ഐപിഎല്‍: ബ്രാവോ ചെന്നൈ!! സൂപ്പര്‍ കിങ്‌സിന്റെ അവിസ്മരണീയ തിരിച്ചുവരവ്, ചാംപ്യന്‍മാര്‍ വീണു

Written By:
Chennaiക്ക് നാടകീയ വിജയം, Bravo വിജയശില്പി | Oneindia Malayalam

മുംബൈ: ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരം നിരാശപ്പെടത്തിയില്ല. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ത്രില്ലറില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍കിങ്‌സിന് ത്രസിപ്പിക്കുന്ന ജയം. രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ഐപിഎല്ലിലേക്കു ചെന്നൈയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. ഒരു പന്ത് ബാക്കിനില്‍ക്കെ ഒരു വിക്കറ്റിനാണ് ചെന്നൈ ജയിച്ചുകയറിയത്. 166 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ ഒരു ഘട്ടത്തില്‍ എട്ടിന് 118 റണ്‍സെന്ന നിലയിലേക്കു വീണിരുന്നു. എന്നാല്‍ ഡ്വയ്ന്‍ ബ്രാവോയുടെ (68) അവിശ്വസനീയ പ്രകടനം ചെന്നൈയെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നു. വെറും 30 പന്തില്‍ മൂന്നു ബൗണ്ടറികളും ഏഴു സിക്‌സറുമടങ്ങിയതായിരുന്നു ബ്രാവോയുടെ ഇന്നിങ്‌സ്.

1

അമ്പാട്ടി റായുഡു (22), ഷെയ്ന്‍ വാട്‌സന്‍ (16), സുരേഷ് റെയ്‌ന (4), ക്യാപ്റ്റന്‍ എംഎസ് ധോണി (5), രവീന്ദ്ര ജഡേജ (12), ദീപക് ചഹര്‍ (0), ഹര്‍ഭജന്‍ സിങ് (8), മാര്‍ക് വവുഡ് (1) എന്നിവരെല്ലാം നിരാശപ്പെടുത്തിയെങ്കിലും ബ്രാവോയുടെ വണ്‍മാന്‍ ഷോ ചെന്നൈക്ക് ജയം സമ്മാനിക്കുകയായിരുന്നു. 24 റണ്‍സോടെ പുറത്താവാതെ നിന്ന കേദാര്‍ ജാദവാണ് ചെന്നൈയുടെ ജയം പൂര്‍ത്തിയാക്കിയത്. ഐപിഎല്ലിലെ അരങ്ങേറ്റ മല്‍സരം കളിച്ച യുവ സ്പിന്നര്‍ മയാങ്ക് മര്‍കാന്‍ഡെയും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ചെന്നൈ ബാറ്റിങ് നിരയില്‍ നാശം വിതച്ചത്. മര്‍ക്കാന്‍ഡെ മൂന്നു വിക്കറ്റെടുത്തപ്പോള്‍ പാണ്ഡ്യക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

2

നേരത്തേ മികച്ച ബൗളിങിലൂടെ മുംബൈയെ ചെന്നൈ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തുകയായിരുന്നു. നാലു വിക്കറ്റിന് 165 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത മുംബൈക്കു നേടാനായത്. തുടക്കത്തില്‍ പതറിയ മുംബൈയെ മധ്യനിരയുടെ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. സൂര്യകുമാര്‍ യാദവ്-ഇഷാന്‍ കിഷന്‍ ജോടിയാണ് മുംബൈയെ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും രക്ഷിച്ചത്. യാദവ് 43 റണ്‍സെടുത്തു പുറത്തായപ്പോള്‍ കിഷന്‍ 40 റണ്‍സെടുത്തു മടങ്ങി. 29 പന്തുകളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങിയതായിരുന്നു യാദവിന്റെ ഇന്നിങ്‌സ്. കിഷന്‍ 29 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും നേടി.

3

ക്രുനാല്‍ പാണ്ഡ്യ (41*) സഹോദരന്‍ ഹര്‍ദിക് പാണ്ഡ്യ (22*) എന്നിവര്‍ പുറത്താവാതെ നിന്നു. 22 പന്തുകളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 41 റണ്‍സെടുത്ത ക്രുനാലാണ് മുംബൈയെ 150 കടത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), എവിന്‍ ലൂയിസ് (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ചെന്നൈക്കു വേണ്ടി ഷെയ്ന്‍ വാട്‌സന്‍ രണ്ടു വിക്കറ്റെടുത്തു.

വെസ്റ്റ് ഇന്‍ഡീസിന്റെ അപകടകാരിയായ താരം എവിന്‍ ലൂയിസാണ് മുംബൈ നിരയില്‍ ആദ്യം പുറത്തായത്. താരത്തെ ദീപ്ക ചഹര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. രോഹിത്താണ് (15) പിന്നീട് ക്രീസ് വിട്ടത്. വാടസന്റെ ബൗളിങില്‍ രോഹിത്തിനെ മുന്‍ സഹതാരം അമ്പാട്ടി റായുഡു പിടികൂടുകയായിരുന്നു.

4

ടോസ്‌ നേടിയ ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ചെന്നൈയുടെ ഐപിഎല്ലിലേക്കുള്ള മടങ്ങിവരവ് കൂടിയാണ് ഈ മല്‍സരം.

ചെന്നൈ ടീം: എംഎസ് ധോണി (ക്യാപ്റ്റന്‍), അമ്പാട്ടി റായുഡു, ഷെയ്ന്‍ വാട്‌സന്‍, സുരേഷ് റെയ്‌ന, കേദാര്‍ ജാദവ്, ഡ്വയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിങ്, ദീപക് ചഹര്‍, ഇമ്രാന്‍ താഹിര്‍, മാര്‍ക്ക് വുഡ്

മുംബൈ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, എവിന്‍ ലൂയിസ്, സൂര്യകുമാര്‍ യാദവ്, കിറോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുസ്തഫിസുര്‍ റഹ്മാന്‍, മിച്ചെല്‍ മക്ലെനഗന്‍, മയാങ്ക് മര്‍കന്‍ഡെ.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, April 7, 2018, 19:55 [IST]
Other articles published on Apr 7, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍