IPL 2026: സഞ്ജുവിനൊപ്പം അവൻ ഓപ്പൺ ചെയ്യട്ടെ, പവർപ്ലേയിൽ തന്നെ സിഎസ്കെ കളി തൂക്കും! നിരീക്ഷണവുമായി അശ്വിൻ
ഐപിഎല്ലിന്റെ ഓരോ ഘട്ടത്തിലും വൈറലാകുന്ന പ്രവചനങ്ങൾ നടത്തിയ ക്രിക്കറ്റ് നിരീക്ഷകരിൽ പ്രധാനിയാണ് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ടൂർണമെന്റിന്റെ തുടക്കം മുതലേ അശ്വിന്റെ പ്രവചനങ്ങളും നിരീക്ഷണങ്ങളും ശരിയെന്ന രീതിയിൽ അംഗീകരിക്കപ്പെട്ടതാണ്. ഇപ്പോഴിതാ, ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാവിയെക്കുറിച്ചും ഇനി ടീമിൽ വരുത്താൻ സാധിക്കുന്ന മാറ്റത്തെക്കുറിച്ചും അദ്ദേഹം വാചാലനാവുകയാണ്.
ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ബാറ്റിംഗ് ഓർഡറിൽ വിപ്ലവകരമായ ഒരു മാറ്റത്തിന് സമയമായെന്നാണ് മുൻ ഇന്ത്യൻ സ്പിൻ താരം ആർ. അശ്വിൻ പറയുന്നത്. നേരത്തെ ഋതുരാജ് ഗെയ്‌ക്‌വാദും സഞ്ജു സാംസണും ഓപ്പൺ ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാൽ ഉർവിൽ പട്ടേലിന്റെ വെടിക്കെട്ട് ബാറ്റിംഗ് കണ്ടതോടെ തന്റെ തീരുമാനം മാറിയെന്നും അശ്വിൻ പറഞ്ഞു. സഞ്ജുവും ഉർവിലും ചേർന്ന് ഇന്നിംഗ്‌സ് ഓപ്പൺ ചെയ്താൽ പവർപ്ലേയിൽ തന്നെ ചെന്നൈ എതിരാളികളെ തകർക്കുമെന്ന് അശ്വിൻ നിരീക്ഷിക്കുന്നു.

ഉർവിൽ പട്ടേൽ: ലഖ്‌നൗവിനെ വിറപ്പിച്ച ആ 23 പന്തുകൾ!
ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ കഴിഞ്ഞ മത്സരത്തിൽ ചെന്നൈയുടെ വിജയശില്പിയായത് ഉർവിൽ പട്ടേലായിരുന്നു. വെറും 23 പന്തിൽ 65 റൺസാണ് ഉർവിൽ അടിച്ചുകൂട്ടിയത്. അതിൽ 8 സിക്സറുകളും 2 ഫോറുകളും ഉൾപ്പെടുന്നു. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ചുറികളിൽ ഒന്നാണ് ഉർവിൽ കുറിച്ചത്.
"ഉർവിൽ പവർപ്ലേയിൽ ഒരു 15-20 പന്തുകൾ നേരിടുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. വെറും രണ്ട് ഫീൽഡർമാർ മാത്രം പുറത്തുള്ളപ്പോൾ ഉർവിൽ ബാറ്റ് ചെയ്താൽ പവർപ്ലേയിൽ തന്നെ ചെന്നൈയുടെ സ്കോർ എവിടെയെത്തും? സഞ്ജുവും ഉർവിലും ചേർന്നുള്ള ഓപ്പണിംഗ് സഖ്യം എതിരാളികൾക്ക് വലിയ തലവേദനയാകും," അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി.
പഞ്ചാബിന്റെ വീഴ്ചയും ചെന്നൈയുടെ കുതിപ്പും
പ്ലേ ഓഫ് പോരാട്ടത്തിൽ ചെന്നൈയ്ക്ക് വലിയ ആശ്വാസം നൽകുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പ്ലേ ഓഫ് റേസിൽ ചെന്നൈയ്ക്ക് വലിയ വെല്ലുവിളിയായിരുന്ന പഞ്ചാബ് കിംഗ്‌സ് ഡൽഹി ക്യാപിറ്റൽസിനോട് പരാജയപ്പെട്ടു. ഈ തോൽവിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റു. 11 മത്സരങ്ങളിൽ നിന്ന് 13 പോയിന്റിൽ പഞ്ചാബ് നിൽക്കുമ്പോൾ, അതേ മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ചെന്നൈയ്ക്ക് വരാനിരിക്കുന്ന മത്സരങ്ങൾ വിജയിച്ചാൽ പഞ്ചാബിനെ മറികടന്ന് ആദ്യ നാലിൽ ഇടം പിടിക്കാം.
നിലവിൽ ചെന്നൈയ്ക്ക് 3 മത്സരങ്ങളാണ് ബാക്കിയുള്ളത്. ഇതിൽ രണ്ടെണ്ണം വിജയിച്ചാൽ 16 പോയിന്റോടെ ചെന്നൈയ്ക്ക് പ്ലേ ഓഫ് സുരക്ഷിതമാക്കാം. നായകൻ ഋതുരാജ് മൂന്നാം നമ്പറിലേക്ക് ഇറങ്ങുകയും സഞ്ജു-ഉർവിൽ സഖ്യം ഓപ്പൺ ചെയ്യുകയും ചെയ്താൽ ചെന്നൈയുടെ പ്ലേ ഓഫ് പാത കൂടുതൽ സുഗമമാകുമെന്നാണ് ആരാധകരും കരുതുന്നത്. മെയ് 15-ന് ലഖ്‌നൗവിനെതിരെ നടക്കുന്ന രണ്ടാം പോരാട്ടത്തിൽ ഈ പുതിയ പരീക്ഷണം കാണാൻ സാധിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications