ഫൈവ്സ്റ്റാര്‍ സിറ്റി; ഇംഗ്ലണ്ടിലും തലതൊട്ടപ്പനായി ഗ്വാര്‍ഡിയോള

Posted By: Mohammed shafeeq ap
Guardiola

ലണ്ടന്‍: ഇംഗ്ലണ്ടിലും കിരീടവേട്ട തുടര്‍ന്ന് ഇതിഹാസ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ചാംപ്യന്‍മാരാക്കിയാണ് ഗ്വാര്‍ഡിയോള തന്റെ പരിശീലക റെക്കോഡ് ബുക്കില്‍ മറ്റൊരു കിരീടം കൂടി ചേര്‍ത്തത്.

33ാം റൗണ്ട് പോരാട്ടത്തില്‍ സിറ്റിയുടെ കിരീട നേട്ടം വൈകിപ്പിച്ചു കൊണ്ടിരുന്ന മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അട്ടിമറി തോല്‍വിയേറ്റുവാങ്ങിയിരുന്നു. ഇതോടു കൂടിയാണ് സീസണില്‍ അഞ്ച് മല്‍സരങ്ങള്‍ ബാക്കിനില്‍ക്കേ സിറ്റി പ്രീമിയര്‍ ലീഗ് ചാംപ്യന്‍പട്ടം ഉറപ്പിച്ചത്. സീസണില്‍ ശേഷിക്കുന്ന അഞ്ചു മല്‍സരങ്ങള്‍ ജയിച്ചാലും മാഞ്ചസ്റ്ററിന് സിറ്റിയെ മറികടക്കാന്‍ ഇനി കഴിയില്ല. ലീഗ് സീസണില്‍ അഞ്ചു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കേ മാഞ്ചസ്റ്ററിനേക്കാള്‍ 16 പോയിന്റ് മുന്നിലാണ് സിറ്റി. 93 ഗോളുകളാണ് സീസണില്‍ ഇതുവരെ സിറ്റി എതിരാളികളുടെ വലയില്‍ അടിച്ചുകയറ്റിയത്.


നിലവില്‍ 33 മല്‍സരങ്ങളില്‍ നിന്ന് 28 ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 87 പോയിന്റാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള സിറ്റിക്കുള്ളത്. ഇത്ര തന്നെ മല്‍സരങ്ങളില്‍ നിന്ന് 22 ജയവും അഞ്ച് സമനിലയും ആറ് തോല്‍വിയും ഉള്‍പ്പെടെ 71 പോയിന്റ് നേടാനെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്ററിന് കഴിഞ്ഞുള്ളൂ.34 മല്‍സരങ്ങളില്‍ നിന്ന് 70 പോയിന്റുമായി ലിവര്‍പൂളാണ് മൂന്നാം സ്ഥാനത്ത്. വെസ്റ്റ് ബ്രോമിനെതിരേ സ്വന്തം തട്ടകത്തില്‍ മാഞ്ചസ്റ്റര്‍ അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങിയതാണ് സിറ്റിയെ കിരീടത്തിലേക്ക് ആനയിച്ചത്. മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റര്‍ പരാജയപ്പെട്ടത്. മാഞ്ചസ്റ്ററിനു പുറമേ മറ്റൊരു ഗ്ലാമര്‍ ടീമായ ആഴ്‌സനലിനും 33ാം റൗണ്ട് പോരാട്ടത്തില്‍ കാലിടറി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ആഴ്‌സനലിനെ ന്യൂകാസില്‍ വീഴ്ത്തുകയായിരുന്നു.

ഏഴു സീസണിനിടെ മൂന്നാം കിരീടം

ഇംഗ്ലീഷ് ഫുട്‌ബോള്‍ എന്നത് പ്രീമിയര്‍ ലീഗ് ആക്കിയതിനു ശേഷം സിറ്റിയുടെ മൂന്നാം കിരീടമാണിത്. അതും അവസാന ഏഴു സീസണുകളില്‍ നിന്നാണ് സിറ്റി മൂന്നാം തവണയും ഇംഗ്ലണ്ടിലെ സിംഹാസന പട്ടം അലങ്കരിക്കുന്നത്. 2011-12, 2013-14 സീസണുകളിലായിരുന്നു ഇതിനു മുമ്പ് സിറ്റി പ്രീമിയര്‍ ലീഗില്‍ ജേതാക്കളായത്. പ്രീമിയര്‍ ലീഗിന്റെ മുന്‍പതിപ്പായ ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗില്‍ രണ്ട് തവണയാണ് സിറ്റി ചാംപ്യന്‍മാരായിട്ടുള്ളത്. 1936-37, 1967-68 സീസണുകളിലായിരുന്നു സിറ്റിയുടെ ഈ കിരീട നേട്ടങ്ങള്‍. ഇതോടെ ഇംഗ്ലണ്ടിലെ ലീഗ് ചാംപ്യന്‍പട്ടം അഞ്ചാക്കി ഉയര്‍ത്താനും സിറ്റിക്ക് കഴിഞ്ഞു.

കിരീടത്തിലേക്ക് നയിച്ചത് റെക്കോഡ് വിജയം

സീസണില്‍ തുടര്‍ച്ചയായ വിജയം കൊണ്ട് റെക്കോഡിട്ടാണ് പ്രീമിയര്‍ ലീഗില്‍ സിറ്റി കിരീടത്തിലേക്ക് കുതിച്ചത്. തുടര്‍ച്ചയായ 18 മല്‍സരങ്ങളിലാണ് ഗ്വാര്‍ഡിയോള നയിക്കുന്ന സിറ്റി ലീഗില്‍ വിജയക്കൊടി നാട്ടിയത്. ഇതോടെ ലീഗിലെ തുടര്‍ച്ചയായ വിജയങ്ങളെന്ന റെക്കോഡും സിറ്റിയുടെ പേരിലാവുകയായിരുന്നു. എവേ ഗ്രൗണ്ടിലെ തുടര്‍ച്ചയായ വിജയത്തിലും സിറ്റി റെക്കോഡ് പങ്കിട്ടത് ഈ സീസണിലാണ്. എവേ ഗ്രൗണ്ടില്‍ 11 മല്‍സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ച ചെല്‍സിയുടെ റെക്കോഡിനൊപ്പമാണ് സിറ്റി എത്തിയത്.

ഗ്വാര്‍ഡിയോള @ 24

ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച പരിശീലകരിലൊരാളായാണ് 47കാരനായ ഗ്വാര്‍ഡിയോള അറിയപ്പെടുന്നത്. ബഴ്‌സലോണ, ബയേണ്‍ മ്യൂണിക്ക്, സിറ്റിക്ക് എന്നിവരിലൂടെ 24 തവണയാണ് ഗ്വാര്‍ഡിയോള താന്‍ പരിശീലിപ്പിക്കുന്ന ടീമിന് ചാംപ്യന്‍പട്ടം നേടിക്കൊടുത്തത്. ഇതില്‍ രണ്ട് തവണ ബാഴ്‌സലോണയെ ചാംപ്യന്‍സ് ലീഗ് ചാംപ്യന്‍മാരാക്കാനും ഗ്വാര്‍ഡിയോളയ്ക്ക് കഴിഞ്ഞിരുന്നു. ഈ സീസണില്‍ സിറ്റിക്ക് രണ്ടാം കിരീടമാണ് ഗ്വാര്‍ഡിയോള നേടിക്കൊടുക്കുന്നത്. നേരത്തെ ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗിലും സിറ്റിയെ ഗ്വാര്‍ഡിയോള ജേതാക്കളാക്കിയിരുന്നു.

Story first published: Tuesday, April 17, 2018, 7:40 [IST]
Other articles published on Apr 17, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍