കാല്‍പന്ത് വസന്തത്തിലേക്ക് ഇനി 62 നാള്‍; നിങ്ങളുടെ ഇഷ്ട ടീമുകളും മല്‍സരക്രമവും

Posted By: Mohammed shafeeq ap

ഫുട്‌ബോള്‍ ലോകം റഷ്യയില്‍ ആവേശം നൃത്തമാടാന്‍ ഇനി 62 ദിനരാത്രങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ലോകമെമ്പാടുമുള്ള ആരാധകര്‍ അവരുടെ ഇഷ്ടപ്പെട്ട ടീമിന് ആവേശംപകരാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. 21ാമത് ഫിഫ ലോകകപ്പിന് വിസില്‍ മുഴങ്ങാന്‍ ദിനങ്ങള്‍ എണ്ണപ്പെട്ടുകൊണ്ടിരിക്കെ മലയാളി ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറ്റവും താല്‍പ്പര്യം അവരുടെ പ്രിയപ്പെട്ട ടീമുകളുടെ എതിരാളികളെയും ഇന്ത്യയിലെ മല്‍സര സമയത്തെ കുറിച്ചും അറിയുകായെന്നതാണ്. നമ്മുടെ രാജ്യത്തിന് യോഗ്യത ലഭിക്കാത്തിടത്തോളം കാലം മറ്റുള്ളവര്‍ക്കു വേണ്ടി പോരടിക്കാനും പിന്തുണയ്ക്കാനുമാണ് ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് താല്‍പ്പര്യം.

ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഉറുഗ്വേ എന്നിവര്‍ക്കാണ് മലയാളികള്‍ക്കിടയില്‍ ഏറ്റവും ഫുട്‌ബോള്‍ ആരാധകരുളള രാജ്യങ്ങള്‍. 32 ടീമുകള്‍ പങ്കെടുക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് മാമാങ്കത്തില്‍ മറ്റു ടീമുകളെയും കുറച്ചാണെങ്കിലും പിന്തുണയ്ക്കുന്നവരുണ്ട്. എന്നാല്‍ ഈ പ്രധാനപ്പെട്ട എട്ടു ടീമുകളാണ് മലയാളി ഫുട്‌ബോള്‍ ആരാധകരുടെ ഫേവറേറ്റ് ടീമുകള്‍. അതുകൊണ്ട് തന്നെ അവരുടെ എതിരാളികളെക്കുറിച്ചും ഇന്ത്യയിലെ തല്‍സമയ സംപ്രേക്ഷണ സമയത്തെ കുറിച്ചും അറിയാനാണ് മലയാളി ആരാധകര്‍ക്ക് കൂടുതല്‍ താല്‍പ്പര്യം. ഇതില്‍ ബ്രസീല്‍, അര്‍ജന്റീന ടീമുകളെ മലയാളികള്‍ പ്രത്യേകിച്ച് മലബാര്‍ മേഖലയിലുള്ളവര്‍ വികാരമായി കൊണ്ട് നടക്കുന്നവരാണ്. ഗ്രൂപ്പ് ഡിയിലാണ് മുന്‍ ചാംപ്യന്‍മാരും കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സപ്പുമായ അര്‍ജന്റീന് പോരിനിറങ്ങുന്നത്. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടുകളിലെ പിരിമുറുക്കത്തിനൊടുവിലാണ് അര്‍ജന്റീന റഷ്യന്‍ ഫുട്‌ബോള്‍ മാമാങ്കത്തിനുള്ള ടിക്കറ്റ് കൈക്കലാക്കിയത്. ഗ്രൂപ്പ് ഡിയില്‍ ഐസ്‌ലന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ എന്നിവരാണ് അര്‍ജന്റീനയുടെ എതിരാളികള്‍. അര്‍ജന്റീന ടീമിന്റെ പ്രധാന ആകര്‍ഷണം മുന്‍ ലോക ഫുട്‌ബോളറും സൂപ്പര്‍താരവുമായ ലയണല്‍ മെസ്സിിയാണ്. ജൂണ്‍ 16ന് ഐസ്‌ലന്‍ഡുമായാണ് അര്‍ജന്റീനയുടെ റഷ്യന്‍ ലോകകപ്പിലെ ആദ്യ അങ്കം. ഇന്ത്യന്‍ സമയം വൈകീട്ട് 6.30നാണ് മല്‍സരം. ജൂണ്‍ 21ന് ക്രൊയേഷ്യക്കെതിരേയും 26ന് നൈജീരിയക്കെതിരേയും രാത്രി 11.30നാണ് അര്‍ജന്റീനയുടെ ഗ്രൂപ്പിലെ മറ്റു മല്‍സരങ്ങള്‍. ഗ്രൂപ്പ് ഇയിലാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ജേതാക്കളായ ബ്രസീല്‍ ഇടംപിടിച്ചിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡ്, കോസ്റ്ററിക്ക, സെര്‍ബിയെ എന്നിവരാണ് ബ്രസീലിന്റെ ഗ്രൂപ്പ്ഘട്ടത്തിലെ എതിരാളികള്‍. ജൂണ്‍ 17ന് സ്വിറ്റ്‌സര്‍ലന്‍ഡുമായി രാത്രി 11.30നാണ് ബ്രസീലിന്റെ ഗ്രൂപ്പ്ഘട്ടത്തിലെ ആദ്യ മല്‍സരം അരങ്ങേറുന്നത്. 22ന് വൈകീട്ട് 5.30ന് കോസ്റ്ററിക്കയെയും 27ന് രാത്രി 11.30ന് സെര്‍ബിയെയും ബ്രസീല്‍ നേരിടും. പരിക്കേറ്റ് വിശ്രമത്തിലുള്ള സൂപ്പര്‍താരം നെയ്മറാണ് ബ്രസീലിന്റെ ശ്രദ്ധാകേന്ദ്രം.

fifa

കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ ജര്‍മനി ഗ്രൂപ്പ് എഫിലാണ് ഇടംപിടിച്ചിരിക്കുന്നത്. മെക്‌സിക്കോ, സ്വീഡന്‍, ദക്ഷിണ കൊറിയ എന്നിവരാണ് നിലവിലെ ചാംപ്യന്‍മാരുടെ ഗ്രൂപ്പ്ഘട്ട എതിരാളികള്‍. ജൂണ്‍ 17ന് രാത്രി 8.30ന് മെക്‌സിക്കോയെയും 23ന് രാത്രി 11.30ന് സ്വീഡനെയും 27ന് വൈകീട്ട് 7.30ന് ദക്ഷിണ കൊറിയയെയും ജര്‍മനി എതിരിടും. ആരാധകരുടെ രണ്ട് പ്രിയപ്പെട്ട ടീമുകള്‍ ഏറ്റുമുട്ടുന്ന ഗ്രൂപ്പാണ് ബി. മുന്‍ ചാംപ്യന്‍മാരായ സ്‌പെയിനും നിലവിലെ ലോക ഫുട്‌ബോളറും സൂപ്പര്‍താരവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗലുമാണ് ഗ്രൂപ്പ് ബിയെ സവിശേഷതയാക്കുന്നത്. റഷ്യന്‍ ലോകകപ്പ് തുടങ്ങി രണ്ടാംദിനം തന്നെ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത് ആവേശം വര്‍ധിപ്പിക്കും. ജൂണ്‍ 15ന് രാത്രി 11.30നാണ് സ്‌പെയിന്‍ പോര്‍ച്ചുഗല്‍ ക്ലാസിക്ക് അരങ്ങേറുന്നത്. പോര്‍ച്ചുഗലിന്റെ രണ്ടാമങ്കം 20ന് വൈകീട്ട് 5.30ന് മൊറോക്കോയ്‌ക്കെതിരേയാണ്. ഇതേ ദിവസം രാത്രി 11.30ന് സ്‌പെയിന്‍ ഇറാനെ നേരിടുന്നുണ്ട്. 25ന് സ്‌പെയിന്‍ മൊറോക്കെയെ എതിരിടുമ്പോള്‍ അന്നേദിവസം പോര്‍ച്ചുഗല്‍ ഇറാനെ നേരിടും. രാത്രി 11.30നാണ് രണ്ട് ടീമുകളുടെയും പോരാട്ടം നടക്കുന്നത്. ഗ്രൂപ്പ് സിയിലുള്ള ഫ്രാന്‍സിന്റെ എതിരാളികള്‍ ആസ്‌ത്രേലിയ, പെറു, ഡെന്‍മാര്‍ക്ക് ടീമുകളാണ്. ജൂണ്‍ 16ന് വൈകീട്ട് 3.30ന് ആസ്‌ത്രേലയുമായും 21ന് രാത്രി 8.30ന് പെറുവുമായും 26ന് രാത്രി 7.30ന് ഡെന്‍മാര്‍ക്കുമായുമാണ് ഫ്രാന്‍സിന്റെ മല്‍സരങ്ങള്‍.

ഗ്രൂപ്പ് ജിയില്‍ തുണീഷ്യ, പനാമ, ബെല്‍ജിയം എന്നിവരാണ് ഗ്ലാമര്‍ ടീമായ ഇംഗ്ലണ്ടിന്റെ എതിരാളികള്‍. മല്‍സരം യഥാക്രമം ജൂണ്‍ 18 രാത്രി 11.30, 24ന് വൈകീട്ട് 5.30, 28ന് രാത്രി 11.30 എന്നീ സമയങ്ങളിലാണ് ഇംഗ്ലണ്ടിന്റെ മല്‍സരങ്ങള്‍ നടക്കുന്നത്. ഗ്രൂപ്പ് എയില്‍ മുന്‍ ലോക ചാംപ്യന്‍മാരായ ഉറുഗ്വേ ജൂണ്‍ 15ന് വൈകീട്ട് 5.30ന് ഈജിപ്തിനെയും 20ന് രാത്രി 8.30ന് സൗദ്യ അറേബ്യയെയും 25ന് രാത്രി 7.30ന് ആതിഥേയരായ റഷ്യയെയും നേരിടും.

Story first published: Saturday, April 14, 2018, 8:31 [IST]
Other articles published on Apr 14, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍