ഒളിമ്പിക്‌സ് 'കയ്യേറി' ഹരിയാനയും പഞ്ചാബും; ആദ്യ അഞ്ചില്‍ കേരളവും

ടോക്കിയോ: ഇന്ത്യയില്‍ നിന്ന് വലിയ സംഘമാണ് ഇക്കുറി ഒളിമ്പിക്‌സിന് പോയിരിക്കുന്നത്. 228 പേര്‍. എന്നാല്‍ ഇതില്‍ 127 പേര്‍ മാത്രമേ ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നുള്ളൂ. ബാക്കിയുള്ളവര്‍ നാടുകാണാന്‍ ചെല്ലുന്നതാണെന്ന ആക്ഷേപം പരക്കെ ഉയരുന്നത് കാണാം. എന്തായാലും വിവാദങ്ങള്‍ ഒരുഭാഗത്ത് നില്‍ക്കട്ടെ. ഇന്ത്യയുടെ ഒളിമ്പിക്‌സ് സംഘത്തില്‍ മറ്റൊരു കാര്യമാണ് കൗതുകകരം.

ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കായിക താരങ്ങളാണ് ഇന്ത്യന്‍ സംഘത്തില്‍ സിംഹഭാഗവും. ഇന്ത്യയുടെ മൊത്തം ജനസംഖ്യയില്‍ കേവലം 4.4 ശതമാനം മാത്രം വരുന്ന ഇരു സംസ്ഥാനങ്ങളും ചേര്‍ന്ന് 50 കായിക താരങ്ങളെയാണ് ടോക്കിയോ ഒളിമ്പിക്‌സിനായി അയച്ചത്. അതായത് ഇന്ത്യന്‍ സംഘത്തില്‍ 40 ശതമാനത്തിലേറെയും ഈ രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇക്കുറി ഒളിമ്പിക്‌സ് സംഘത്തില്‍ 31 ഹരിയാന താരങ്ങള്‍ ഇടംകണ്ടെത്തി (25 ശതമാനം). 19 പഞ്ചാബ് താരങ്ങളും ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നു.

തമിഴ്‌നാടാണ് ഏറ്റവും കൂടുതല്‍ ഒളിമ്പിക്‌സ് താരങ്ങളെ സംഭാവന ചെയ്ത മൂന്നാമത്തെ സംസ്ഥാനം. ടോക്കിയോയിലേക്ക് പറന്ന ഇന്ത്യന്‍ സംഘത്തില്‍ 11 തമിഴ്‌നാട് താരങ്ങളുണ്ട് (8.7 ശതമാനം). കേരളവും ഉത്തര്‍ പ്രദേശും പട്ടികയിലെ ആദ്യ അഞ്ചില്‍ സ്ഥാനം പിടിച്ചു. ഇരു സംസ്ഥാനങ്ങളില്‍ നിന്നും എട്ടു വീതം കായിക താരങ്ങളാണ് ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. ഇന്ത്യയുടെ മൊത്തം ജനസഖ്യയില്‍ 17 ശതമാനം ആധിക്യമുള്ള ഉത്തര്‍ പ്രദേശിന്റെ പ്രതിനിധ്യം കേവലം 6.3 ശതമാനത്തില്‍ ഒതുങ്ങി. മറുഭാഗത്ത് 2.6 ശതമാനം ജനസംഖ്യയുള്ള കേരളത്തിനും ഒളിമ്പിക്‌സ് സ്‌ക്വാഡില്‍ 6.3 ശതമാനം പങ്കാളിത്തമുണ്ട്.

19 പേരടങ്ങിയ വനിതാ ഹോക്കി ടീമില്‍ ഒന്‍പതും താരങ്ങള്‍ ഹരിയാനയില്‍ നിന്നാണ്. ഇതിന് പുറമെ ഇന്ത്യന്‍ സംഘത്തിലെ ഏഴു ഗുസ്തി താരങ്ങള്‍ (നാലു വനിതകളും മൂന്നു പുരുഷന്മാരും), നാലു ബോക്‌സിങ് താരങ്ങള്‍ (മൂന്നു പുരുഷന്മാരും ഒരു വനിതയും), നാലു ഷൂട്ടിങ് താരങ്ങള്‍ (രണ്ടു വനിതകളും രണ്ടു പുരുഷന്മാരും) എന്നിവരും ഹരിയാനക്കാരാണ്.

19 പേരടങ്ങിയ പുരുഷ ഹോക്കി ടീമില്‍ 11 താരങ്ങളും പഞ്ചാബില്‍ നിന്നാണ്. ഇവര്‍ക്ക് പുറമെ രണ്ടു ഷൂട്ടിങ് താരങ്ങള്‍ (ഒരു പുരുഷനും ഒരു വനിതയും), മൂന്ന് അത്‌ലറ്റിക് താരങ്ങള്‍ (രണ്ടു പുരുഷന്മാരും ഒരു വനിതയും), രണ്ടു വനിതാ ഹോക്കി താരങ്ങള്‍, ഒരു ബോക്‌സിങ് താരം എന്നിങ്ങനെയാണ് ഇന്ത്യന്‍ ഒളിമ്പിക്‌സ് സംഘത്തിലെ പഞ്ചാബിന്റെ പങ്കാളിത്തം.

അഞ്ച് അത്‌ലറ്റിക് താരങ്ങള്‍, മൂന്ന് പായ്‌വഞ്ചിയോട്ടക്കാര്‍, രണ്ടു ടേബിള്‍ ടെന്നീസ് താരങ്ങള്‍, ഒരു ഫെന്‍സിങ് താരം എന്നിവരാണ് തമിഴ്‌നാട്ടില്‍ നിന്നും ഇന്ത്യയ്ക്കായി ഒളിമ്പിക്‌സില്‍ മത്സരിക്കുന്നത്. അത്‌ലറ്റിക് പാരമ്പര്യമുള്ള കേരളം ഇക്കുറി ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ ആറ് താരങ്ങളെ അണിനിരത്തുന്നു. ഇവര്‍ക്ക് പുറമെ നീന്തലിലും പുരുഷ ഹോക്കിയിലും ഓരോ മലയാളി താരം വീതം പങ്കെടുക്കുന്നുണ്ട്. അമ്പെയ്ത്ത്, അത്‌ലറ്റിക്‌സ്, ബോക്‌സിങ്, ബാഡ്മിന്റണ്‍, അശ്വാഭ്യാസം, ഫെന്‍സിങ്, ഗോള്‍ഫ്, ജിംനാസ്റ്റിക്‌സ്, ഹോക്കി, ജൂഡോ, തുഴച്ചില്‍, ഷൂട്ടിങ്, പായ്‌വഞ്ചിയോട്ടം, നീന്തല്‍, ടേബിള്‍ ടെന്നീസ്, ടെന്നീസ്, ഭാരോദ്വഹനം, ഗുസ്തി എന്നീ ഇനങ്ങളിലാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ മത്സരിക്കുന്നത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Read more about: olympics 2021
Story first published: Wednesday, July 21, 2021, 16:08 [IST]
Other articles published on Jul 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X