ഐപിഎല്‍: ഇതാണ് കളി... അടിച്ചാല്‍ തിരിച്ചടി ഉറപ്പ്, എത്രയെത്ര ത്രില്ലറുകള്‍

Written By:

മുംബൈ: ഐപിഎല്ലില്‍ ചൊവ്വാഴ്ച രാത്രി നടന്ന ചെന്നൈ സൂപ്പര്‍കിങ്‌സ്- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ത്രില്ലറിന്റെ ആവേശം ക്രിക്കറ്റ് പ്രേമികളെ വിട്ടുപോയിട്ടില്ല. 200നും മുകളിലുള്ള വിജയലക്ഷ്യം അവസാന ഓവറില്‍ ഒരു പന്ത് ബാക്കിനില്‍ക്കെയായിരുന്നു ചെന്നൈ മറികടന്നത്. എന്നാല്‍ ഐപിഎല്ലില്‍ ഇതുപോലെയുള്ള ക്ലാസിക്കുകള്‍ക്കു പഞ്ഞമുണ്ടായിട്ടില്ല.

കഴിഞ്ഞ 10 സീസണുകളിലെ ചരിത്രം പരിശോധിച്ചാല്‍ ഇതുപോലെ കാണികളെ മുള്‍മുനമുനയില്‍ നിര്‍ത്തിയ റണ്‍ചേസുകള്‍ കണ്ടിട്ടുണ്ട്. ഇവയിലെ ഏറ്റവും മികച്ച അഞ്ചു റണ്‍ചേസുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

രാജസ്ഥാന്‍ -ഡെക്കാന്‍ (2008)

രാജസ്ഥാന്‍ -ഡെക്കാന്‍ (2008)

2008ലെ പ്രഥമ സീസണിലെ ഐപിഎല്ലില്‍ ഹൈദരാബാദില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ്- ഡെക്കാന്‍ ചാര്‍ജേഴ്‌സ് പോരാട്ടം കാണികളെ ഹരം കൊള്ളിക്കുന്നതായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡെക്കാന്‍ അഞ്ചു വിക്കറ്റിന് 214 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ആന്‍ഡ്രു സൈമണ്ട്‌സിന്റെ (53 പന്തില്‍ 117*) ഇന്നിങ്‌സാണ് ഡെക്കാനെ 200 കടത്തിയത്.
മറുപടി ബാറ്റിങില്‍ അതേ നാണയത്തില്‍ തിരിച്ച രാജസ്ഥാന്‍ ഒരു പന്തും മൂന്നു വിക്കറ്റും ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഗ്രേയം സ്മിത്ത് (71), യൂസഫ് പത്താന്‍ (61), ക്യാപ്റ്റന്‍ ഷെയ്ന്‍ വോണ്‍ (9 പന്തില്‍ 22*) തിളങ്ങി അവസാന ഓവറില്‍ 17 റണ്‍സാണ് രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. തുടര്‍ച്ചയായി മൂന്നു പന്തുകള്‍ കണ്ടു സിക്‌സറും ഒരു ബൗണ്ടറിയും പറത്തിയ വോണ്‍ ടീമിന് അവിസ്മരണീയ വിജയം സമ്മാനിക്കുകയായിരുന്നു.

ഡല്‍ഹി -ഗുജറാത്ത് (2017)

ഡല്‍ഹി -ഗുജറാത്ത് (2017)

കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഡെയര്‍ഡെവിള്‍സും ഗുജറാത്ത് ലയണ്‍സും തമ്മിലുള്ള പോരാട്ടത്തിലും റണ്‍മഴ കണ്ടു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഏഴു വിക്കറ്റിന് 208 റണ്‍സ് നേടി. ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന (77), ദിനേഷ് കാര്‍ത്തിക് (65), ആരോണ്‍ ഫിഞ്ച് (27) എന്നിവരാണ് ടീമിനെ വന്‍ സ്‌കോറിലെത്തിച്ചത്.
മറുപടിയില്‍ ഡല്‍ഹിയും വിട്ടുകൊടുത്തില്ല. റിഷഭ് പന്ത് (43 പന്തില്‍ 97) മുന്നില്‍ നിന്നു പടനയിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ (61) മികച്ച പിന്തുണയേകി. 31 പന്തില്‍ സഞ്ജു ഏഴു സിക്‌സറുകള്‍ പറത്തിയിരുന്നു. 15 പന്തുകള്‍ ബാക്കിനില്‍ക്കെ വെറും മൂന്നു വിക്കറ്റിനാണ് ഡല്‍ഹി വിജയത്തിലേക്കു കുതിച്ചെത്തിയത്.

പഞ്ചാബ്- ഹൈദരാബാദ് (2014)

പഞ്ചാബ്- ഹൈദരാബാദ് (2014)

2014ലെ സണ്‍റൈസേഴ്‌സ്-ഹൈദരാബാദ് പോരാട്ടവും 200നു മുകളില്‍ റണ്‍ ചേസിനു സാക്ഷിയായി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് അഞ്ചു വിക്കറ്റിന് 205 റണ്‍സാണ് നേടിയത്. നമന്‍ ഓജ (79*), ശിഖര്‍ ധവാന്‍ (45), ഡേവിഡ് വാര്‍ണര്‍ (44) എന്നിവരാണ് െൈഹദരാബാദിനെ ശക്തമായ സ്‌കോറിലെത്തിച്ചത്.
വൃധിമാന്‍ സാഹ (54), മനന്‍ വോറ (47) എന്നിവര്‍ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ പഞ്ചാബ് വെറും 18.4 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയം കൈപ്പിടിയിലൊതുക്കി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (43), ജോര്‍ജ് ബെയ്‌ലി (35*), ഡേവിഡ് മില്ലര്‍ (24*) എന്നിവരും പഞ്ചാബിന്റെ ജയം വേഗത്തിലാക്കി.
വെടിക്കെട്ട് താരം വീരേന്ദര്‍ സെവാഗിനെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായ ശേഷമായിരുന്നു പഞ്ചാബിന്റെ ഗംഭീര തിരിച്ചുവരവ്.

ചെന്നൈ- ബാംഗ്ലൂര്‍ (2012)

ചെന്നൈ- ബാംഗ്ലൂര്‍ (2012)

2012ലെ സീസണില്‍ റോയല്‍ ചാലഞ്ചോഴ്‌സ് ബാംഗ്ലൂരിനെതിരേ 206 റണ്‍സ് ചെന്നൈ സൂപ്പര്‍കിങ്‌സ് വിജയകരമായി പിന്തുടര്‍ന്നു വിജയിച്ചിട്ടുണ്ട്. ക്രിസ് ഗെയ്ല്‍ (35 പന്തില്‍ 68), ക്യാപ്റ്റന്‍ വിരാട് കോലി (46 പന്തില്‍ 57), മയാങ്ക് അഗര്‍വാള്‍ (26 പന്തില്‍ 45) എന്നിവര്‍ മാത്രമേ ബാംഗ്ലൂര്‍ നിരയില്‍ രണ്ടക്കം കടന്നുള്ളൂ. എന്നിട്ടും എട്ടു വിക്കറ്റിന് 205 നേടാന്‍ ആര്‍സിബിക്കു സാധിച്ചു.
മറുപടിയില്‍ അഞ്ചു വിക്കറ്റിന് ഇന്നിങ്‌സിലെ അവസാന പന്തിലാണ് ചെന്നൈ ജയം വരുതിയിലാക്കിയത്. ഫഫ് ഡുപ്ലെസി (71) ടീമിന്റെ ടോപ്‌സ്‌കോററായപ്പോള്‍ ക്യാപ്റ്റന്‍ എംഎസ് ധോണി (41), ആല്‍ബി മോര്‍ക്കല്‍ (7 പന്തില്‍ 28), ഡ്വയ്ന്‍ ബ്രാവോ (15 പന്തില്‍ 25) എന്നിവര്‍ ചേര്‍ന്ന് ചെന്നൈക്ക് മിന്നുന്ന വിജയം സമ്മാനിച്ചു. അവസാന പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് രവീന്ദ്ര ജഡേജയാണ് ചെന്നൈയെ ആവേശത്തിലാറാടിച്ചത്.

പഞ്ചാബ് - ചെന്നൈ (2014)

പഞ്ചാബ് - ചെന്നൈ (2014)

2014ലെ ചെന്നൈ സൂപ്പര്‍കിങ്‌സ് - കിങ്‌സ് ഇലവന്‍ പഞ്ചാബ് മല്‍സരവും മികച്ച റണ്‍ചേസ് കൊണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 206 റണ്‍സിന്റെ വിജയലക്ഷ്യമാണ് പഞ്ചാബിന് നല്‍കിയത്.
ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും (43 പന്തില്‍ 95) ഡേവിഡ് മില്ലറുടെയും (37 പന്തില്‍ 54) വെടിക്കെട്ട് ഇന്നിങ്‌സില്‍ 18.5 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബിനെ ലക്ഷ്യത്തിലെത്തിച്ചു.
നേരത്ത ബ്രെന്‍ഡന്‍ മക്കുല്ലം (67), ഡ്വയ്ന്‍ സ്മിത്ത് (66) എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ചെന്നൈ ബാറ്റിങിന് കരുത്തേകിയത്. സുരേഷ് റെയ്‌ന (19 പന്തില്‍ 24), ധോണി (11 പന്തില്‍ 26) എന്നിവരുടെ വെടിക്കെട്ടും ചെന്നൈയെ 200 കടക്കാന്‍ സഹായിച്ചു.

ഐപിഎല്‍: സ്റ്റേഡിയത്തിനു പുറത്തേക്കു പറക്കുന്ന സിക്‌സറിന് എട്ട് റണ്‍സ് വേണമെന്ന് ധോണി!!

ഐപിഎല്‍: റണ്‍മല തീര്‍ത്തിട്ടും ചെപ്പോക്കില്‍ കൊല്‍ക്കത്തയ്ക്കു പിഴച്ചതെവിടെ? ഇതാ അഞ്ചു കാരണങ്ങള്‍...

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, April 11, 2018, 16:00 [IST]
Other articles published on Apr 11, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍