കോലി തീരുമാനിക്കട്ടെ, എത്ര കാലം നയിക്കണമെന്ന്!- മുന്‍ താരം പറയുന്നു

വിരാട് കോലിക്കു പകരം രോഹിത് ശര്‍മ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ നായകസ്ഥാനമേറ്റെടുത്തേക്കുമെന്ന ചര്‍ച്ചകകള്‍ ചൂടുപിടിക്കവെ ഈ വിഷയത്തില്‍ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റീതിന്ദര്‍ സിങ് സോധി. അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം കോലി മാറിയേക്കുമെന്നും പകരം രോഹിത് വരുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഇക്കാര്യം ബിസിസിഐ നിഷേധിച്ചിരുന്നു. ഇതു ശുദ്ധ അസംബന്ധമാണെന്നും അങ്ങനെയൊന്നും സംഭവിക്കാന്‍ പോവുന്നില്ലെന്നും എല്ലാം മാധ്യമസൃഷ്ടിയാണെന്നുമെന്നായിരുന്നു ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

 കോലി തീരുമാനിക്കട്ടെ

കോലി തീരുമാനിക്കട്ടെ

ഇന്ത്യന്‍ ടീമിന്റെ നായകനായി എത്ര കാലം തുടരണമെന്നതിനെക്കുറിച്ച് കോലി തന്നെ തീരുമാനിക്കട്ടെയെന്നു സോധി അഭിപ്രായപ്പെട്ടു. കോലി ആഗ്രഹിക്കുന്നത്രയും ക്യാപ്റ്റനായി തുടരുന്നതാണ് നല്ലത്. അദ്ദേഹം സ്വയം ഈ സ്ഥാനത്തു നിന്നു പടിയിറങ്ങുന്നതു വരെ ഇതു തുടരട്ടെയെന്നും സോധി പറഞ്ഞു.

കോലിയുടെ ക്യാപ്റ്റന്‍സി മികവിനെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാവില്ല. അദ്ദേഹത്തിന്റെ റെക്കോര്‍ഡ് എല്ലാവര്‍ക്കുമറിയാം, അതിന് തെളിവുകളൊന്നും ആവശ്യമില്ല. ക്യാപ്റ്റന്‍സിയില്‍ നിന്നും കോലി തന്നെ സ്വയം വിരമിക്കട്ടെ, അതു വരെ അദ്ദേഹത്തെ ക്യാപ്റ്റനായി നിലനിര്‍ത്തുകയും വേണമെന്നും സോധി ആവശ്യപ്പെട്ടു.

 ഫാന്‍സും വിമര്‍ശകരുമുണ്ടാവും

ഫാന്‍സും വിമര്‍ശകരുമുണ്ടാവും

നിങ്ങളൊരു സൂപ്പര്‍ സ്റ്റാറായാല്‍ ഫാന്‍സിന്റെ എണ്ണം വര്‍ധിക്കും. അതോടൊപ്പം തന്നെ വിമര്‍ശകരുടെ എണ്ണവും കൂടും. വിമര്‍ശിക്കുകയെന്നത് വിമര്‍ശകരുടെ ജോലിയാണ്, നിങ്ങള്‍ നന്നായി ചെയ്താലും ഇല്ലെങ്കിലും അവര്‍ മോശമായി തന്നെ പറയുകയുള്ളൂവെന്നും സോധി വ്യക്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണ് കോലിയുടേത്. എന്നാല്‍ നായകനെന്ന നിലയില്‍ ഒരു ഐസിസി ട്രോഫിയും ഐപിഎല്‍ കിരീടവും നേടാനായിട്ടില്ലെന്നതാണ് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വിമര്‍ശകര്‍ ആയുധമാക്കുന്നത്.

 കോലിക്കു ആശങ്ക കാണില്ല

കോലിക്കു ആശങ്ക കാണില്ല

തന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചുയരുന്ന അഭ്യൂഹങ്ങളെക്കുറിച്ച് കോലിക്കു വലിയ ആശങ്കയുണ്ടാവില്ലെന്നാണ് താന്‍ കരുതുന്നതെന്നു സോധി പറഞ്ഞു. നിങ്ങള്‍ ഇത്തരം വിമര്‍ശകരെ അവഗണിക്കേണ്ടതുണ്ട്. വിരാട് കോലിയെക്കുറിച്ച് നമുക്ക് നന്നായി അറിയാവുന്നതാണ്. ഇത്തരം കാര്യങ്ങളൊന്നും അദ്ദേഹത്തെ കാര്യമായി അലട്ടാനിടയില്ല. ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത മാസം ആരംഭിക്കാനിരിക്കുകയാണ്. അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സോധി കൂട്ടിച്ചേര്‍ത്തു.

 ശ്രദ്ധ കൊടുക്കരുത്

ശ്രദ്ധ കൊടുക്കരുത്

ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കു ശ്രദ്ധ കൊടുക്കാതിരിക്കുകയാണ് ചെയ്യേണ്ടതെന്നു സോധി ആവശ്യപ്പെട്ടു. ഇതുപോലെയുള്ള സംഭാഷണങ്ങള്‍ തന്നെ അസംബന്ധമാണെന്നു ഞാന്‍ കരുതുന്നു. ഇതിനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യം പോലുമില്ല. ഇത്തരം വിമര്‍കരെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ നിങ്ങള്‍ അവര്‍ക്കു പ്രാധാന്യം നല്‍കുകയും അവരുടെ ലക്ഷ്യത്തില്‍ അവര്‍ വിജയിക്കുകയും ചെയ്യുമെന്നും സോധി ചൂണ്ടിക്കാട്ടി.

കോലിയുടെ ക്യാപ്റ്റന്‍സിയില്‍ 45 ടി20കളിലാണ് ഇന്ത്യ ഇതുവരെ കളിച്ചത്. ഇതില്‍ 27ലും ടീമിനെ വിജയത്തിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കോലിക്കു കീഴില്‍ ഇന്ത്യയുടെ കന്നി ടി20 ലോകകപ്പ് കൂടിയാണ് ഇത്തവണ യുഎഇയില്‍ നടക്കാനിരിക്കുന്നത്. 2016ലെ അവസാന ടൂര്‍ണമെന്റില്‍ ടീമിനെ നയിച്ചത് എംഎസ് ധോണിയായിരുന്നു.

 കോലി ഇനി ഐപിഎല്ലിലേക്ക്

കോലി ഇനി ഐപിഎല്ലിലേക്ക്

യുഎഇയില്‍ ഈയാഴ്ച ആരംഭിക്കുന്ന ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങളിലായിരിക്കും കോലിയെ ഇനി കാണാന്‍ കഴിയുക. ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം അദ്ദേഹം യുഎഇയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനൊപ്പം ചേര്‍ന്നു കഴിഞ്ഞു. ടീമിനെ ഇത്തവണ കന്നി ഐപിഎല്‍ കിരീടത്തിലേക്കു നയിക്കുകയാണ് കോലിയുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ ആര്‍സിബി പ്ലേഓഫില്‍ തോല്‍ക്കുകയായിരുന്നു. ഇത്തവണ ഐപിഎല്‍ കിരീടം നേടാനായാല്‍ അതു അദ്ദേഹത്തിനു ടി20 ലോകകപ്പിലും ക്യാപ്റ്റനെന്ന നിലയില്‍ വലിയ ആത്മവിശ്വാസം നല്‍കും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, September 14, 2021, 18:54 [IST]
Other articles published on Sep 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X