കൂള്‍ ക്യാപ്റ്റന്‍ ധോണി തന്നെ; മികച്ച കളിക്കാരന്‍ മറ്റൊരു ഇന്ത്യന്‍ താരം; അഫ്രിദി പറയുന്നു

Posted By: rajesh mc

ഇസ്ലാമാബാദ്: ഒന്നും, രണ്ടും വര്‍ഷമല്ല നീണ്ട 10 വര്‍ഷക്കാലമാണ് മഹേന്ദ്ര സിങ് ധോണി ഇന്ത്യയെ നയിച്ചത്. ഇദ്ദേഹത്തെ ക്യാപ്റ്റന്‍ കൂളായാണ് ക്രിക്കറ്റ് ലോകം അവരോധിച്ചത്. പാകിസ്ഥാനിലെ മികച്ച താരങ്ങളില്‍ ഒരാളായ ഷാഹിദ് അഫ്രിദിയും മറിച്ചൊരു ചിന്തയ്ക്ക് തയ്യാറല്ല. ലോകത്തിലെ ഏറ്റവും കൂളസ്റ്റ് ക്യാപ്റ്റന്‍ ധോണി തന്നെയാണെന്ന് അഫ്രിദി പ്രസ്താവിച്ചു.

ടൊറന്റോയില്‍ സ്വന്തം ക്രിക്കറ്റ് ക്ലബ്ബിന് തുടക്കമിട്ട അഫ്രിദി ചോദ്യോത്തരവേളയിലാണ് കൂള്‍ ക്യാപ്റ്റന്‍ എംഎസ് ധോണി തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് വ്യക്തമാക്കിയത്. ഒപ്പം തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരം വിരാട് കോലിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യങ്ങള്‍ തമ്മില്‍ ശത്രുതയാണെങ്കിലും അഫ്രിദിയും, വിരാടും സുഹൃത്തുക്കളാണ്. കഴിഞ്ഞ വര്‍ഷം അഫ്രിദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ മുഴുവന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ഒപ്പിട്ട തന്റെ ജഴ്‌സിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രിദി ഫൗണ്ടേഷന് സമ്മാനിച്ചത്.

dhoni

വിടവാങ്ങല്‍ സമ്മാനമായി കോലിയും, ഇന്ത്യന്‍ ടീമും സമ്മാനിച്ച ജഴ്‌സിയുടെ ചിത്രം അഫ്രിദി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് അതെന്നും അദ്ദേഹം കുറിച്ചിരുന്നു. കൈയില്‍ മികച്ചൊരു ക്രിക്കറ്റ് ബാറ്റും ഉള്ളില്‍ അതിലും മികച്ചൊരു ഹൃദയവുമുള്ള വ്യക്തിയാണ് വിരാട് കോലിയെന്നും പാക് താരം പുകഴ്ത്തിയിരുന്നു. സച്ചിനും, ലാറയും തമ്മിലുള്ള താരതമ്യത്തില്‍ ലാറയെയാണ് ഇദ്ദേഹം തെരഞ്ഞെടുക്കുന്നത്.

ഒപ്പം മറ്റൊരു കാര്യം കൂടി അഫ്രിദി വെളിപ്പെടുത്തി. ഒരു ക്രിക്കറ്റര്‍ ആയിരുന്നില്ലെങ്കില്‍ താനൊരു സൈനികനാകുമായിരുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇന്ത്യയും കശ്മീരുമായി ബന്ധപ്പെട്ട് നടത്തിയ അനാവശ്യ പ്രസ്താവനകള്‍ വഴി താരം നേരത്തെ വിവാദത്തില്‍ പെട്ടിരുന്നു.

Story first published: Saturday, May 12, 2018, 8:19 [IST]
Other articles published on May 12, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍