കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഐഎസ്എല്‍ ആറാം സീസണിലെ മത്സരങ്ങള്‍ കഴിഞ്ഞതോടെ രണ്ട് കളിക്കാര്‍ ക്ലബ്ബ് വിടാനൊരുങ്ങുന്നു. ഹാളിചരണ്‍ നര്‍സാരി, മുഹമ്മദ് റാക്കിപ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സില്‍നിന്നും കൂടുമാറാനൊരുങ്ങുന്നത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഈ സീസണില്‍ 14 കളികളില്‍ മൈതാനത്തിറങ്ങിയ താരമാണ് നര്‍സാരി. ഹൈദരാബാദ് എഫ്‌സിയില്‍ വരും സീസണില്‍ ചേരാനാണ് നര്‍സാരിയുടെ തീരുമാനം.
സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി രണ്ട് ഗോളുകള്‍ നേടുകയും രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ യുവതാരം കളിമികവുകൊണ്ടാണ് ഹൈദാരബാദിനെ ആകര്‍ഷിച്ചത്. അടുത്ത സീസണില്‍ മുന്‍ ബെംഗളുരു എഫ്‌സി പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്ക ഹൈദരാബാദിന്റെ പരിശീലകനായെത്തിയേക്കുമെന്ന് സൂചനയുണ്ട്. പരിചയസമ്പന്നരേയും യുവതാരങ്ങളേയും എത്തിച്ച് ശക്തിപ്പെടുത്താനാണ് ഇത്തവണ അവസാന സ്ഥാനക്കാരായ ഹൈരദാബാദിന്റെ ശ്രമം.
മുന്‍ ബ്രസീല്‍താരം അഡ്രിയാനോ മരിച്ചെന്ന് വാര്‍ത്ത; പ്രതികരണവുമായി താരം
ബ്ലാസ്റ്റേഴ്‌സില്‍ രണ്ട് സീസണില്‍ കളിച്ച താരമാണ് റാക്കിപ്. ടീമിനായി 26 കളികളില്‍ ഇറങ്ങിയ റാക്കിപ്പിനെ മുംബൈ സിറ്റി നോട്ടമിട്ടുകഴിഞ്ഞു. സിറ്റി ഗ്രൂപ്പ് ഏറ്റെടുത്ത കഴിഞ്ഞ മുംബൈ സിറ്റി ക്ലബ്ബില്‍ വരും സീസണില്‍ ഉടച്ചുവാര്‍ക്കലുണ്ടാകും. സീസണില്‍ പിന്നോക്കം പോയ ബ്ലാസ്‌റ്റേഴ്‌സും അടുത്ത സീസണിലേക്കുള്ള ഒരുക്കം തുടങ്ങിയിട്ടുണ്ട്. സന്ദീപ് സിങ്, രോഹിത് കുമാര്‍, പ്രഭ്‌സുഖന്‍ ഗില്‍, ആല്‍ബിനോ ഗോമസ് തുടങ്ങിയ കളിക്കാരുമായി ബ്ലാസ്‌റ്റേഴ്‌സ് ധാരണയിലെത്തിക്കഴിഞ്ഞു.