അരങ്ങേറ്റക്കാരെന്ന് വില കുറച്ച് കാണേണ്ട... ഇവര്‍ എന്തിനും പോന്നവര്‍!! ആരാവും അദ്ഭുത താരം

Written By:

ദില്ലി: ഐപിഎല്ലില്‍ പുതിയൊരു സീസണ്‍ കൂടി ഏപ്രില്‍ നടക്കാനിരിക്കുകയാണ്. ഇത്തവണത്തെ താരലേലത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു വേണ്ടി മാത്രമല്ല പല വിദേശ താരങ്ങള്‍ക്കു വേണ്ടിയുെ ഫ്രാഞ്ചൈസികള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് കണ്ടത്. അത്ര പ്രശസ്തരല്ലാത്ത ചില വിദേശ താരങ്ങളും വന്‍ വിലയ്ക്കു ലേലത്തില്‍ വിറ്റുപോയി.

പല വിദേശ താരങ്ങളുടെയും കന്നി ഐപിഎല്‍ സീസണ്‍ കൂടിയാണ് വരാനിരിക്കുന്നത്. അരങ്ങേറ്റത്തില്‍ തന്നെ തങ്ങളുടെ സാന്നിധ്യമറിയിക്കാമെന്ന പ്രതീക്ഷയിലാണ് ഈ താരങ്ങള്‍. അരങ്ങേറ്റ സീസണില്‍ തന്നെ കസറാന്‍ ശേഷിയുള്ള അഞ്ചു വിദേശ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

മോയിന്‍ അലി

മോയിന്‍ അലി

നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ഇംഗ്ലണ്ട് ടീമിലെ സ്ഥിരസാന്നിധ്യമായ മോയിന്‍ അലിക്ക് ഐപിഎല്ലില്‍ ഇതു അരങ്ങേറ്റ സീസണാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ പ്രതിഭ തെളിയിച്ചു കഴിഞ്ഞ അലിക്ക് ഐപിഎല്ലിലും വലിയ വെല്ലുവിളിയൊന്നും ഉണ്ടാവാനിടയില്ല. അതുകൊണ്ടു തന്നെ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട അരങ്ങേറ്റ വിദേശ താരം കൂടിയാണ് അദ്ദേഹം.
ഈ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയാണ് അലി കൡക്കുക. 1.7 കോടി രൂപയ്ക്കാണ് കോലി നയിക്കുന്ന ആര്‍സിബി അലിയെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.
ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ മിടുക്കനായ അലി മികച്ച ബൗളര്‍ കൂടിയാണ്. സീസണില്‍ ബാംഗ്ലൂരിന്റെ നിര്‍ണായക താരങ്ങളിലൊരാളായി അദ്ദേഹം മാറുമെന്നതില്‍ സംശയമില്ല.

മിച്ചെല്‍ സാന്റ്‌നര്‍

മിച്ചെല്‍ സാന്റ്‌നര്‍

കഴിഞ്ഞ സീസണിലെ താരലേലത്തില്‍ ഒരുടീമും വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്ന താരമാണ് ന്യൂസിലന്‍ഡ് താരം മിച്ചെല്‍ സാന്റ്‌നര്‍. 2016ല്‍ ഇന്ത്യയില്‍ നടന്ന ട്വന്റി20 ലോകകപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചിട്ടും ലേലത്തില്‍ സാന്റ്‌നര്‍ തഴയപ്പെട്ടത് പലെയും അദ്ഭുതപ്പെടുത്തിയിരുന്നു.
എന്നാല്‍ സീസണില്‍ അതുണ്ടായില്ല. താരത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞ ചെന്നൈ സൂപ്പര്‍ കിങ്‌സ് 50 ലക്ഷം രൂപയ്ക്ക് സാന്റ്‌നറെ തങ്ങളുടെ ടീമിലെത്തിക്കുകയായിരുന്നു. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കനായ ബൗളറായ സാന്റ്‌നര്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് ഇന്നി്ങ്‌സുകള്‍ കളിക്കാനും കേമനാണ്.

ഡാര്‍സി ഷോര്‍ട്ട്

ഡാര്‍സി ഷോര്‍ട്ട്

ഓസ്‌ട്രേലിയന്‍ ബാറ്റിങിലെ പുത്തന്‍ സെന്‍സേഷനാണ് ഓപ്പണര്‍ ഡാര്‍സി ഷോര്‍ട്ട്. ഓസട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ട്വന്റി20 ടൂര്‍ണമെന്റിലെ വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെയാണ് ഷോര്‍ട്ട് ശ്രദ്ധിക്കപ്പെടുന്നത്. ഇതേ തുടര്‍ന്ന് ഓസീസ് ട്വന്റി20 ടീമിലേക്കും താരം തിരഞ്ഞെടുക്കപ്പെട്ടു.
ഓസീസിനായി വെറും അഞ്ചു മല്‍സരങ്ങളില്‍ നിന്നും 149.62 സ്‌ട്രൈക്ക് റേറ്റില്‍ 196 റണ്‍സ് ഇടംകൈയന്‍ ബാറ്റ്‌സ്മാനായ ഡാര്‍സി നേടിക്കഴിഞ്ഞു. ഇടംകൈയന്‍ സ്പിന്നറായും ഉപയോഗിക്കാവുന്ന താരമാണ് അദ്ദേഹം.
ഇത്തവണത്തെ ലേലത്തില്‍ നാലു കോടി രൂപയ്ക്കു രാജസ്ഥാന്‍ റോയല്‍സാണ് ഡാര്‍സിയെ സ്വന്തമാക്കിയത്. നാട്ടുകാരനും ദേശീയ ടീം ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്തിനു കീഴിലാണ് ഷോര്‍ട്ട് രാജസ്ഥാന്‍ ടീമിലും കളിക്കുകയെന്നതാണ് മറ്റൊരു പ്രത്യേകത.

എവിന്‍ ലൂയിസ്

എവിന്‍ ലൂയിസ്

ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്‌ലിനു ശേഷം വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങിലെ അടുത്ത കണ്ടുപിടുത്തമാണ് എവിന്‍ ലൂയിസ്. ഗെയ്ല്‍, ഡ്വയ്ന്‍ ബ്രാവോ, കിരോണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ അഭാവത്തില്‍ അടുത്തിടെ വിന്‍ഡീസ് ടീമിലെ സജീവസാന്നിധ്യമായി ലൂയിസ് മാറിയിരുന്നു.
14 ട്വന്റി20 മല്‍സരങ്ങള്‍ വിന്‍ഡീസിനു വേണ്ടി കളിച്ചിട്ടുള്ള ലൂയിസ് രണ്ടു സെഞ്ച്വറികളും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. 26 കാരനായ താരത്തെ മുംബൈ ഇന്ത്യന്‍സാണ് ഇത്തവണ ലേലത്തില്‍ 3.8 കോടി രൂപയ്ക്കു സ്വന്തമാക്കിയത്.

ജോഫ്ര ആര്‍ച്ചര്‍

ജോഫ്ര ആര്‍ച്ചര്‍

എവിന്‍ ലൂയിസിനെ പോലെ തന്നെ വിന്‍ഡീസിന്റെ മറ്റൊരു കണ്ടുപിടുത്തമാണ് ജോഫ്ര ആര്‍ച്ചര്‍. താരത്തിനായി രാജസ്ഥാന്‍ റോയല്‍സിനു 7.2 കോടി ചെലവഴിക്കേണ്ടി വന്നുവെന്നതു തന്നെ മറ്റു ഫ്രാഞ്ചൈസികള്‍ താരത്തിനായി എത്ര മാത്രം പിടിവലി നടത്തിയെന്നതിനു തെളിവാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു മല്‍സരം പോലും കളിച്ചിട്ടില്ലെങ്കിലും ജോഫ്രയുടെ പ്രതിഭയെ ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്.
ബിഗ് ബാഷ് ട്വന്റി20 ടൂര്‍ണമെന്റിന്റെ മറ്റൊരു കണ്ടെത്തലാണ് 22 കാരനായ ആര്‍ച്ചര്‍. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങുന്ന ആര്‍ച്ചര്‍ രാജസ്ഥാന്റെ തുറുപ്പുചീട്ടുകളിലൊന്നായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജീവിതലക്ഷ്യം ഒന്നു മാത്രം... നടന്നാല്‍ ഇന്ത്യ തന്നെ അടിമുടി മാറും, സ്വപ്‌നം വെളിപ്പെടുത്തി കോലി

'ഗസ്റ്റ്' റോളിലെത്തി ഹീറോയായി!! അവസരങ്ങള്‍ കുറഞ്ഞിട്ടും ഇങ്ങനെ, ഇവരാണ് യഥാര്‍ഥ സൂപ്പര്‍ താരങ്ങള്‍

പ്രായത്തിലല്ല, കളിയിലാണ് കാര്യം... ഇവരത് തെളിയിച്ചു, റാഷിദ് മുതല്‍ സച്ചിന്‍ വരെ

Story first published: Sunday, March 4, 2018, 8:56 [IST]
Other articles published on Mar 4, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍