ചരിത്രം വഴിമാറിയ പരമ്പരനേട്ടം... രോഹിത്തിന്റേത് ലോക റെക്കോര്‍ഡ്!! ഇനിയുമുണ്ട് നാഴികക്കല്ലുകള്‍

Written By:

പോര്‍ട്ട് എലിസബത്ത്: ടീം ഇന്ത്യ ചരിത്രനേട്ടത്തിന്റെ നെറുകയിലാണ്. ഇതിനു മുമ്പുള്ള ടീമുകള്‍ക്കൊന്നും സാധിക്കാതിരുന്ന നേട്ടമാണ് വിരാട് കോലിയും സംഘവും ദക്ഷിണാഫ്രിക്കയില്‍ കുറിച്ചത്. അഞ്ചാം ഏകദിനത്തില്‍ നേടിയ 73 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ ടീമായി കോലിക്കൂട്ടം മാറിയിരുന്നു. ടെസ്റ്റ് പരമ്പരയിലേറ്റ തോല്‍വിക്ക് ഏകദിനത്തിലൂടെ കണക്കുതീര്‍ക്കാനും ടീം ഇന്ത്യക്കു കഴിഞ്ഞു.

ഓപ്പണര്‍ രോഹിത് ശര്‍മയുടെ (115) തകര്‍പ്പന്‍ സെഞ്ച്വറിയും സ്പിന്നര്‍മാരുടെ മിന്നുന്ന പ്രകടനവുമാണ് ഇന്ത്യക്കു അവിസ്മരണീയ വിജയം സമ്മാനിച്ചത്. നിരവധി റെക്കോര്‍ഡുകളാണ് ഈ മല്‍സരത്തോടെ തിരുത്തപ്പെട്ടത്. പ്രധാനപ്പെട്ട നാഴികക്കല്ലുകളിലേക്ക് കണ്ണോടിക്കാം.

രോഹിത്തിന്റേത് പുതിയ റെക്കോര്‍ഡ്

രോഹിത്തിന്റേത് പുതിയ റെക്കോര്‍ഡ്

മല്‍സരത്തില്‍ 126 പന്തില്‍ 11 ബൗണ്ടറികളും നാലു സിക്‌സറുമടക്കം 115 റണ്‍സാണ് രോഹിത് നേടിയത്. ഈ കളിയിലെ നാലു സിക്‌സറുകളോടെ പുതിയ ലോകറെക്കോര്‍ഡാണ് താരം സ്ഥാപിച്ചത്. ഒരു സീസണില്‍ അന്താരാഷ്ട്ര മല്‍സരത്തില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് രോഹിത് സ്വന്തം പേരിലാക്കി.
2017-18 സീസണില്‍ 57 സിക്‌സറുകളാണ് രോഹിത് വാരിക്കൂട്ടിയത്. ന്യൂസിലന്‍ഡ് ഒാപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 2015-16 സീസണില്‍ നേടിയ 56 സിക്്‌സറുകളെന്ന ലോക റെക്കോര്‍ഡാണ് ഇതോടെ തിരുത്തപ്പെട്ടത്.

പോര്‍ട്ട് എലിസബത്തിലെ ആദ്യ ജയം

പോര്‍ട്ട് എലിസബത്തിലെ ആദ്യ ജയം

ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ കന്നി ഏകദിന പരമ്പരയെന്ന നേട്ടത്തിനൊപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി ഇന്ത്യ സ്വന്തമാക്കിയിരുന്നു. പോര്‍ട്ട് എലിസബത്തിലെ ആദ്യ വിജയമാണ് ഇന്ത്യ കൈക്കലാക്കിയത്. ഇതിനു മുമ്പ് ഇവിടെ നടന്ന അഞ്ച് മല്‍സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതില്‍ നാലെണ്ണം ദക്ഷിണാഫ്രിക്കയോട് ആയിരുന്നെങ്കില്‍ മറ്റൊന്ന് കെനിയക്കെതിരേയായിരുന്നു.

പാകിസ്താനു ശേഷമാദ്യം

പാകിസ്താനു ശേഷമാദ്യം

ഒരു ഏഷ്യന്‍ ടീം ദക്ഷിണാഫ്രിക്കന്‍ ഏകദിന പരമ്പര നേടുന്നത് ഇതു രണ്ടാം തവണയാണ്. നേരത്തേ 2013ല്‍ പാകിസ്താന്‍ മാത്രമാണ് ഇവിടെ പരമ്പര നേടിയിട്ടുള്ളത്.

400 കടന്ന് കോലി

400 കടന്ന് കോലി

രണ്ടു സെഞ്ച്വറികളടക്കം ഇന്ത്യന്‍ നായകന്‍ കോലി ഈ പരമ്പരയില്‍ ഇതിനനകം 400ലേറെ റണ്‍സ് അടിച്ചെടുത്തുകഴിഞ്ഞു. ഒരു ഏകദിന പരമ്പരയില്‍ 400ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് അദ്ദേഹം.

കോലി-രോഹിത് കോമ്പിനേഷന്‍

കോലി-രോഹിത് കോമ്പിനേഷന്‍

കോലിയും രോഹിതും ഇതുവരെ ഏകദിനത്തില്‍ ഏഴു റണ്ണൈട്ടുകളില്‍ പങ്കാളികളായിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍- സൗരവ് ഗാംഗുലി (ഒമ്പത് റണ്ണൗട്ട്) ജോടിയാണ് ഏറ്റവുമധികം റണ്ണൗട്ടുകളില്‍ പങ്കാളികളായ ഇന്ത്യന്‍ സഖ്യം.

വിന്‍ഡീസിന്റെ വഴിയെ ടീം ഇന്ത്യ

വിന്‍ഡീസിന്റെ വഴിയെ ടീം ഇന്ത്യ

തുടര്‍ച്ചയായി ഒമ്പതാം ഏകദിന പരമ്പരയിലാണ് ഇന്ത്യ വെന്നിക്കൊടി പാറിച്ചത്. വെസ്റ്റ് ഇന്‍ഡീസ് മാത്രമേ ഇനി ഇന്ത്യക്കു മുന്നിലുള്ളൂ.

1980 മെയ് 1988 മാര്‍ച്ച് കാലയളവില്‍ തുടര്‍ച്ചയായി 14 ഏകദിന പരമ്പരകള്‍ നേടിയാണ് വിന്‍ഡീസ് റെക്കോര്‍ഡിട്ടത്.

സെഞ്ച്വറി കൂട്ടുകെട്ട്

സെഞ്ച്വറി കൂട്ടുകെട്ട്

കോലിയും രോഹിത്തും ഏകദിനത്തില്‍ 13 സെഞ്ച്വറി കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയിട്ടുണ്ട്. വെറും 62 മല്‍സരങ്ങളിലാണ് ജോടി ഈ നേട്ടമുണ്ടാക്കിയത്. ഏറ്റവുമധികം സെഞ്ച്വറി കൂട്ടുകെട്ടുകളില്‍ പങ്കാളിയായ ഇന്ത്യന്‍ സഖ്യം സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയുമാണ് (26).

രോഹിത്തിനു മുന്നില്‍ 2 പേര്‍ മാത്രം

രോഹിത്തിനു മുന്നില്‍ 2 പേര്‍ മാത്രം

ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഓപ്പണറാണ് രോഹിത്. ഓപ്പണറെന്ന നിലയില്‍ തന്റെ 15ാം സെഞ്ച്വറിയാണ് പോര്‍ട്ട് എലിസബത്തില്‍ താരം കുറിച്ചത്.
ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (45 സെഞ്ച്വറി), സൗരവ് ഗാംഗുലി (19) എന്നിവരാണ് ഇനി രോഹിത്തിനു മുന്നിലുള്ളത്.

ചഹലും കുല്‍ദീപും റെക്കോര്‍ഡിട്ടു

ചഹലും കുല്‍ദീപും റെക്കോര്‍ഡിട്ടു

ബാറ്റ്‌സ്മാന്മാര്‍ മാത്രമല്ല ബൗളര്‍മാര്‍ക്കും അഭിമാനിക്കാവുന്ന പരമ്പരയാണിത്. ഇന്ത്യയുടെ പുതിയ സ്പിന്‍ ജോടികളായ യുസ്‌വേന്ദ്ര ചഹലും കുല്‍ദീപ് യാദവും ചേര്‍ന്ന് അഞ്ചു കളികളില്‍ നിന്നും 28 വിക്കറ്റുകളാണ് കടപുഴക്കിയത്. ഏകദിന പരമ്പയില്‍ ആദ്യമായാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഇത്രയുമധികം വിക്കറ്റുകള്‍ കൊയ്യുന്നത്.

സച്ചിനെ പിന്തള്ളി രോഹിത്

സച്ചിനെ പിന്തള്ളി രോഹിത്

സിക്‌സറുകളുടെ എണ്ണത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിനെയും രോഹിത് പിന്തള്ളിക്കഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 265 സിക്‌സറുകളാണ് രോഹിത് ഇതുവരെ നേടിയത്. സച്ചിന്റെ സമ്പാദ്യം 264 സിക്‌സറുകളായിരുന്നു. 338 സിക്‌സറുകളുായി മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് സിക്‌സര്‍ വേട്ടയില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം.

Story first published: Wednesday, February 14, 2018, 10:37 [IST]
Other articles published on Feb 14, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍