IPL 2026: ഞാൻ നിരാശനാണ്! പഞ്ചാബ് താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് റിക്കി പോണ്ടിംഗ്; പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് കരിനിഴൽ!
ഐപിഎൽ 2026-ൽ പ്ലേ ഓഫ് ലക്ഷ്യമിട്ടിറങ്ങിയ പഞ്ചാബ് കിംഗ്‌സിനെ (PBKS) ഡൽഹി ക്യാപിറ്റൽസ് (DC) അട്ടിമറിച്ചതിന് പിന്നാലെ പഞ്ചാബ് പാളയത്തിൽ പൊട്ടിത്തെറി. തുടർച്ചയായ നാലാം തോൽവിയോടെ പ്ലേ ഓഫ് പ്രതീക്ഷകൾ തുലാസിലായ പഞ്ചാബ് ടീമിന്റെ ബൗളിംഗിനെയും ഫീൽഡിംഗിനെയും രൂക്ഷമായ ഭാഷയിലാണ് കോച്ച് റിക്കി പോണ്ടിംഗ് വിമർശിച്ചത്.
"ഇങ്ങനെയാണെങ്കിൽ ജയിക്കാൻ പ്രയാസം"; പോണ്ടിംഗിന്റെ തുറന്നടി!
മത്സരശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ റിക്കി പോണ്ടിംഗ് തന്റെ അതൃപ്തി ഒട്ടും മറച്ചുവെച്ചില്ല. "തോൽവി അങ്ങേയറ്റം വിഷമമുണ്ടാക്കുന്നു. സത്യസന്ധമായി പറഞ്ഞാൽ ഞാൻ വളരെ നിരാശനാണ്. സീസണിന്റെ തുടക്കം മുതൽ നമ്മുടെ ബൗളിംഗിന് വേണ്ടത്ര ആക്രമണവീര്യമില്ല. ഫീൽഡിംഗിലാകട്ടെ, മിക്ക മത്സരങ്ങളിലും ക്യാച്ചുകൾ കൈവിട്ടും പിഴവുകൾ വരുത്തിയും എതിരാളികൾക്ക് നമ്മൾ അവസരങ്ങൾ സമ്മാനിക്കുകയാണ്. ഇത്തരത്തിലാണ് ഫീൽഡിംഗ് തുടരുന്നതെങ്കിൽ മത്സരങ്ങൾ ജയിക്കുക പ്രയാസകരമാകും. നിർണ്ണായക നിമിഷങ്ങളിൽ ക്യാച്ചുകൾ എടുത്തേ തീരൂ. ക്രിക്കറ്റിൽ ബാറ്റിംഗും ബൗളിംഗും പോലെ തന്നെ പ്രധാനമാണ് ഫീൽഡിംഗും. ഫീൽഡിംഗ് മോശമായാൽ മറ്റൊന്നും ഗുണം ചെയ്യില്ല. ബൗളർമാരും ഉത്തരവാദിത്തം ഏറ്റെടുക്കണം," പോണ്ടിംഗ് വ്യക്തമാക്കി.

"ഫീൽഡിംഗിലെ പിഴവുകൾ ഒരു വൈറസായി മാറി"
ടീമിനുള്ളിലെ അച്ചടക്കമില്ലായ്മയെ 'വൈറസ്' എന്നാണ് പോണ്ടിംഗ് വിശേഷിപ്പിച്ചത്. ലളിതമായ ക്യാച്ചുകൾ കൈവിടുന്നതും അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതും ടീമിനെ ഒന്നടങ്കം തളർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിരന്തരം ക്യാച്ചുകൾ കൈവിടുന്നത് കളിക്കാരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ടെന്നും ബൗളിംഗിൽ സമ്മർദ്ദം സൃഷ്ടിക്കാൻ ടീമിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒഴികഴിവുകൾ പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഇതിലും മികച്ച പ്രകടനം ടീം കാഴ്ചവെക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
"കണ്ണാടിയിൽ നോക്കി സ്വയം വിലയിരുത്തണം"; ശ്രേയസ് അയ്യർ
നായകൻ ശ്രേയസ് അയ്യർക്കും പറയാനുണ്ടായിരുന്നത് സമാനമായ കാര്യങ്ങൾ തന്നെയായിരുന്നു. "തുടർച്ചയായ നാലാം തോൽവി ദഹിക്കാൻ പ്രയാസമുള്ളതാണ്. സ്വന്തം തെറ്റുകളിൽ നിന്ന് നമ്മൾ പാഠം പഠിക്കുന്നില്ല. ലളിതമായ ക്യാച്ചുകൾ കൈവിടുന്നതും നിർണ്ണായക ഘട്ടങ്ങളിൽ മോശമായി ബൗൾ ചെയ്യുന്നതും അംഗീകരിക്കാനാവില്ല. ഫീൽഡിംഗിലെ അലസത കാരണം ഒരുപാട് റണ്ണുകൾ നമ്മൾ വിട്ടുകൊടുത്തു. നമ്മൾ ഓരോരുത്തരും കണ്ണാടിയിൽ നോക്കി സ്വന്തം പിഴവുകൾ വിലയിരുത്തേണ്ട സമയമാണിത്," ശ്രേയസ് പറഞ്ഞു.
പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകൾ
ഡൽഹിക്കെതിരായ ഈ തോൽവിയോടെ 11 മത്സരങ്ങളിൽ നിന്ന് 13 പോയിന്റിൽ പഞ്ചാബ് കിംഗ്‌സ് നിൽക്കുകയാണ്. പ്ലേ ഓഫ് ഉറപ്പിക്കാൻ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണമെങ്കിലും അവർക്ക് ജയിക്കേണ്ടതുണ്ട്. എന്നാൽ ഫീൽഡിംഗിലും ബൗളിംഗിലും ഇത്തരത്തിലുള്ള പിഴവുകൾ തുടർന്നാൽ പഞ്ചാബിന്റെ കിരീട സ്വപ്നങ്ങൾ ഇത്തവണയും വഴിമുട്ടും. പ്ലേ ഓഫ് റേസിൽ പഞ്ചാബിനൊപ്പം തന്നെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും തൊട്ടരികിലുണ്ട്. ഇരു ടീമുകൾക്കും 11 മത്സരങ്ങളിൽ നിന്നും 12 പോയിന്റുകളാണ് ഉള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications