അഭ്യൂഹങ്ങള്‍ സത്യമായാല്‍ നെയ്മര്‍ പിഎസ്ജി വിട്ട് റയലിലെത്തും; കാത്തിരിപ്പ് തുടങ്ങി

Posted By: rajesh mc

പാരീസ്: നെയ്മര്‍ റയല്‍ മാഡ്രിഡില്‍ കളിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് മാര്‍ക്കോ അസെന്‍സിയോ. ബാഴ്‌സലോണയിലും ഇപ്പോള്‍ പാരീസ് സെന്റ് ജര്‍മ്മനിലും നെയ്മര്‍ അദ്ദേഹത്തിന്റെ കഴിവ് പ്രകടിപ്പിച്ച് മഹാനായ താരമെന്ന് തെളിയിച്ചുകഴിഞ്ഞു. റയലിന്റെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറാണ് സ്പാനിഷ് ദേശീയ ടീമംഗമായ മാര്‍ക്കോ. പിഎസ്ജിയില്‍ നിന്നും നെയ്മര്‍ റയലിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അസെന്‍സിയോയുടെ ഈ വാക്കുകള്‍. ഫുട്‌ബോള്‍ ലോകത്തെ അടിമുടി ഞെട്ടിച്ച് കൊണ്ടാണ് നെയ്മര്‍ ബാഴ്‌സ വിട്ട് കഴിഞ്ഞ ആഗസ്റ്റില്‍ പിഎസ്ജിയിലേക്ക് ചേക്കേറിയത്.

ബാഴ്‌സയില്‍ നിന്നും 222 മില്ല്യണ്‍ യൂറോയെന്ന റെക്കോര്‍ഡ് തുകയ്ക്കായിരുന്നു നെയ്മര്‍ പിഎസ്ജിയിലെത്തിയത്. ഫ്രാന്‍സില്‍ മികച്ച പ്രകടനം പുറത്തെടുത്ത നെയ്മര്‍ 19 ഗോളുകളാണ് അടിച്ചത്. 20 ലീഗ് 1 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകളും താരം നേടി. എന്നാല്‍ ഇപ്പോള്‍ കളിക്കുന്ന ക്ലബിലും നെയ്മര്‍ തൃപ്തനല്ലെന്നും, അസ്വാരസ്യങ്ങള്‍ ഉടലെടുത്ത് കഴിഞ്ഞെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പിഎസ്ജി ആരാധകരിലെ ഒരു വിഭാഗം നെയ്മര്‍ക്ക് എതിരെ തിരിയുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് ഒരു മാറ്റത്തിന് താരം തയ്യാറെടുക്കുന്നത്.

neymar

അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ താരം റയലിലേക്ക് ചുവടുമാറ്റുമെന്ന പ്രചരണങ്ങളുടെയും ചൂടുപിടിച്ചു. പ്രത്യേകിച്ച് രണ്ട് ലിഗ ക്ലബുകള്‍ തമ്മില്‍ നേരിട്ടുള്ള താരക്കൈമാറ്റം വിവാദമാകുമെന്ന് അനുമാനിച്ചാണ് ഹൃസ്വകാലത്തേക്ക് നെയ്മര്‍ പിഎസ്ജിയില്‍ എത്തിയതെന്നും പറയപ്പെടുന്നു.

റയല്‍ താരം അസെന്‍സിയോ ബ്രസീലിയന്‍ ഫുട്‌ബോളറുടെ ആരാധകന്‍ കൂടിയാണ്. താരം റയലിലെത്തി ഒരുമിച്ച് കളിക്കാനിറങ്ങുന്ന അവസ്ഥ സംജാതമാകുമോയെന്ന കാത്തിരിപ്പിലാണ് അസെന്‍സിയോ. അതേസമയം ലയണല്‍ മെസിയും, സഹതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും തമ്മിലുള്ള താരതമ്യത്തിന് അസെന്‍സിയോ മുതിര്‍ന്നില്ല. കൂടെയുള്ള റൊണാള്‍ഡോയുടെ മികവിനെക്കുറിച്ച് മാത്രമാണ് ശ്രദ്ധിക്കാറുള്ളതെന്നും സ്പാനിഷ് താരം കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, March 22, 2018, 9:17 [IST]
Other articles published on Mar 22, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍