മാഞ്ചസ്റ്റര്‍ സിറ്റിക്കുനേരെ ആക്രമണം; ലിവര്‍പൂളിനെതിരെ അച്ചടക്ക നടപടി

Posted By: rajesh mc

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് തൊട്ടുമുന്‍പ് മാഞ്ചസ്റ്റര്‍ സിറ്റി ടീമിനെതിരെ ഉണ്ടായ ആക്രമണത്തില്‍ യുവേഫ അന്വേഷണം ആരംഭിച്ചു. ലിവര്‍പൂള്‍ മൈതാനമായ ആന്‍ഡഫീല്‍ഡിന് പുറത്തുവെച്ചായിരുന്നു സിറ്റി ടീം വന്ന ബസ്സിന് നേരെ ലിവര്‍പൂള്‍ ആരാധകര്‍ ആക്രമണം നടത്തിയത്.

സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് യുവേഫ പ്രതിനിധികള്‍ അറിയിച്ചു. ഫുട്‌ബോള്‍ ഭ്രാന്തന്മാരായ ഇംഗ്ലീഷുകാര്‍ ഇത്തരത്തിലുള്ള ആക്രമണം അഴിച്ചുവിടുന്നത് ഇതാദ്യമായല്ല. അതുകൊണ്ടുതന്നെ ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ അതത് ടീമുകള്‍ക്കെതിരെ നടപടി എടുക്കുകയാണ് പതിവ്.

manchestercityteam1

ലിവര്‍പൂള്‍ ആരാധകരാണ് ആക്രമണം നടത്തിയത് എന്നതിനാല്‍ ക്ലബ്ബിനെതിരെ അച്ചടക്ക നടപടിയുണ്ടാകും. കൂടാതെ ആക്രമണം നടത്തിയ ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. ആന്‍ഫീല്‍ഡില്‍ ഇരു ടീമുകളും എത്തുമ്പോള്‍ ആരാധകര്‍ സ്വീകരണം ഒരുക്കിയിരുന്നു. ഈ സ്വീകരണത്തിനിടെ ചിലര്‍ സിറ്റി ബസ്സിന് നേരെ ബിയര്‍ കുപ്പികള്‍ വലിച്ചെറിയുകയായിരുന്നു.

കൂടാതെ ആരാധകര്‍ പടക്കം പൊട്ടിക്കുകയും ചെയ്തു. ബസ്സിന് കേടുപാട് പറ്റിയതിനെ തുടര്‍ന്ന് മറ്റൊരു ബസ്സിലാണ് സിറ്റി ടീം കളിക്കുശേഷം മടങ്ങിയത്. മത്സരത്തില്‍ സിറ്റിയെ ലിവര്‍പൂള്‍ 3-0 എന്ന സ്‌കോറിന് തകര്‍ത്തിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാംപാദ മത്സരം സിറ്റിയുടെ ഗ്രൗണ്ടില്‍ അടുത്ത ബുധനാഴ്ച നടക്കാനിരിക്കെ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്.

Story first published: Friday, April 6, 2018, 8:26 [IST]
Other articles published on Apr 6, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍