ന്യൂയോര്‍ക്ക്: സീസണിലെ അവസാന ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റായ യുഎസ് ഓപ്പണില്‍ സ്പാനിഷ് മുത്തം. പുരുഷ സിംഗിള്‍സില്‍ സ്പെയിനിന്റെ ഇതിഹാസ താരം റാഫേല്‍ നദാല്‍ കിരീടമണിഞ്ഞു. ക്ലാസിക്ക് ഫൈനലില്‍ അപ്രതീക്ഷിത ഫൈനലിസ്റ്റായ റഷ്യന്‍ താരം ഡാനില്‍ മെദ്വെദെവിനെ നദാല്‍ മറികടക്കുകയായിരുന്നു. സ്കോര്‍: 7-5, 6-3, 5-7, 4-6, 6-4.
നാലു മണിക്കൂറും 51 മിനിറ്റും നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവിലാണ് സ്പാനിഷ് മാസ്റ്റര്‍ കിരീടം പിടിച്ചെടുത്തത്.
നദാലിന്റെ നാലാം യുഎസ് ഓപ്പണ്‍ കിരീടവിജയമാണിത്. ഇതോടെ തന്റെ മുഖ്യ എതിരാളിയും സ്വിസ് ഇതിഹാസവുമായ റോജര്‍ ഫെഡററുടെ ഓള്‍ടൈം റെക്കോര്‍ഡിന് തൊട്ടരികിലെത്താനും അദ്ദേഹത്തിനു കഴിഞ്ഞു. നദാലിന്റെ 19ാം ഗ്രാന്റ്സ്ലാം കിരീടനേട്ടമാണിത്. 20 ഗ്രാന്റ്സ്ലാമുകളുമായി ഫെഡററാണ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുന്നത്.
ഇത്തവണ യുഎസ് ഓപ്പണ്‍ സ്വന്തമാക്കിയതോടെ ഈ നേട്ടത്തിന് അവകാശിയായ പ്രായം കൂടിയ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും 33 കാരനായ നദാലിന്റെ പേരിലായി. 1970ല്‍ 35ാം വയസ്സില്‍ യുഎസ് ഓപ്പണ്‍ നേടിയ ഓസ്ട്രേലിയയുടെ കെന്‍ റോസ്വാളിന്റെ പേരിലാണ് റെക്കോര്‍ഡ്.