IPL 2021: ഇനി ക്രിക്കറ്റ് പൂരം, ആദ്യ ജയം ആര്‍ക്ക്? മുംബൈ-ആര്‍സിബി പ്രിവ്യു, പ്ലെയിങ് ഇലവന്‍ അറിയാം

ചെന്നൈ: ഇനി ക്രിക്കറ്റ് പൂരത്തിന്റെ നാളുകള്‍. വെള്ളിയാഴ്ച ഐപിഎല്‍ മാമാങ്കത്തിന് കൊടിയേറുകയാണ്. നിലവിലെ ചാംപ്യന്‍മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള പോരാട്ടത്തോടെ ഐപിഎല്ലിന് ആരവമുയരും. ചാംപ്യന്‍മാരെ പിടിച്ചുകെട്ടാന്‍ കോലിപ്പടയ്ക്കായാല്‍ അതായിരിക്കും ടൂണമെന്റിന്റെ തുടക്കം കൂടുതല്‍ ആവേശകരമാക്കുക. കാരണം എല്ലാവര്‍ക്കും തോല്‍പ്പിക്കേണ്ട ടീമായി മാറിയിരിക്കുകയാണ് മുംബൈ.

ആറാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീടം തേടിയാണ് മുംബൈ ഇറങ്ങുന്നതെങ്കില്‍ 13 സീസണിലെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് കന്നിക്കിരീടമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയാണ് ആര്‍സിബിയുടെ ലക്ഷ്യം. ഉദ്ഘാടന മല്‍സരത്തെക്കുറിച്ച് എല്ലാമറിയാം.

ആര്‍ക്കും ഹോം മാച്ചില്ല

ആര്‍ക്കും ഹോം മാച്ചില്ല

എട്ടു ഫ്രാഞ്ചൈസികള്‍ക്കും ഹോംഗ്രൗണ്ടില്‍ മല്‍സരമില്ലെന്നത് ഈ സീസണിലെ പ്രത്യേകതകളിലൊന്നാണ്. എല്ലാ ടീമുകള്‍ക്കും നിഷ്പക്ഷ വേദികളാണ് ഇത്തവണ തുടക്കം മുതല്‍ ഒടുക്കം വരെ കളിക്കേണ്ടത്. അതുകൊണ്ടു തന്നെ ഉദ്ഘാടന മല്‍സരത്തിനു ചെന്നൈ വേദിയാവുന്നത്.

അവസാനമായി ചെന്നൈയില്‍ കളിച്ചപ്പോള്‍ ആര്‍സിബി 70 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. വീണ്ടും അതേ വേദിയില്‍ ഇറങ്ങുമ്പോള്‍ പഴയ ഓര്‍മകള്‍ ആര്‍സിബിയെ വേട്ടയാടിയേക്കും. എന്നാല്‍ അവസാനമായി കളിച്ച പിച്ചില്‍ നിന്നും വ്യത്യസ്തമായ പിച്ചിലാണ് ആര്‍സിബി ഇത്തവണയിറങ്ങുന്നത്.

 ദേവ്ദത്തിന്റെ തിരിച്ചുവരവ്

ദേവ്ദത്തിന്റെ തിരിച്ചുവരവ്

മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന് കൊവിഡ് പിടിപെട്ടത് ഓപ്പണിങ് മല്‍സരത്തിനു മുമ്പ് ആര്‍സിബിക്കു ഷോക്കായി മാറിയിരുന്നു. എന്നാല്‍ കൊവിഡ് മുക്തനായി താരം തിരിച്ചെത്തിയത് ആര്‍സിബി ക്യാംപില്‍ ആഹ്ലാദം പരത്തിയിട്ടുണ്ട്.

നായകന്‍ കോലിക്കൊപ്പം ദേവ്ദത്ത് തന്നെ ഓപ്പണറായി ഇറങ്ങുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ ആര്‍സിബിയുടെ ടോപ്‌സ്‌കോററായിരുന്നു ദേവ്ദത്ത്. എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരവും താരം സ്വന്തമാക്കിയിരുന്നു.

 അസ്ഹറിന് അവസരം ലഭിച്ചേക്കില്ല

അസ്ഹറിന് അവസരം ലഭിച്ചേക്കില്ല

പുതുതായി ആര്‍സിബി ടീമിലെത്തിയ മലയാളി ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് അസ്ഹറുദ്ദീന് ഉദ്ഘാടന മല്‍സരത്തില്‍ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. ദേവ്ദത്ത് തിരിച്ചെത്തിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ അസ്ഹറിനു നറുക്കുവീഴുമായിരുന്നു. എന്നാല്‍ ഡിഡിയുടെ മടങ്ങിവരവോടെ അസ്ഹറിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചനകള്‍.

അതേസമയം, കഴിഞ്ഞ രണ്ടു പരിശീലന മല്‍സരങ്ങളിലും മികച്ച പ്രകടനം നടത്തിയ രജത് പതിധാറിന് ആര്‍സിബി പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചേക്കും. ഓരോ ഫിഫ്റ്റിയും സെഞ്ച്വറിയും പരിശീലന മല്‍സരത്തില്‍ താരം നേടിയിരുന്നു.

തലവേദനയായി ബൗളിങ്

തലവേദനയായി ബൗളിങ്

മുന്‍ സീസണുകളിലേതു പോലെ തന്നെ ഇത്തവണയും ബൗളിങാണ് ആര്‍സിബിയുടെ പ്രധാന തലവേദന. ഇന്ത്യയില്‍ കളിച്ച് പരിചയം കുറവുള്ള കൈല്‍ ജാമിസണ്‍, ഡാന്‍ ക്രിസ്റ്റ്യന്‍ എന്നിവരെ ആര്‍സിബിക്കു എത്രത്തോളം ആശ്രയിക്കാനാവുമെന്നത് സംശയമാണ്.

എന്നാല്‍ മോശമല്ലാത്ത സ്പിന്‍ ബൗളിങ് നിരയാണ് ആര്‍സിബിക്കുള്ളത്. യുസ്വേന്ദ്ര ചഹലും വാഷിങ്ടണ്‍ സുന്ദറുമായിരിക്കും സ്പിന്‍ ബൗളിങിനു നേതൃത്വം നല്‍കുക. പുതുതായെത്തിയ ഓസീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെയും പാര്‍ട്ട്‌ടൈം ബൗളറായി പരീക്ഷിച്ചേക്കും.

 ഡികോക്കില്ലാതെ മുംബൈ

ഡികോക്കില്ലാതെ മുംബൈ

ദക്ഷിണാഫ്രിക്കയുടെ ഓപ്പണിങ് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കില്ലാതെയാണ് മുംബൈയിറങ്ങുക. അദ്ദേഹം ഇന്ത്യയിലെത്തിയിട്ടുണ്ടെങ്കിലും ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയുകയാണ്. ഇത് അവസാനിച്ചിട്ടില്ലാത്തതിനാലാണ് ഡികോക്കിന് പുറത്തിരിക്കേണ്ടി വന്നത്.

ഡികോക്കിന്റെ അഭാവത്തില്‍ ക്രിസ് ലിന്‍ മുംബൈയ്ക്കായി അരങ്ങേറ്റം കുറിച്ചേക്കും. കഴിഞ്ഞ സീസണിലും അദ്ദേഹം മുംബൈ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരവസരം പോലും ലഭിച്ചിരുന്നില്ല.

 മുംബൈയുടെ സ്പിന്‍ ബൗളിങ്

മുംബൈയുടെ സ്പിന്‍ ബൗളിങ്

പേസ് ബൗളിങിന്റെ കാര്യത്തില്‍ ആശങ്കകളില്ലെങ്കിലും സ്പിന്‍ ബൗളിങ് മുംബൈയുടെ പോരായ്മയാണ്. പരിചയ സമ്പന്നനായ പിയൂഷ് ചൗള പുതുതായി ടീമിലെത്തിയിട്ടുണ്ടെങ്കിലും മുംബൈയുടെ സ്പിന്‍ ബൗളിങില്‍ വൈവിധ്യം കുറവാണെന്നതാണ് പ്രശ്‌നം. ഒരിക്കല്‍ക്കൂടി രാഹുല്‍ ചഹര്‍- ക്രുനാല്‍ പാണ്ഡ്യ ജോടി തന്നെ സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കും.

സ്പിന്നര്‍മാരെ തുണയ്ക്കുന്ന ചെന്നൈയില്‍ അഞ്ചും അഹമ്മദാബാദില്‍ നാലും മല്‍സരങ്ങളില്‍ മുംബൈ കളിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സ്പിന്നര്‍മാരുടെ പ്രകടനം അവര്‍ക്കു നിര്‍ണായകമായേക്കും.

 പിച്ച് റിപ്പോര്‍ട്ട്, കാലാവസ്ഥ

പിച്ച് റിപ്പോര്‍ട്ട്, കാലാവസ്ഥ

ചെപ്പോക്കില്‍ അവസാനമായി നടന്ന മല്‍സരത്തില്‍ പിച്ച് സ്പിന്നര്‍മാരെ തുണച്ചിരുന്നു. ഇതു തുടരാനാണ് സാധ്യത. 150ന് മുകളിലുള്ള ഏതു ടോട്ടലും ഇവിടെ മികച്ചതായി കണക്കാക്കാം.

കാലാവസ്ഥയുടെ കാര്യമെടുത്താല്‍ മല്‍സരത്തിനു മഴയുടെ ഭീഷണിയുണ്ടാവില്ല. മഞ്ഞുവീഴ്ച രണ്ടാമിന്നിങ്‌സില്‍ നിര്‍ണായക റോള്‍ വഹിച്ചേക്കും.

 മുംബൈ ടീം, പ്ലെയിങ് ഇലവന്‍

മുംബൈ ടീം, പ്ലെയിങ് ഇലവന്‍

ഡികോക്കിനു പകരം ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ലിന്നായിരിക്കും നായകന്‍ രോഹിത് ശര്‍മയോടൊപ്പം മുംബൈയ്ക്കു വേണ്ടി ഓപ്പണറായി കളിക്കുക.

കരെണ്‍ പൊള്ളാര്‍ഡ്, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, ട്രെന്റ് ബോള്‍ട്ട് എന്നിവരായിരിക്കും ടീമിലെ മറ്റു വിദേശ താരങ്ങള്‍. ഒരുപക്ഷെ മൂന്നു വിദേശ താരങ്ങളെ മാത്രം കളിപ്പിച്ച് ചൗളയെ മുംബൈ ഇറക്കിയേക്കും. കൂള്‍ട്ടര്‍ നൈലായിരിക്കും ഇതോടെ പുറത്തുപോവുക.

പ്ലെയിങ് ഇലവന്‍- ക്രിസ് ലിന്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, നതാന്‍ കൂള്‍ട്ടര്‍ നൈല്‍/ പിയൂഷ് ചൗള, രാഹുല്‍ ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.

 ആര്‍സിബി ടീം, പ്ലെയിങ് ഇലവന്‍

ആര്‍സിബി ടീം, പ്ലെയിങ് ഇലവന്‍

കോലിയും ദേവ്ദത്തും ചേര്‍ന്നായിരിക്കും ആര്‍സിബിക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ പുതുമുഖം രജത് പതിധറിനെ കളിപ്പിച്ചേക്കും. എബി ഡിവില്ലിയേഴ്‌സ് തന്നെ വിക്കറ്റ് കാക്കാനാണ് സാധ്യത.

ഗ്ലെന്‍ മാക്‌സ്വെല്‍, ഡാന്‍ ക്രിസ്റ്റ്യന്‍, കൈല്‍ ജാമിസണ്‍ എന്നിവരായിരിക്കും പ്ലെയിങ് ഇലവനില്‍ എബിഡിയെക്കൂടാതെ മറ്റു വിദേശ കളിക്കാര്‍. നവദീപ് സെയ്‌നിയും മുഹമ്മദ് സിറാജുമായിരിക്കും ടീമിലെ ഇന്ത്യന്‍ പേസര്‍മാര്‍. ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദിനെയും ആര്‍സിബി കളിപ്പിച്ചേക്കും.

പ്ലെയിങ് ഇലവന്‍- ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി (ക്യാപ്റ്റന്‍), രജത് പതിധര്‍, എബി ഡിവില്ലിയേഴ്‌സ് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്വെല്‍, ഡാന്‍ ക്രിസ്റ്റ്യന്‍, വാഷിങ്ടണ്‍ സുന്ദര്‍, കൈല്‍ ജാമിസണ്‍, മുഹമ്മദ് സിറാജ്, നവദീപ് സെയ്‌നി, യുസ്വേന്ദ്ര ചഹല്‍.

എവിടെ കാണാം

എവിടെ കാണാം

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകളില്‍ രാത്രി 7.30 മുതല്‍ മുംബൈ- ആര്‍സിബി മല്‍സരതം തല്‍സമയം കാണാന്‍ സാധിക്കും. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റര്‍ വിഐപി ആപ്പിലും കളിയുടെ ലൈവ് സ്ട്രീമിങുണ്ടാവും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, April 8, 2021, 10:51 [IST]
Other articles published on Apr 8, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X