'ദാദാ'ഗിരി ധോണിയോട് വേണ്ട... എംഎസ്ഡി വേറെ ലെവല്‍, ഗാംഗുലി ഫാന്‍സിന് അസൂയപ്പെടാം

Written By:

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ നിരവധി മഹാരഥന്‍മാരായ ക്യാപ്റ്റന്‍മാര്‍ ഉണ്ടായിട്ടുണ്ട്. ആദ്യ ലോകകിരീടം സമ്മാനിച്ച കപില്‍ ദേവില്‍ തുടങ്ങി ഇതിഹാസമായി മാറിയ നിരവധി നായകരെ ഇന്ത്യക്കു ലഭിച്ചു. ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോലിയും നേട്ടങ്ങളില്‍ നിന്നും നേട്ടങ്ങളിലേക്ക് ടീമിനെ നയിക്കുകയാണ്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാരെന്ന ചോദ്യത്തിന് കൂടുതല്‍ പേരുടെയും ഉത്തരം സൗരവ് ഗാംഗുലി, എംഎസ് ധോണി എന്നായിരിക്കും. കാരണം കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യക്കു ഇത്രയുമധികം നേട്ടങ്ങള്‍ സമ്മാനിച്ച മറ്റു ക്യാപ്റ്റന്‍മാരില്ല. എന്നാല്‍ ക്യാപ്റ്റനന്നെ നിലയില്‍ ധോണിക്കു മാത്രം അവകാശപ്പെട്ടതും ഗാംഗുലിക്കു നേടാന്‍ കഴിയാത്തതുമായ ചിലതുണ്ട്. അത്തരത്തിലുള്ള ധോണി എക്‌സ്‌ക്ലൂസിവ്‌സ് എന്തൊക്കെയെന്നു നോക്കാം.

ഐപിഎല്‍ കിരീടം

ഐപിഎല്‍ കിരീടം

ഇന്ത്യന്‍ ക്യാപ്റ്റനെന്ന പദവി കൂടാതെ ഐപിഎല്‍ നായകനെന്ന നിലയിലും ധോണി പല നേട്ടങ്ങളിലും പങ്കാളിയായിട്ടുണ്ട്. ഗാംഗുലിയുടെ കരിയറിന്റെ അവസാന കാലത്താണ് ഐപിഎല്‍ ആരംഭിച്ചത് എന്നത് മറക്കുന്നില്ല. എങ്കിലും ഐപിഎല്ലിലും ധോണി വിജയിക്കുകയെന്ന ശീലം മാറ്റിയില്ലെന്നതാണ് ശ്രദ്ധേയം.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ നയിച്ച ധോണി 2010,11 വര്‍ഷങ്ങളില്‍ ടീമിനു കിരീടവും സമ്മാനിച്ചു. ഇടയ്ക്ക് രണ്ടു വര്‍ഷം ചെന്നൈയെ ഐപിഎല്ലില്‍ നിന്നും വിലക്കിയില്ലായിരുന്നെങ്കില്‍ ധോണിയുടെ നേട്ടങ്ങള്‍ ഇനിയുമുണ്ടാവുമായിരുന്നു.
മറുഭാഗത്ത് ഗാംഗുലിയാവട്ടെ തന്റെ നാട്ടില്‍ നിന്നു തന്നെയുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയും പിന്നെ പൂനെ വാരിയേഴ്‌സിനെയും നയിച്ചെങ്കിലും ദേശീയ ടീമിനൊപ്പമുണ്ടാക്കിയ വിജയക്കുതിപ്പ് നടത്താന്‍ സാധിച്ചില്ല.

നൂസിലന്‍ഡിലും വിന്‍ഡീസിലും ടെസ്റ്റ് പരമ്പരകള്‍

നൂസിലന്‍ഡിലും വിന്‍ഡീസിലും ടെസ്റ്റ് പരമ്പരകള്‍

ധോണിക്കു കീഴില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ്വനേട്ടങ്ങളാണ് ഇന്ത്യ കൈവരിച്ചിട്ടുള്ളത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീവിടങ്ങളില്‍ 2011, 12 വര്‍ഷങ്ങളില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വിയേറ്റുവാങ്ങിയതിന്റെ പേരില്‍ ധോണി പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ രണ്ടു പരമ്പരകളും മാറ്റിനിര്‍ത്തിയാല്‍ വിദേശത്ത് ശ്രദ്ധേയമായ പ്രകടനമാണ് ടെസ്റ്റില്‍ ഇന്ത്യ നടകത്തിയിട്ടുള്ളത്.
2009ല്‍ ധോണിയുടെ നായകത്വത്തില്‍ ന്യൂസിലന്‍ഡില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ 42 വര്‍ഷത്തിനിടെ ന്യൂസിലന്‍ഡില്‍ ഇന്ത്യയുടെ കന്നി ടെസ്്റ്റ് പരമ്പര നേട്ടം കൂടിയായിരുന്നു ഇത്. രണ്ടു വര്‍ഷത്തിനു ശേഷം വെസ്റ്റ് ഇന്‍ഡീസിലും ഇന്ത്യ ചരിത്ര വിജയം കുറിച്ചിരുന്നു. ഗാംഗുലിയുടെ കാലത്ത് ഇവിടെയൊന്നും ഇന്ത്യക്കു പരമ്പര നേടാനായിരുന്നില്ല.
2002ല്‍ ഗാംഗുലിക്കു കീഴില്‍ ഇന്ത്യ ന്യൂസിലന്‍ഡില്‍ പര്യടനം നടത്തിയിരുന്നു. പക്ഷെ ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ ഇന്ത്യ തോല്‍ക്കുകയായിരുന്നു. വളരെ മോശം പിച്ചിലാണ് ഇന്ത്യക്ക് അവിടെ കളിക്കേണ്ടിവന്നത്. ഇതും ഇന്ത്യക്കു തിരിച്ചടിയായി.

ഓസീസ് വൈറ്റ് വാഷ്

ഓസീസ് വൈറ്റ് വാഷ്

2011 ജൂലൈ മുതല്‍ 2014 ഡിസംബര്‍ വരെ ഇന്ത്യന്‍ ക്രിക്കറ്റിന് അത്ര നല്ല കാലമായിരുന്നില്ല. വിദേശത്തും നാട്ടിലും ടീമിനു ചില തിരിച്ചടികള്‍ നേരിട്ടിരുന്നു. 2012 നവംബറില്‍ ഇംഗ്ലീഷ് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയിരുന്നു. നാലു ടെസ്റ്റുകളുടെ പരമ്പര സ്വന്തം നാട്ടില്‍ വച്ച് ഇന്ത്യക്ക് 1-2ന് അടിയറവ് വയ്‌ക്കേണ്ടിവന്നു.
ഇതോടെ 2013ല്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനം ധോണിക്ക് അഗ്നിപരീക്ഷയായി മാറി. എന്നാല്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിയുടെ ക്ഷീണം കംഗാരുക്കള്‍ക്കെതിരേ ഇന്ത്യ തീര്‍ക്കുകയായിരുന്നു. പരമ്പരയിലെ നാലു ടെസ്റ്റുകളും ജയിച്ച് ഇന്ത്യ 4-0ന്റെ വൈറ്റ് വാഷ് പൂര്‍ത്തിയാക്കി. ധോണിയെ സംബന്ധിച്ചിടത്തോളം ഈ പരമ്പര വിജയം ഏറെ നിര്‍ണായകമാവുകയും ചെയ്തു.
എന്നാല്‍ ഗാംഗുലിക്കു കീഴില്‍ ഇന്ത്യക്ക് ഓസീസിനെതിരേ ഒരു പരമ്പരയില്‍ സമ്പൂര്‍ണ ജയം നേടാനായിട്ടില്ല. 2001ല്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയായിരുന്നു ധോണിയുടെ കരിയറിലെ പൊന്‍തൂവല്‍. അന്ന് വിവിഎസ് ലക്ഷ്മണിനെ ബാറ്റിങില്‍ മൂന്നാമനായി ഇറക്കാനുള്ള തീരുമാനം ഗാംഗുലിയുടേതായിരുന്നു. ഈ പരീക്ഷണം വിജയമാവുകയും ചെയ്തു.

 ടെസ്റ്റില്‍ ഒന്നാംറാങ്ക്

ടെസ്റ്റില്‍ ഒന്നാംറാങ്ക്

ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത് ധോണി ക്യാപ്റ്റനായിരുന്നപ്പോഴാണ്. നിര്‍ഭാഗ്യവശാല്‍ ഗാംഗുലിക്ക് ഈ ഭാഗ്യവുമുണ്ടായിട്ടില്ല. 2008ല്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുടെ നായകത്വത്തിലാണ് ഇന്ത്യ ഒന്നാം റാങ്കിലേക്കു പ്രയാണം ആരംഭിച്ചത്. എന്നാല്‍ കുംബ്ലെയുടെ വിരമിക്കലിനു ശേഷം 2009ല്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ ഒന്നാംസ്ഥനത്തെത്തി.
ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന പരമ്പരയില്‍ 2-0ന് ജയിച്ചതോടെയാണ് ഇന്ത്യ നമ്പര്‍ വണ്‍ ടീമായി മാറിയത്. ടെസ്റ്റിലെ ഒന്നാംസ്ഥാനക്കാരെന്ന ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ് ഇതോടെ അവസാനിച്ചത്.
2002- 05 കാലത്ത് ഗാംഗുലിയുടെ കീഴില്‍ ഇന്ത്യ ചില അവിസ്മരണീയ പ്രകടനങ്ങള്‍ നടത്തിയിരുന്നെങ്കിലും അപ്പോഴൊന്നും ഒന്നാം റാങ്കിലേക്കുയരാന്‍ സാധിച്ചിരുന്നില്ല. ഓസ്‌ട്രേലിയയുടെ സുവര്‍ണ തലമുറ ക്രിക്കറ്റിനെ അടക്കി ഭരിച്ച കാലഘട്ടം കൂടിയായതിനാല്‍ ഇന്ത്യക്ക് ഒരിക്കലും തലപ്പത്തേക്കു കയറാനായില്ല.

 ഏകദിന ലോകകിരീടം

ഏകദിന ലോകകിരീടം

കപില്‍ ദേവിന്റെ ചെകുത്താന്‍ ലോകകിരീടമുയര്‍ത്തിയ ശേഷം മറ്റൊരു വിശ്വകിരീടത്തിനായുള്ള ഇന്ത്യയുടെ 28 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചത് ധോണിയാണ്. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച താരവും ഇന്ത്യന്‍ ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറെ ലോകകപ്പ് നേട്ടത്തോടെ വിരമിക്കാന്‍ സഹായിച്ചതും ധോണിയാണ്.
2011 ഏപ്രില്‍ രണ്ടിന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്താണ് ധോണിപ്പട ചരിത്രത്തില്‍ ഇടംപിടിച്ചത്. അന്നു ധോണിയാണ് തകര്‍പ്പന്‍ സിക്‌സറിലൂടെ ഫൈനലില്‍ ഇന്ത്യയുടെ വിജയറണ്‍സ് നേടിയത്.
നേരത്തേ ഗാംഗുലിക്കും ലോകകിരീടം നേടാനുള്ള സുവര്‍ണാവസരം ലഭിച്ചിരുന്നു. പക്ഷെ കപ്പിനരികെ ഇന്ത്യക്കു കാലിടറുകയായിരുന്നു. 2003ലെ ലോകകപ്പിലായിരുന്നു ഇത്. എന്നാല്‍ ഓസ്‌ട്രേലിയയുടെ ബാറ്റിങ് താണ്ഡവത്തിനു മുന്നില്‍ ദാദയ്ക്കും സംഘത്തിനും മറുപടിയുണ്ടായിരുന്നില്ല. ഓസീസ് ഉയര്‍ത്തിയ 360 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 234ന് പുറത്താവുകയായിരുന്നു.

ആഴ്‌സനല്‍ വിജയവഴിയില്‍... ലിവര്‍പൂളിനെ പിന്തള്ളി ടോട്ടനത്തിന്റെ കുതിപ്പ്, യുവന്‍റസ് മുന്നേറി

പേരിലെന്ത് കാര്യം? ഇവര്‍ ചോദിക്കുന്നു... പേര് മാറ്റിയപ്പോള്‍ തലവരയും മാറിയ താരങ്ങള്‍

ഷമി മാത്രമല്ല, ബലാല്‍സംഗം, കൊലപാതകം, മര്‍ദ്ദനം... കേസില്‍ പെട്ട ക്രിക്കറ്റര്‍മാര്‍ ഇനിയുമുണ്ട്

Story first published: Monday, March 12, 2018, 9:13 [IST]
Other articles published on Mar 12, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍