മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ പരമ്പര അവസാനിച്ച ഇന്ത്യക്ക് മുന്നില്‍ ഇനിയുള്ളത് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയാണ്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലേക്ക് ഇന്ത്യ കടുക്കുകയാണ്. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷമുള്ള ആദ്യത്തെ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ ഏകദിന പരമ്പര തോറ്റു. ഇൗ രണ്ട് പരമ്പരയിലും ഗംഭീര്‍ തന്റേതായ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇനി ടെസ്റ്റില്‍ എന്ത് പരീക്ഷണമാവും ഗംഭീര്‍ നടത്തുകയെന്നാണ് കണ്ടറിയേണ്ടത്.
ബംഗ്ലാദേശ് ദുര്‍ബലരായ ടീമായതിനാല്‍ ഗംഭീര്‍ ധൈര്യത്തോടെ പരീക്ഷണം നടത്താന്‍ തയ്യാറായേക്കും. ബംഗ്ലാദേശ് പരമ്പരക്കുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സര്‍പ്രൈസായി ഇടം ലഭിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. സൂര്യകുമാര്‍ യാദവിന് ഗംഭീര്‍ ടെസ്റ്റിലും അവസരം നല്‍കുമെന്നാണ് വിവരം. നിലവിലെ ടി20 നായകനായ സൂര്യയുടെ ആഭ്യന്തര ക്രിക്കറ്റിലെ കണക്കുകള്‍ തീരെ മോശമല്ല. അല്‍പ്പം ആക്രമണോത്സകതയോടെ കളിക്കുന്ന താരങ്ങള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ വേണമെന്നാണ് ഗംഭീറിന്റെ നിലപാട്.
സൂര്യകുമാര്‍ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ കഴിവുള്ള താരമാണ്. ഇന്ത്യക്കായി ഒരു ടെസ്റ്റ് മാത്രമാണ് താരം കളിച്ചിട്ടുള്ളത്. ഇപ്പോള്‍ വിശ്രമത്തിലുള്ള സൂര്യകുമാര്‍ മുംബൈക്കായി ആഭ്യന്തര ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി താരം തയ്യാറെടുപ്പുകള്‍ ആരംഭിച്ച് കഴിഞ്ഞു. അതുകൊണ്ടുതന്നെ സൂര്യ ടെസ്റ്റ് ടീം ലക്ഷ്യമിടുന്നുണ്ടെന്ന് വ്യക്തം. ഗൗതം ഗംഭീര്‍ സൂര്യകുമാറിന് വലിയ പിന്തുണ നല്‍കുന്ന പരിശീലകനാണ്.
അതുകൊണ്ടുതന്നെ സൂര്യകുമാറിനെ ഗംഭീര്‍ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്. മറ്റൊരു താരം സഞ്ജു സാംസണാണ്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ സഞ്ജുവിനോട് ഗംഭീര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മികവ് കാട്ടാനായാല്‍ സഞ്ജുവിന് രണ്ടാം വിക്കറ്റ് സ്ഥാനത്തേക്ക് പരിഗണന ലഭിച്ചേക്കും. നിലവില്‍ റിഷഭ് പന്താണ് ഒന്നാം നമ്പര്‍ കീപ്പര്‍. ദ്രുവ് ജുറേല്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ടെസ്റ്റില്‍ രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനം നോട്ടമിടുന്നവരാണ്.

രാഹുല്‍ ടീമിലുണ്ടാവുമെന്ന് ഉറപ്പാണെങ്കിലും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ രണ്ടാം വിക്കറ്റ് കീപ്പറായി സ്‌പെഷ്യലിസ്റ്റ് കീപ്പറെ തന്നെയാവും തിരഞ്ഞെടുക്കുക. ഈ റോളിലേക്ക് സഞ്ജുവിന് അവസരം ലഭിച്ചാലും അത്ഭുതപ്പെടാനാവില്ല. റിയാന്‍ പരാഗിനും ടെസ്റ്റ് ടീമിലേക്ക് വിളി ലഭിച്ചേക്കും. അവസാന ആഭ്യന്തര സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് റിയാന്‍ പരാഗ് കാഴ്ചവെച്ചത്.
ഓള്‍റൗണ്ട് പ്രകടനം നടത്താന്‍ പരാഗിന് സാധിക്കുന്നുണ്ട്. അതിവേഗം റണ്‍സുയര്‍ത്താനും കഴിവുണ്ട്. ഇതിനോടകം ഇന്ത്യക്കായി ടി20, ഏകദിന പരമ്പരയില്‍ പരാഗ് അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. മോശമല്ലാത്ത പ്രകടനവും അദ്ദേഹം കാഴ്ചവെക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ടെസ്റ്റ് ടീമിലേക്ക് പരാഗിന് വിളി ലഭിക്കാനും സാധ്യത കൂടുതലാണ്. ഗംഭീര്‍ വലിയ പിന്തുണ നല്‍കുന്ന താരങ്ങളിലൊരാളാണ് റിയാന്‍ പരാഗെന്ന് പറയാം. അതുകൊണ്ടുതന്നെ ടെസ്റ്റില്‍ പരാഗ് വരാന്‍ സാധ്യതയുണ്ട്.
മറ്റൊരു താരം അര്‍ഷ്ദീപ് സിങ്ങാണ്. നിലവിലെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടം കൈയന്‍ പേസര്‍മാരില്ല. മുഹമ്മദ് ഷമി തിരിച്ചുവരാനൊരുങ്ങുന്നത് ഇന്ത്യക്ക് പോസിറ്റീവാണ്. എന്നാല്‍ ഇടം കൈയന്‍ പേസര്‍മാരുടെ ദൗര്‍ബല്യം ഇന്ത്യയെ വേട്ടയാടും.
ഇതിന് പരിഹാരം കാണാന്‍ അര്‍ഷ്ദീപ് സിങ്ങിന് ടെസ്റ്റ് ടീമിലേക്ക് വിളി നല്‍കാന്‍ സാധ്യത കൂടുതലാണ്. ഹാര്‍ദിക് പാണ്ഡ്യയെ ടെസ്റ്റ് ടീമിലേക്ക് തിരികെ കൊണ്ടുവരാനും ഗംഭീര്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്ന ഹാര്‍ദിക് ടെസ്റ്റിലേക്ക് മടങ്ങിയെത്തുമോയെന്നത് കണ്ടറിയണം.