തുകല്‍ പന്തുകൊണ്ട് ഒരായിരം മാന്ത്രിക നിമിഷങ്ങള്‍ സമ്മാനിച്ച് പെലെ ഓര്‍മകളുടെ കൂടാരത്തിലേക്ക് യാത്രയായിരിക്കുന്നു. 82ാം വയസിലാണ് അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ഇതിഹാസ താരം മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.
ബാല്യത്തിലെ ദാരിദ്ര്യത്തെയും കഷ്ടതകളെയും തരണം ചെയ്ത് പെലെ കെട്ടിപ്പടുത്ത സാമ്രാജ്യം അത്രവേഗം മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്തത്രെ ഉയരത്തിലുള്ളതാണ്. റെക്കോഡുകളേറെ കരിയറിനോടൊപ്പം ചേര്‍ത്ത് പെലെ വിടപറയുമ്പോഴും ഓര്‍മകള്‍ മരിക്കാതെ ആരാധക ഹൃദയങ്ങളിലുണ്ടാവും.
Also Read: കോലിയില്ല, ബാബര്‍ നാലാമന്, 2022ലെ ബെസ്റ്റ് ടെസ്റ്റ് 11 തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
മറ്റ് ഫുട്‌ബോള്‍ താരങ്ങള്‍ക്കൊന്നും അവകാശപ്പെടാനാവാത്ത പല നേട്ടങ്ങളും കരിയറില്‍ സ്വന്തമാക്കാന്‍ സാധിച്ച താരമാണ് പെലെ. ഇതിലൊന്നാണ് ഒരു മത്സരത്തില്‍ രണ്ട് ടീമിനായും കളിച്ചുവെന്ന നേട്ടം. ഫുട്‌ബോളില്‍ ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത ഈ നേട്ടം പെലെക്ക് കരിയറില്‍ നേടാനായിട്ടുണ്ട്.
22 വര്‍ഷ കരിയറിലെ അതുല്യ നേട്ടങ്ങള്‍ക്കുള്ള ആദരവെന്നോളം സൗഹൃദ മത്സരത്തിലാണ് പെലെ ഇത്തരത്തില്‍ രണ്ട് ടീമിനായും കളിച്ചത്. 1977ലായിരുന്നു ഇത്.
ഒക്ടോബര്‍ 1ന് ന്യൂജേഴ്‌സിലെ ഈസ്റ്റ് റൂതര്‍ഫോര്‍ഡില്‍ നടന്ന ബ്രസീല്‍ ക്ലബ്ബ് സാന്റോസ് എഫ്‌സിയും അമേരിക്കന്‍ സോക്കര്‍ ലീഗിലെ ടീമായ ന്യൂയോര്‍ക്ക് കോസ്‌മോസും തമ്മിലാണ് സൗഹൃദ മത്സരം നടന്നത്. പെലെയുടെ ആദ്യത്തെ ടീമാണ് സാന്റോസ് എഫ്‌സി.
73,699 കാണികള്‍ അണിനിരന്ന മത്സരം എബിസി തത്സമയ സംപ്രേഷണം ചെയ്തിരുന്നു. മത്സരം കാണാന്‍ ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയുള്‍പ്പെടെ പല പ്രമുഖരും ഉണ്ടായിരുന്നു.
ആദ്യ പകുതിയില്‍ സാന്റോസ് ജഴ്‌സിയില്‍ കളിച്ച പെലെ ടീമിനായി ഒരു ഗോളും നേടി. പെലെയുടെ കരിയറിലെ അവസാനത്തെ ഗോളായിരുന്നു ഇത്. 30 വാര അകലെന്ന് നിന്നും മനോഹരമായ ഫ്രീ കിക്കിലൂടെയാണ് ഈ ഗോള്‍ പിറന്നത്.
രണ്ടാം പകുതിയില്‍ കോസ്‌മോസ് ജഴ്‌സിയിലും പെലെ കളിച്ചു. മത്സരം 2-1ന് കോസ്‌മോസാണ് ജയിച്ചത്. പെലെയുടെ അവസാന മത്സരമെന്ന നിലയില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയ സൗഹൃദ മത്സരമായിരുന്നു ഇത്.
പെലെയുടെ അവസാന മത്സരമായിരുന്ന ഇതെന്നതിനാല്‍ത്തന്നെ ആകാശം പോലും കരയുകയാണെന്ന് തലക്കെട്ടോടെയാണ് പിറ്റേന്ന് പല മാധ്യമങ്ങളും പെലെയുടെ വാര്‍ത്തക്ക് തലക്കെട്ട് നല്‍കിയത്.
പെലെ കരിയറില്‍ കളിച്ചിട്ടുള്ള രണ്ട് ക്ലബ്ബുകള്‍ സാന്റോസും കോസ്‌മോസുമാണ്. 1975ലാണ് പെലെ കോസ്‌മോസിലെത്തുന്നത്. കരിയറിലെ അവസാന രണ്ട് വര്‍ഷവും ന്യൂയോര്‍ക്ക് ടീമിനൊപ്പമാണ് പെലെ ചിലവിട്ടത്. 64 മത്സരത്തില്‍ നിന്ന് 37 ഗോളുകളും അദ്ദേഹം നേടി.
Also Read: IND vs SL: ഇന്ത്യക്ക് 2023ലെ ലോകകപ്പ് നേടണോ? ഗംഭീറിന്റെ നിര്‍ണ്ണായക ഉപദേശം! അറിയാം
'ജീവിതത്തിലെ വളരെ സങ്കടകരമായ ദിനമാണ് ഇന്ന്. അദ്ദേഹത്തോട് ഞങ്ങള്‍ വിടപറയേണ്ട സമയമായിരിക്കുന്നു. അദ്ദേഹത്തോടൊപ്പം കളിച്ചുവെന്നത് ഓരോ ദിവസവും വലിയ അംഗീകാരമായി കാണുന്നു. അദ്ദേഹം എനിക്ക് സാധാരണ ഒരു മനുഷ്യനല്ല'-കോസ്‌മോസിലെ പെലെയുടെ സഹ കളിക്കാരനായിരുന്ന ബോബി സ്മിത്ത് പറഞ്ഞു.
ദൈവം പ്രതിഭകൊണ്ട് അനുഗ്രഹിച്ച താരമാണ് പെലെ. ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോഡിനുടമയാണ് പെലെ. ഇന്നത്തെയത്രെ സാങ്കേതിക മികവില്ലാതിരുന്ന സമയത്തും കാല്‍പന്ത് കളികൊണ്ട് വിസ്മയിപ്പിക്കാന്‍ പെലെക്ക് സാധിച്ചിരുന്നു.
തന്റെ വേഗത്തിലെ നിയന്ത്രണം കൊണ്ടും പാസുകളുടെ കൃത്യതകൊണ്ടും എതിരാളികളെയെല്ലാം വിറപ്പിക്കാന്‍ പെലെക്കായി. ഫുട്‌ബോളില്‍ കാലഘട്ടത്തിനനുസരിച്ച് ഇനിയും ഇതിഹാസങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ പെലെയുടെ സ്ഥാനത്തിലേക്കെത്താന്‍ ആര്‍ക്കും സാധിച്ചേക്കില്ല.
അത്രമേല്‍ ആരാധക ഹൃദയങ്ങളില്‍ പെലെക്ക് സ്ഥാനമുണ്ട്. പെലെയുടെ പേരില്‍ ഒരു ദിവസം പോലും ബ്രസീല്‍ ജനത ആഘോഷിക്കുന്നു. പെലെയുടെ കരിയറിലെ 1000മത്തെ ഗോള്‍ 1969 നവംബര്‍ 19നാണ് അദ്ദേഹം നേടിയത്.ഇതിന് ശേഷം നവംബര്‍ 19 പെലെ ദിനമെന്നാണ് ബ്രസീലില്‍ അറിയപ്പെടുന്നത്.
കാലവും കാല്‍പ്പന്തും ഇനിയും മാറിമറിഞ്ഞാലും പെലെ എന്നും ഫുട്‌ബോളിലെ രാജാവായിത്തന്നെ എക്കാലവും നിലനില്‍ക്കും. ഹൃദയങ്ങളില്‍ നിന്ന് മരണത്തിന് പറച്ചുകൊണ്ടുപോകാന്‍ സാധിക്കാത്ത പ്രതിഭയാണ് പെലെയെന്ന് പറയാം.