പ്രായം വെറുമൊരു നമ്പര്‍... 34ാം വയസ്സില്‍ ഇടിക്കൂട്ടില്‍ റാണിയായി വീണ്ടും മേരികോം

Written By:

വിയറ്റ്നാം: ഇന്ത്യയുടെ വനിതാ ബോക്‌സിങ് ഇതിഹാസം എംസി മേരികോമിന് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സുവര്‍ണനേട്ടം. തന്റെ 34ാം വയസ്സിലാണ് 24 കാരിയുടെ ചുറുചുറുക്കോടെ മുന്‍ ഒളിംപിക് ചാംപ്യന്‍ കൂടിയായ മേരികോം എതിരാളിയെ മലര്‍ത്തിയടിച്ചത്. വനിതകളുടെ 48 കിഗ്രാം വിഭാഗം ഫൈനലില്‍ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിന്നാണ് മേരിക്കോമിന്റെ ഇടിയുടെ ചൂടറിഞ്ഞത്. 48 കിഗ്രാമില്‍ ഇന്ത്യന്‍ താരം സ്വര്‍ണം നേടുന്നതും ഇതാദ്യമായാണ്. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ അ‍ഞ്ചാം തവണയാണ് മേരികോം പൊന്നണിയുന്നത്.

1

ഫൈനലില്‍ മേരികോമിനു മുന്നില്‍ എതിരാളി പകച്ചുപോവുകയായിരുന്നു. 5-0ന്റെ ഏകപക്ഷീയ ജയമാണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. കുറച്ചു കാലമായി ബോക്‌സിങില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്ന മേരികോം സ്വര്‍ണനേട്ടത്തോടെ തിരിച്ചുവരവ് ആഘോഷിക്കുകയായിരുന്നു. തന്റെ ആദ്യകാലത്തെ ഫേവറിറ്റ് ഇനമായിരുന്ന 48 കിഗ്രാമില്‍ അഞ്ചു വര്‍ഷത്തിനു ശേഷമാണ് മേരികോം ഇത്തവണ മല്‍സരിച്ചത്. 2014ലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ നേട്ടത്തിനുശേഷം മേരികോമിന്റെ ആദ്യ അന്താരാഷ്ട്ര മെഡല്‍ നേട്ടം കൂടിയാണിത്.

2

ഫൈനല്‍ മല്‍സരത്തിനു മുമ്പ് തന്നെ മേരികോം തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. മല്‍സരരംഗത്തു നിന്നു അല്‍പ്പം മാറിനിന്നാലും ഫിറ്റ്‌നസ് നിലനിര്‍ത്താനാവുമെന്ന് എനിക്കറിയാമായിരുന്നു. സ്വര്‍ണമെഡല്‍ ഇപ്പോഴും എന്റെ കൈയിലൊതുങ്ങുന്നതാണ്. ഈ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്താന്‍ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാന്‍ കഠിനാധ്വാനം ചെയ്തിരുന്നു. ഫൈനലില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും താരം കലാശക്കളിക്കു മുമ്പ് പറഞ്ഞിരുന്നു.

Story first published: Wednesday, November 8, 2017, 14:37 [IST]
Other articles published on Nov 8, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍