
ചെയ്യാന്‍ പാടില്ലാത്തതൊന്നും അന്നു ഞാന്‍ ചെയ്തിട്ടില്ല. വിരാട് കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറികള്‍ നേടിയേക്കാം. അദ്ദേഹത്തിനു അതു സാധിക്കുമെന്നു എനിക്കുറപ്പാണ്. കാരണം അങ്ങനെയുള്ള ഒരു താരമാണ് വിരാട്. എങ്കിലും കരിയറിലെ ആദ്യത്തെ സെഞ്ച്വറി നിങ്ങള്‍ എല്ലാ കാലവും ഓര്‍മിക്കും.
എന്റെ ആദ്യത്തെ അന്താരാഷ്ട്ര സെഞ്ച്വറി ബംഗ്ലാദേശില്‍ വച്ചായിരുന്നു. ആദ്യ ഏകദിന സെഞ്ച്വറി ശ്രീലങ്കയ്‌ക്കെതിരേയുമായിരുന്നു. ഇത് തനിക്കു ഇപ്പോഴും ഓര്‍മയുണ്ടെന്നും ഗൗതം ഗംഭീര്‍ വ്യക്തമാക്കി.

വിരാട് കോലി കരിയറിലെ ആദ്യത്തെ സെഞ്ച്വറി അന്നു ശ്രീലങ്കയ്‌ക്കെതിരേ നേടിയപ്പോള്‍ അതു വളരെ സ്‌പെഷ്യലാക്കി മാറ്റണമെന്നു താന്‍ ആഗ്രഹിച്ചിരുന്നതായും ഇതേ തുടര്‍ന്നാണ് പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരും അന്നു കൈമാറിയതെന്നും ഗംതം ഗംഭീര്‍ വെളിപ്പെടുത്തി.
അന്നത്തെ സെഞ്ച്വറി വിരാടിനു വളരെ സ്‌പെഷ്യലാക്കി മാറ്റണമെന്നു ഞാന്‍ ആഗ്രഹിച്ചു. ഞാനോ, മറ്റാരെങ്കിലുമോയെ ചെയ്യാന്‍ പാടില്ലാത്ത കാര്യമായിരുന്നില്ല അത്.
എന്റെ സ്വഭാവം അത്തരത്തിലുള്ളതാണ്, വിരാട് അങ്ങനെയുള്ളൊരു പ്ലെയറുമായിരുന്നു. അദ്ദേഹം ഇതുവരെ കൈവരിച്ച നേട്ടങ്ങളില്‍ എനിക്കു ആശ്ചര്യമില്ല. ഇനിയുമൊരു പാട് നേട്ടങ്ങള്‍ വിരാട് കൈവരിക്കുമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

വിരാട് കോലിയുടെ കന്നി സെഞ്ച്വറി പിറന്ന അന്നത്തെ മല്‍സരത്തിലക്കു വന്നാല്‍ ഇന്ത്യയെ നയിച്ചത് വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗായിരുന്നു. ദിനേശ് കാര്‍ത്തികായിരുന്നു വിക്കറ്റ് കാത്തത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. മറുഭാഗത്ത് കുമാര്‍ സങ്കക്കാരയ്ക്കു കീഴിലാണ് ലങ്ക കളിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റിനു 315 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഉപുല്‍ തരംഗയുടെ (118) സെഞ്ച്വറിയും സങ്കക്കാരയുടെ (60) ഫിഫ്റ്റിയുമാണ് അവരെ ശക്തമായ നിലയിലെത്തിച്ചത്.

മറുപടിയില്‍ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ സെവാഗ് (10), സച്ചിന്‍ (8) എന്നിവര്‍ തുടക്കത്തില്‍ പുറത്തായതോടെ ഇന്ത്യ രണ്ടിന് 23ലേക്കു വീണു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഗംഭീര്‍-കോലി ജോടി 224 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരിത്തുകൊണ്ടു വന്നു. 48.1 ഓവറില്‍ മൂന്നു വിക്കറ്റിനു ഇന്ത്യ ലക്ഷ്യം മറികടക്കുകയും ചെയ്തു. ഗംഭീര്‍ 137 ബോളില്‍ 14 ബൗണ്ടറികളടക്കം 150 റണ്‍സോടെ പുറത്താവാതെ നിന്നു. കോലി 114 ബോളില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറുമക്കം 107 റണ്‍സിനു പുറത്താവുകയായിരുന്നു. കോലി പുറത്തായ ശേഷം ഗംഭീറും കാര്‍ത്തികും (19*) ചേര്‍ന്ന് ടീമിന്റെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.