്കെയാണ് മുനാഫ് ക്രീസിലെത്തിയത്. 10 പന്തില്‍ നിന്നും അഞ്ചു ബൗണ്ടറികളടക്കം താരം 23 റണ്‍സ് അടിച്ചെടുത്തു. പക്ഷെ ഒമ്പതു വിക്കറ്റിന് 136 റണ്‍സില്‍ രാജസ്ഥാന്റെ ഇന്നിങ്‌സ് അവസാനിച്ചു.

യുനൈറ്റഡിന് സെവിയ്യയുടെ ഷോക്ക്... ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്, റോമ മുന്നേറി

കണ്ടിട്ടും 'കണ്ടില്ലെന്ന്' നടിക്കുന്ന ബിസിസിഐ... ഇനിയുമെന്ത് നല്‍കണം? ആര്‍ക്കും വേണ്ടാത്ത ഹീറോസ്

ഐപിഎല്‍: ജയിപ്പിക്കാനായി ജനിച്ചവര്‍... ഫൈനലില്‍ ഇവരാണ് ക്യാപ്റ്റനെങ്കില്‍ കപ്പുറപ്പ്!!

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

  Story first published: Wednesday, March 14, 2018, 9:05 [IST]
  Other articles published on Mar 14, 2018
  ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
  POLLS

  myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Mykhel sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Mykhel website. However, you can change your cookie settings at any time. Learn more