ലണ്ടന്‍: എടിപി ടൂര്‍ ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെന്റില്‍ രണ്ടാജയവുമായി സെര്‍ബിയയുടെ ദ്യോക്കോവിച്ച്. ജര്‍മന്‍താരം അലക്‌സാണ്ടര്‍ സ്വെരേവിനെ 6-4, 6-1 എന്ന സ്‌കോറിനാണ് ദ്യോക്കോവിച്ച് തോല്‍പ്പിച്ചത്. ആറാം കിരീടം ലക്ഷ്യം വെക്കുന്ന ദ്യോക്കോവിച്ച് സമീപകാലത്തെ ഫോമില്‍ കളി തുടര്‍ന്നതോടെ എതിരാളി നിഷ്പ്രഭനായി. ജോണ്‍ ഇസ്‌നര്‍, മരിന്‍ സിലിച്ച് മത്സരഫലം അനുകൂലമായാല്‍ അവസാന മത്സരത്തിന് മുന്‍പ് ദ്യോക്കോവിച്ച് സെമിയിലെത്തും.
ഇന്ത്യന്‍ സ്വപ്നം കൈവിട്ടിട്ടില്ല, ഐപിഎല്‍ തീരുമാനിക്കും ഭാവി... തിരിച്ചുവരവിന് സൂപ്പര്‍ താരങ്ങള്‍
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ദ്യോക്കോവിച്ച് ഇസ്‌നറെ തോല്‍പ്പിച്ചിരുന്നു. സീസണ്‍ അവസാനിക്കുമ്പോഴുള്ള കിരീടം നേടാനാകുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. അവസാന മത്സരത്തില്‍ സിലിച്ചാണ് ദ്യോക്കോവിച്ചിന്റെ എതിരാളി. ആദ്യ മത്സരത്തേക്കാള്‍ ബുദ്ധിമുട്ടേറിയതായിരുന്നു രണ്ടാം മത്സരമെന്ന് ദ്യോക്കോവിച്ച് പറഞ്ഞു. രണ്ടാം സെറ്റില്‍ കൂടുതല്‍ നന്നായി കളിക്കാന്‍ കഴിഞ്ഞു. സ്വെരേവ് അത്യധികം അനാവശ്യപിഴവ് വരുത്തിയത് തനിക്ക് ഗുണംചെയ്‌തെന്നും ദ്യോക്കോവിച്ച് വ്യക്തമാക്കി.
റോമില്‍ കഴിഞ്ഞവര്‍ഷം ദ്യോക്കോവിച്ചിനെ ഞെട്ടിച്ച സ്വെരേവ് വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇറങ്ങിയത്. എന്നാല്‍, അനാവശ്യ പിഴവുകളും രണ്ടാം സര്‍വിലെ ദൗര്‍ബല്യവും താരത്തിന് വിനയായി. അതേസമയം, കളിയുടെ എല്ലാ മേഖലകളില്‍ മികച്ചു നില്‍ക്കുന്ന പ്രകടനമായിരുന്നു ദ്യോക്കോവിച്ചിന്റേത്. ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്ന താരം മടങ്ങിവരവില്‍ മിന്നുന്ന ഫോമിലാണ്.