ക്രിക്കറ്റോ യുദ്ധമോ?; സൗത്ത് ആഫ്രിക്ക-ഓസ്‌ട്രേലിയന്‍ ടീമുകളെ സമാധാന ചര്‍ച്ചകള്‍ക്ക് വിളിപ്പിച്ചു

Posted By: rajesh mc
Australia vs South Africa

പോര്‍ട്ട് എലിസബത്ത്: ഒരു യുദ്ധം ആരംഭിക്കും മുന്‍പ് സ്വാഭാവികമായും ഒരു ചര്‍ച്ച നടത്തും. ഇതും പരാജയപ്പെട്ട ശേഷം മാത്രമേ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുകയുള്ളൂ. എന്നാല്‍ ആദ്യ ടെസ്റ്റ് മത്സരത്തില്‍ തന്നെ കൊമ്പുകോര്‍ത്തതോടെയാണ് ആതിഥേയരായ സൗത്ത് ആഫ്രിക്കന്‍ ടീമിനെയും, എതിരാളികളായ ഓസ്‌ട്രേലിയയെയും മാച്ച് റഫറി സമാധാന ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. കാര്യങ്ങളുടെ ചൂട് കുറയ്ക്കാന്‍ ജെഫ് ക്രോവ് ഉപദേശിക്കുമെന്ന് ഐസിസി വ്യക്തമാക്കി.

ആദ്യ മത്സരത്തിലെ മോശം പെരുമാറ്റത്തിന് ഓസ്‌ട്രേലിയന്‍ വൈസ് ക്യാപ്റ്റന്റെ 75 ശതമാനം മാച്ച് ഫീയും, ആഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കുക്കിന്റെ 25 ശതമാനം മാച്ച് ഫീയും പിഴയായി ഈടാക്കിയിരുന്നു. വെള്ളിയാഴ്ച രണ്ടാം ടെസ്റ്റ് തുടങ്ങും മുന്‍പ് ഇരുടീമുകളെ ക്യാപ്റ്റന്‍മാരെയും, മാനേജര്‍മാരെയും വിളിച്ച് ക്രോവ് സമാധാന ചര്‍ച്ച നടത്തുമെന്ന് ഐസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രണ്ടാം ടെസ്റ്റിലെങ്കിലും അമ്പയര്‍മാര്‍ സ്വന്തം പണി ചെയ്യണമെന്ന് സൗത്ത് ആഫ്രിക്കന്‍ കോച്ച് ഓട്ടിസ് ഗിബ്‌സണ്‍ ആവശ്യപ്പെട്ടിരുന്നു.

ഓസ്‌ട്രേലിയക്കാരുടെ തെമ്മാടിത്തം പരിധിവിട്ടെന്നാണ് ഗിബ്‌സന്റെ പരാതി. അസഭ്യവര്‍ഷം വരെ നടത്തിയിട്ടും വാര്‍ണര്‍ക്ക് മാച്ച് ഫീ പിഴയടച്ച് സസ്‌പെന്‍ഷന്‍ ഇല്ലാതെ രക്ഷപ്പെടാന്‍ സാധിച്ചു. ഇരുടീമുകളും സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുമെന്നും ഇത് തുടരുമെന്നുമാണ് ഓസീസ് കോച്ച് ഡാരണ്‍ ലേമാന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇതിന്റെയൊക്കെ പരിധി എവിടെയെന്ന് ഗിബ്‌സണ്‍ ചോദിക്കുന്നു. താരങ്ങള്‍ മോശം ഭാഷ ഉപയോഗിച്ചിട്ടും ഫീല്‍ഡ് അമ്പയര്‍മാര്‍ ഇത് റിപ്പോര്‍ട്ട് ചെയ്തില്ലെന്നതാണ് ഗിബ്‌സണെ ചൊടിപ്പിക്കുന്നത്.

താരങ്ങള്‍ സംസാരിക്കുന്നത് അമ്പയര്‍ക്ക് വ്യക്തമായി കേള്‍ക്കാം. കളി നിയന്ത്രിക്കുന്നവര്‍ മോശം പെരുമാറ്റത്തിനും വിലങ്ങിടണം. മറ്റ് കാര്യങ്ങള്‍ മാറ്റിവെച്ച് ക്രിക്കറ്റ് കളിക്കാന്‍ ശ്രദ്ധിക്കണം, മുന്‍ വെസ്റ്റിന്ത്യന്‍ താരമായ ഗിബ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, March 9, 2018, 6:47 [IST]
Other articles published on Mar 9, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍