ഈഡനില്‍ 'ഗംഭീരമായില്ല' കാര്യങ്ങള്‍... ഡല്‍ഹിക്ക് പിഴച്ചത് എവിടെ? അഞ്ച് വീഴ്ചകള്‍

Written By:

കൊല്‍ക്കത്ത: ഐപിഎല്ലില്‍ രണ്ടു തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ കിരീടവിജയത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ പഴയ തട്ടകത്തിലേക്കുള്ള മടങ്ങിവരവ് ദുരന്തമായി മാറി. തിങ്കളാഴ്ച രാത്രി നടന്ന കളിയില്‍ ഗംഭീര്‍ നയിച്ച ഡല്‍ഹിയെ കെകെആര്‍ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മല്‍സരത്തില്‍ ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ഡല്‍ഹിയെ നിഷ്പ്രഭരാക്കുകയായിരുന്നു കെകെആര്‍.

71 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് കെകെആര്‍ സ്വന്തമാക്കിയത്. 15 ഓവര്‍ പോലും ബാറ്റ് ചെയ്യാനാവാതെയാണ് ഡല്‍ഹി നാണംകെട്ട് കൂടാരത്തില്‍ തിരിച്ചെത്തിയത്. മല്‍സരത്തില്‍ ഡല്‍ഹിയുടെ തോല്‍വിക്കു പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

കുല്‍ദീപിന്റെ ഇരട്ടപ്രഹരം

കുല്‍ദീപിന്റെ ഇരട്ടപ്രഹരം

201 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ഡല്‍ഹിക്കു കെകെആര്‍ നല്‍കിയിരുന്നത്. മൂന്നിന് 24 റണ്‍സെന്ന നിലയിലേക്ക് വീണ ഡല്‍ഹി പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഗ്ലെന്‍ മാക്‌സ്‌വെല്ലും റിഷഭ് പന്തും കത്തിക്കയറിയപ്പോള്‍ ഡല്‍ഹി മല്‍സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
അപകടകരമായി മുന്നേറിയ ഈ കൂട്ടുകെട്ടിനെ തകര്‍ക്കാന്‍ കുല്‍ദീപ് യാദവിനെയാണ് കെകെആര്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് ചുമതലപ്പെടുത്തിയത്. കുല്‍ദീപ് നിരാശപ്പെടുത്തിയില്ല. 43 റണ്‍സെടുത്ത പന്തിനെ കുല്‍ദീപ് പിയൂഷ് ചൗളയുടെ കൈകളിലെത്തിച്ചു.
തനിക്കെതിരേ രണ്ടു സിക്‌സറുകള്‍ പറത്തിയ മാക്‌സ്‌വെല്ലിനെ മൂന്നാമത്തെ പന്തില്‍ പുറത്താക്കി പുറത്താക്കി കുല്‍ദീപ് ഡല്‍ഹിയുടെ പ്രതീക്ഷകള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുകയും ചെയ്തു. ഈ ഇരട്ടപ്രഹരത്തില്‍ നിന്നും പിന്നീട് കരകയറാനാവാതെ ഡല്‍ഹി തോല്‍വിയിലേക്കു കൂപ്പുകുത്തുകയായിരുന്നു.

തകര്‍ച്ചയോടെ തുടക്കം

തകര്‍ച്ചയോടെ തുടക്കം

വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് മികച്ച തുടക്കം ലഭിച്ചിരുന്നെങ്കില്‍ മാത്രമേ വിജയസാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഡല്‍ഹിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ടീം സ്‌കോര്‍ 24 റണ്‍സിലെത്തിയപ്പോഴേക്കും അവര്‍ക്ക് മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി.
തൊട്ടുമുമ്പത്തെ കളിയിലെ ഹീറോയായ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ജാസണ്‍ റോയിയാണ് (1) ആദ്യം പുറത്തായത്. ആദ്യ ഓവറിലെ അഞ്ചാമത്തെ പന്തില്‍ തന്നെ പിയൂഷ് ചൗള റോയിയെ പുറത്താക്കി. ടീം സ്‌കോര്‍ 13ല്‍ നില്‍ക്കെ ശ്രേയസ് അയ്യരെ (4) റസ്സല്‍ പുറത്താക്കിയതോടെ ഡല്‍ഹി അപകടം മണത്തു. ടീം സ്‌കോറിലേക്കു 11 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും കെകെആര്‍ ഡല്‍ഹിക്കു വീണ്ടും പ്രഹരമേല്‍പ്പിച്ചു. ഗംഭീറിനെ (8) ശിവം മാവി ബൗള്‍ഡാക്കിയതോടെയാണ് ഡല്‍ഹിയുടെ നില കൂടുതല്‍ പരിതാപകരമായത്.

ഷമി വീണ്ടും നിരാശപ്പെടുത്തി

ഷമി വീണ്ടും നിരാശപ്പെടുത്തി

ഇന്ത്യയുടെ വിവാദ പേസര്‍ മുഹമ്മദ് ഷമി ബൗളിങില്‍ വീണ്ടും നിരാശപ്പെടുത്തിയതും ഡല്‍ഹിക്കു തിരിച്ചടിയായി. ഭാര്യ ഹസിന്‍ ജഹാന്റെ പരാതിയെ തുടര്‍ന്നു പോലീസ് കേസെടുത്തപ്പോഴും ഡല്‍ഹി ടീം മാനേജ്‌മെന്റിനു ഷമിയുടെ കഴിവുകളില്‍ ഉത്തമവിശ്വാസമുണ്ടായിരുന്നു. എന്നാല്‍ യഥാര്‍ഥ ഷമിയുടെ നിഴല്‍ മാത്രമാണ് ഐപിഎല്ലിലെ ഇതുവരെയുള്ള മല്‍സരങ്ങളില്‍ കണ്ടത്.
കെകെആറിനെതിരേയും താരം മോശം പ്രകടനമാണ് കാഴ്ചവച്ചത്. നാലോവര്‍ ബൗള്‍ ചെയ്ത ഷമി ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും 53 റണ്‍സ് വിട്ടുകൊടുച്ചിരുന്നു. ഡല്‍ഹി നിരയില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയതും ഷമി തന്നെയാണ്.
ഷമിയുടെ 15ാം ഓവറില്‍ കൊല്‍ക്കത്തയുടെ വെടിക്കെട്ട് താരം ആന്ദ്രെ റസ്സല്‍ മൂന്നു സിക്‌സറുകളാണ് നേടിയത്. തൊട്ടടുത്ത ഓവറിലും ഷമിയെ റസ്സല്‍ വെറുതെവിട്ടില്ല. ഈ ഓവറിലും മൂന്നു സിക്‌റുകള്‍ റസ്സല്‍ വാരിക്കൂട്ടി. ഇതേ പ്രകടനം തുടര്‍ന്നാല്‍ ഇനിയുള്ള കളികൡ ഷമിക്കു പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമാവുമെന്നുറപ്പാണ്.

റസ്സലിന്റെ ക്യാച്ച് കൈവിട്ടു

റസ്സലിന്റെ ക്യാച്ച് കൈവിട്ടു

അപകടകാരിയായ റസ്സലിന്റെ ക്യാച്ച് കൈവിട്ടതും ഡല്‍ഹിയുടെ പരാജയത്തിനു ആക്കം കൂട്ടി. മല്‍സരത്തില്‍ വെറും 12 പന്തില്‍ ആറു സിക്‌സറുകളുള്‍പ്പെടെ 41 റണ്‍സ് വാരിക്കൂട്ടിയ റസ്സലാണ് കെകെആറിന്റെ സ്‌കോര്‍ 200ല്‍ എത്തിച്ചത്. എന്നാല്‍ വ്യക്തിഗത സ്‌കോര്‍ ഏഴില്‍ നില്‍ക്കെ റസ്സലിനെ പുറത്താക്കാന്‍ ഡല്‍ഹിക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഷമിയുടെ സ്ലോ ബോളില്‍ റസ്സല്‍ നല്‍കിയ ക്യാച്ച് ജാസണ്‍ റോയ് കൈവിടുകയായിരുന്നു.
തനിക്കു ഡല്‍ഹി ദാനം നല്‍കിയ ജീവന്‍ റസ്സല്‍ ശരിക്കും ആഘോഷിക്കുകയും ചെയ്തു. ഡല്‍ഹി ബൗളിങ് നിരയെ വിന്‍ഡീസ് സൂപ്പര്‍ താരം പിച്ചിച്ചീന്തുകയായിരുന്നു.
റസ്സല്‍ നല്‍കിയ അവസരം റോയ് മുതലെടുത്തിരുന്നെങ്കില്‍ ഒരുപക്ഷെ ജയം ഡല്‍ഹിക്കൊപ്പം നില്‍ക്കുമായിരുന്നു.

റാണ- പുതിയ താരോദയം

റാണ- പുതിയ താരോദയം

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ മുബൈക്കു വേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് നിതീഷ് റാണ. സീസണിന്റെ തുടക്കത്തില്‍ മിന്നിയ റാണയ്ക്ക് പക്ഷെ അവസാനമാവുമ്പോഴേക്കും സ്ഥിരത നിലനിര്‍ത്താന്‍ സാധിച്ചില്ല. പക്ഷെ ഇത്തവണ ലേലത്തില്‍ തന്നെ ടീമിലെത്തിക്കാന്‍ ധൈര്യം കാണിച്ച കൊല്‍ക്കത്തയുടെ തീരുമാനം തെറ്റിയില്ലെന്നു റാണ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. നാലാം നമ്പറില്‍ സ്ഥിരതയാര്‍ന്ന ബാറ്റിങിലൂടെ റാണ തന്റെ സ്ഥാനം ഭദ്രമാക്കിക്കഴിഞ്ഞു.
ഡല്‍ഹിക്കെതിരേയുള്ള കളിയില്‍ 59 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു അദ്ദേഹം. 35 പന്തില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുകളും റാണയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ടെവാട്ടിയയെ സിക്‌സറിച്ചാണ് റാണ ഇന്നിങ്‌സ് തുടങ്ങിയത്. തൊട്ടടുത്ത ഓവറില്‍ ഷബഹാസ് നദീമിനെതിരേ ഓരോ സിക്‌സറും ബൗണ്ടറിയും നേടിയ റാണ മികച്ച ഇന്നിങ്‌സിലൂടെ കൊല്‍ക്കത്ത ബാറ്റിങിന്റെ നെടുംതൂണാവുകയായിരുന്നു.

തോറ്റു മതിയായി... ചാംപ്യന്‍മാര്‍ക്കു വേണം ഒരു ജയം, മുംബൈക്ക് അഗ്നിപരീക്ഷ

ജോസു അമേരിക്കൻ ക്ലബ്ബ് വിട്ടു.. ഇനി താരം ബ്ലാസ്റ്റേഴ്സിലേക്കോ?

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, April 17, 2018, 14:35 [IST]
Other articles published on Apr 17, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍