തോറ്റു മതിയായി... ചാംപ്യന്‍മാര്‍ക്കു വേണം ഒരു ജയം, മുംബൈക്ക് അഗ്നിപരീക്ഷ

Written By:

മുംബൈ: ഐപിഎല്ലില്‍ ഈ സീസണിലെ ആദ്യ ജയം തേടി നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നു. ചൊവ്വാഴ്ച രാത്രി എട്ടിനു നടക്കുന്ന മല്‍സരത്തില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് മുംബൈയുടെ എതിരാളികള്‍. ഈ സീസണിലെ മൂന്നു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ രണ്ടു ടീമുകളാണ് മുംബൈയും ആര്‍സിബിയും.

ഇത്തവണ ഒരു മല്‍സരം പോലും ജയിക്കാനായിട്ടില്ലാത്ത ഏക ടീം മുംബൈയാണ്. ആദ്യത്തെ മൂന്നു കളികളിലും തോറ്റ അവര്‍ പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്താണ്. മറുഭാഗത്ത് ആര്‍സിബിക്കാവട്ടെ മൂന്നു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ ജയിക്കാനായിട്ടുള്ളൂ. രണ്ടെണ്ണതത്തില്‍ അവര്‍ തോല്‍വിയേറ്റുവാങ്ങി.

ജയത്തിന് കൈയെത്തുംദൂരത്തെത്തി

ജയത്തിന് കൈയെത്തുംദൂരത്തെത്തി

കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും തോറ്റെങ്കിലും ഏകപക്ഷീയമായിരുന്നില്ല മുംബൈയുടെ പരാജയം. ജയത്തിന് തൊട്ടരികിലെത്തിയാണ് മുംബൈ തോല്‍വിയിലേക്കു വീണത്. ഉദ്ഘാടന മല്‍സരത്തില്‍ മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ ഒരു പന്ത് മാത്രം ബാക്കിനില്‍ക്കവെയാണ് മുംബൈയില്‍ കൈയില്‍ നിന്നും ജയം വഴുതിപ്പോയത്.
പിന്നീട് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ അവസാന പന്തിലായിരുന്നു മുംബൈയുടെ തോല്‍വി. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ നടന്ന അവസാനത്തെ മല്‍സരത്തിലും കാര്യങ്ങള്‍ സമാനമായിരുന്നു. അവസാന പന്തിലാണ് ഡല്‍ഹി വിജയറണ്‍സ് കണ്ടെത്തിയത്.

രോഹിത്തിന്റെ ഫോം

രോഹിത്തിന്റെ ഫോം

ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും വ്യത്യസ്ത താരങ്ങളാണ് മുംബൈക്കു വേണ്ടി ബാറ്റിങിലും ബൗളിങിലും തിളങ്ങിയത്. എന്നാല്‍ ക്യാപ്റ്റനും വെടിക്കെട്ട് താരവുമായ രോഹിത് ശര്‍മയ്ക്ക് ഇതുവരെ തന്റെ യഥാര്‍ഥ മികവ് പുറത്തെടുക്കാനായിട്ടില്ല. മുന്‍ സീസണുകളില്‍ രോഹിത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് മുംബൈയെ മൂന്നു വട്ടം കിരീട വിജയത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായകമായത്.
ഇത്തവണ കിരീടം നിലനിര്‍ത്തണമെങ്കില്‍ 'ഉറങ്ങിക്കിടക്കുന്ന' തങ്ങളുടെ രോഹിത്ത് ഉണര്‍ന്നേ തീരൂവെന്ന് ആരാധകര്‍ക്കു നന്നായറിയാം. അദ്ദേഹം വീണ്ടും തന്റെ ബാറ്റിങ് പാടവം വീണ്ടെടുത്താല്‍ ജയം മുംബൈയുടെ വഴിക്കു വരും. കഴിഞ്ഞ മൂന്നു കളികളിലും തോറ്റതിനാല്‍ മുംബൈക്ക് ഇനിയുള്ള മല്‍സരങ്ങള്‍ നിര്‍ണായകമാണ്. ആര്‍സിബിക്കെതിരേ തങ്ങളുടെ പഴയ രോഹിത്തിനെ കാണാനാവുമെന്ന പ്രതീക്ഷയിലാണ് മുംബൈ ആരാധകര്‍.

ആര്‍സിബി ആയതില്‍ ആശ്വാസം

ആര്‍സിബി ആയതില്‍ ആശ്വാസം

ചൊവ്വാഴ്ചത്തെ മല്‍സരത്തില്‍ എതിരാളി ആര്‍സിബി ആയതിനാല്‍ മുംബൈക്ക് അല്‍പ്പം ആശ്വാസമുണ്ടാവും. കാരണം ജയിക്കാനുള്ള എല്ലാ വിഭവങ്ങളുമുണ്ടായിട്ടും അതു ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിച്ചിട്ടില്ലാത്ത ടീമാണ് ആര്‍സിബി. കഴിഞ്ഞ 10 സീസണുകളിലും കിരീടം നേടാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ആര്‍സിബിക്ക് ഈ സീസണിലും അതിനു സാധ്യത കുറവാണെന്നാണ് ആദ്യ മല്‍സരങ്ങള്‍ നല്‍കുന്ന സൂചന.
മുംബൈയുടെയും ആര്‍സിബിയുടെയും ക്യാപ്റ്റന്‍മാരെ താരതമ്യം ചെയ്യുകയാണെങ്കില്‍ രോഹിത്തിന് മൂന്നു വട്ടം കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായപ്പോള്‍ ഒരിക്കല്‍പ്പോലും കോലിക്കു അതിനു സാധിച്ചിട്ടില്ല. മൂന്നു തവണ ആര്‍സിബി ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. ഒരു ടീമെന്ന നിലയില്‍ ഒത്തിണക്കം കാണിക്കാന്‍ സാധിക്കാത്തതാണ് ആര്‍സിബി നേരിടുന്ന പ്രധാന വെല്ലുവിളി.

കണക്കുകളില്‍ മുംബൈ മുന്നില്‍

കണക്കുകളില്‍ മുംബൈ മുന്നില്‍

ഐപിഎല്ലിലെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ആര്‍സിബിക്കെതിരേ മുംബൈക്ക് വ്യക്തമായ മേല്‍ക്കൈ ഉണ്ട്. ഈ കണക്കുകളുടെ ആത്മവിശ്വാസത്തിലാണ് ഹോംഗ്രൗണ്ടായ വാംഖഡെയിലേക്കു ആര്‍സിബിയെ മുംബൈ ക്ഷണിക്കുന്നത്.
ഇതുവരെ 21 മല്‍സരങ്ങളിലാണ് ഐപിഎല്ലില്‍ മുംബൈയും ആര്‍സിബിയും ഏറ്റുമുട്ടിയത്. ഇതില്‍ 13ലും വിജയം മുംബൈക്കൊപ്പം നിന്നു. വെറും എട്ടെണ്ണത്തില്‍ മാത്രമാണ് ആര്‍സിബിക്കു ജയിക്കാന്‍ സാധിച്ചത്. എന്നാല്‍ വാംഖഡെയില്‍ ഇരുടീമുകളും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നു കാണാം. ഇവിടെ നടന്ന ഏഴു കളികളില്‍ നാലെണ്ണത്തില്‍ മുംബൈ ജയിച്ചപ്പോള്‍ മൂന്നെണ്ണത്തിലാണ് ആര്‍സിബി ജയിച്ചുകയറിയത്.

ഏക ജയം പഞ്ചാബിനെതിരേ

ഏക ജയം പഞ്ചാബിനെതിരേ

പതിവുപോലെ വന്‍ പ്രതീക്ഷകളുമായാണ് ആര്‍സിബി ഈ സീസണിലെയും ഐപിഎല്ലില്‍ ഇറങ്ങിയത്. അതിശക്തമായ ബാറ്റിങ് നിരയും മികച്ച ബൗളര്‍മാരും ഉണ്ടായിട്ടും കളിക്കളത്തില്‍ ഒരു ടീമെന്ന നിലയില്‍ ഇതുവരെ അവര്‍ക്കു പെര്‍ഫോം ചെയ്യാനായിട്ടില്ല. പലപ്പോഴും ആള്‍ക്കൂട്ടമായി മാറുന്ന ആര്‍സിബിയയെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്നതാവും ക്യാപ്റ്റന്‍ കോലി നേരിടുന്ന പ്രധാന വെല്ലുവിളി.
ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മല്‍സരത്തില്‍ തോല്‍വിയോടെയാണ് ആര്‍സിബി തുടങ്ങിയത്. രണ്ടാമത്തെ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ തോല്‍പ്പിച്ച് ആര്‍സിബി വിജയത്തിന്റെ അക്കൗണ്ട് തുറന്നു. പക്ഷെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തില്‍ ആര്‍സിബിക്കു വീണ്ടും പിഴച്ചിരുന്നു.
ഒരു അപൂര്‍വ്വ നേട്ടത്തിന് അരികിലാണ് ആര്‍സിബി നായകന്‍ കോലി. 49 റണ്‍സ് കൂടി നേടാനായാല്‍ ട്വന്റി ട്വന്റിയില്‍ ഒരു ടീമിനു വേണ്ടി മാത്രം 5000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലാവും.

ആരൊക്കെ കളിക്കും?

ആരൊക്കെ കളിക്കും?

പ്ലെയിങ് ഇലവന്‍ (സാധ്യത)
മുംബൈ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, എവിന്‍ ലൂയിസ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, കിരോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, മിച്ചെല്‍ മക്ലെനഗന്‍, മയാങ്ക് മര്‍ക്കാന്‍ഡെ, ജസ്പ്രീത് ബുംറ, മുസ്തഫിസുര്‍ റഹ്മാന്‍.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക്, പാര്‍ഥിവ് പട്ടേല്‍, എബി ഡിവില്ലിയേഴ്‌സ്, മന്‍ദീപ് സിങ്, കോറി ആന്‍ഡേഴ്‌സന്‍, വാഷിങ്ടണ്‍ സുന്ദര്‍, ക്രിസ് വോക്‌സ്, ഉമേഷ് യാദവ്, കുല്‍വന്ദ് കെജ്രോലിയ, യുസ്‌വേന്ദ്ര ചഹല്‍.

ആദ്യം അടിച്ചൊതുക്കി, പിന്നെ എറിഞ്ഞു 'തീര്‍ത്തു'... കൊല്‍ക്കത്തയില്‍ ഗംഭീറിന്റെ ഡല്‍ഹി നാണംകെട്ടു

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, April 17, 2018, 8:22 [IST]
Other articles published on Apr 17, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍