ഐപിഎല്‍: 'തല തെറിച്ച'വര്‍ മുഖാമുഖം... റോയല്‍ തിരിച്ചുവരവിന് രാജസ്ഥാന്‍, ഹൈദരാബാദും ഒരുങ്ങിത്തന്നെ

Written By:
IPL 2018 : Hyderabad Vs Rajasthan Match Prediction | Oneindia Malayalam

ഹൈദരാബാദ്: ഐപിഎല്ലിലെ നാലാമത്തെ മല്‍സരത്തില്‍ തിങ്കാഴ്ച രാത്രി എട്ടിന് മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് പോരാട്ടം. പതിനൊന്നാം സീസണിലെ തങ്ങളുടെ ആദ്യ മല്‍സരം ജയത്തോടെ തന്നെ തുടങ്ങാന്‍ കച്ചമുറുക്കിയാണ് ഇരുടീമും പോരാട്ടത്തിനിറങ്ങുന്നത്.

നേരത്തേ പ്രഖ്യാപിച്ചതില്‍ നിന്നും വ്യത്യസ്തമായി പുതിയ ക്യാപ്റ്റന്‍മാര്‍ക്കു കീഴിലാണ് രാജസ്ഥാനും ഹൈദരാബാദും ഇറങ്ങുന്നത് എന്ന പ്രത്യേകത കൂടി മല്‍സരത്തിനുണ്ട്. രാജസ്ഥാനെ ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെ നയിക്കുമ്പോള്‍ ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ ന്യൂസിലന്‍ഡ് നായകന്‍ കൂടിയായ കെയ്ന്‍ വില്ല്യംസണാണ്.

സ്മിത്തില്ല, വാര്‍ണറും

സ്മിത്തില്ല, വാര്‍ണറും

പന്ത് ചുരണ്ടല്‍ സംഭവത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്കു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്കപ്പെട്ട ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കുമാണ് ഐപിഎല്‍ നഷ്ടമായത്. ഐപിഎല്ലില്‍ സ്മിത്ത് രാജസ്ഥാന്റെ ക്യാപ്റ്റനായിരുന്നെങ്കില്‍ ഹൈദരാബാദിന്റെ നായകനായിരുന്നു വാര്‍ണര്‍.
ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയതോടൊണ് ബിസിസിഐയും ഇരുതാരങ്ങളെയും ഐപിഎല്ലില്‍ വിലക്കിയത്. ഇതേ തുടര്‍ന്നു രാജസ്ഥാന്‍ രഹാനെയെയും ഹൈദാരാബാദ് വില്ല്യംസണിനെയും ക്യാപ്റ്റനായി തിരഞ്ഞെടുക്കുകയായിരുന്നു. ജയത്തോടെ തന്നെ തങ്ങളുടെ റോളില്‍ തുടക്കം ഗംഭീരമാക്കാമെന്ന ആത്മവിശ്വാസത്തിലാണ് രഹാനെയും വില്ല്യംസണും ഇറങ്ങുന്നത്.

രാജസ്ഥാന്റെ തിരിച്ചുവരവ്

രാജസ്ഥാന്റെ തിരിച്ചുവരവ്

2008ലെ പ്രഥമ ഐപിഎല്ലിലെ ചാംപ്യന്‍മാര്‍ കൂടിയായ രാജസ്ഥാന്റെ ടൂര്‍ണമെന്റിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ മല്‍സരം. വാതുവയ്പ്പുമായി ബന്ധപ്പെട്ടു രണ്ടു വര്‍ഷത്തെ വിലക്ക് നേരിട്ട ശേഷം രാജസ്ഥാന്റെ ആദ്യ മല്‍സരം കൂടിയാണിത്. രാജസ്ഥാനെ കൂടാതെ ചെന്നൈ സൂപ്പര്‍കിങ്‌സിനും രണ്ടു വര്‍ഷം വിലക്കുണ്ടായിരുന്നു.
ചെന്നൈ ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെ ആവേശകരമായ പോരാട്ടത്തില്‍ കീഴടക്കി മടങ്ങിവരവ് ആഘോഷിച്ചിരുന്നു. ചെന്നൈയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് മടങ്ങിവരവില്‍ ജയത്തോടെ തന്നെ തങ്ങളുടെ സാന്നിധ്യമറിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രഹാനെയ്ക്കു കീഴില്‍ രാജസ്ഥാന്‍ ടീം ഹൈദരാബാദിലെത്തിയത്.

പകരക്കാരെ കണ്ടെത്തി ഇരുടീമും

പകരക്കാരെ കണ്ടെത്തി ഇരുടീമും

സ്മിത്തിന്റെയും വാര്‍ണറുടെയും അഭാവം രാജസ്ഥാനും ഹൈദരാബാദിനും കനത്ത തിരിച്ചടി തന്നെയാണ്. എന്നാല്‍ ഈ കുറവ് നികത്താനാവുമെന്ന പ്രതീക്ഷയോടെ പകരക്കാരെ ഇരുടീമുകളും കൊണ്ടു വന്നിട്ടുണ്ട്. സ്മിത്തിന്റെ പകരക്കാരനായി ദക്ഷിണാഫ്രിക്കയുടെ പുതിയ സെന്‍സേഷനായ ഹെന്റിച്ച് ക്ലാസെന്‍ എത്തിയപ്പോള്‍ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ അലെക്‌സ് ഹെയ്ല്‍സാണ് വാര്‍ണര്‍ക്കു പകരം ഹൈദരാബാദിലെത്തിയത്.
സമാന ശൈലിയില്‍ ബാറ്റ് വീശുന്ന ക്ലാസെനും ഹെയ്ല്‍സും ഐപിഎല്ലില്‍ പകരക്കാരായി വന്ന് ഹീറോയായി മടങ്ങാമെന്ന കണക്കുകൂട്ടലിലാണ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ അവസാനമായി നടന്ന പരമ്പരയിലൂടെ വരവറിയിച്ച താരമാണ് ക്ലാസെന്‍. ഇന്ത്യയുടെ സ്പിന്നര്‍മാരെ അന്നു ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഏറ്റവും അനായാസം നേരിട്ടതും ക്ലാസെനായിരുന്നു.
മറുഭാഗത്ത് ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഓപ്പണറാണ് ഹെയ്ല്‍സ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേരത്തേ ചില തീപ്പൊരി പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

ഇവര്‍ തുറുപ്പുചീട്ടുകള്‍

ഇവര്‍ തുറുപ്പുചീട്ടുകള്‍

ഓപ്പണിങില്‍ വാര്‍ണറുടെ അഭാവത്തില്‍ ഇന്ത്യയുടെ ഇടംകൈയന്‍ ബാറ്റ്സ്മാന്‍ ശിഖര്‍ ധവാനാണ് ഹൈദാരാബാദിന്റെ തുറുപ്പുചീട്ട്.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സമീപകാലത്ത് മിന്നുന്ന പ്രകടനമാണ് ധവാന്‍ നടത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ടീമിന് ഏറെ പ്രതീക്ഷയാണ് അദ്ദേഹത്തിലുള്ളത്. ഓപ്പണിങില്‍ ധവാന്റെ പങ്കാളിയായെത്തുന്ന ഹെയ്ല്‍സും അപടകാരിയാണ്. തന്റേതായ ദിവസം ഒറ്റയ്ക്കു മല്‍സരഫലം തന്നെ മാറ്റി മറിക്കാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്.
അതേസമയം, ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സായിരിക്കും രാജസ്ഥാന്റെ രഹസ്യായുധം. ബാറ്റിങിനൊപ്പം ബൗളിങിലും തന്റെ സാന്നിധ്യമറിയിക്കുന്ന താരമാണ് അദ്ദേഹം. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ക്യാപ്റ്റന്‍ രഹാനെയു മലയാളി താരം സഞ്ജു സാംസണും രാജസ്ഥാന് കരുത്തേകും. ഇവരെ കൂടാതെ ക്ലാസെന്‍, ജോസ് ബട്‌ലര്‍ തുടങ്ങിയ വെടിക്കെട്ട് താരങ്ങളും രാജസ്ഥാനുണ്ട്.

 മുന്‍തൂക്കം രാജസ്ഥാന്

മുന്‍തൂക്കം രാജസ്ഥാന്

ഐപിഎല്ലില്‍ പുതുതായി വന്ന ടീമായതിനാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഏഴു മല്‍സരങ്ങള്‍ മാത്രമേ രാജസ്ഥാന്‍ കളിച്ചിട്ടുള്ളൂ. ഇതില്‍ നാലെണ്ണത്തില്‍ രാജസ്ഥാന്‍ ജയിച്ചപ്പോള്‍ മൂന്നെണ്ണത്തിലാണ് ഹൈദരാബാദ് ജയം നേടിയത്.
ഹോംഗ്രൗണ്ടില്‍ മികച്ച റെക്കോര്‍ഡാണ് ഹൈദരാബാദിന്റേത്. ഇവിടെ കളിച്ച 30 മല്‍സരങ്ങളില്‍ 20ലും ജയം അവര്‍ക്കായിരുന്നു. 10 എണ്ണത്തില്‍ മാത്രമാണ് തോല്‍വി നേരിട്ടത്. അവസാനത്തെ 13 മല്‍സരങ്ങളില്‍ 10ലും ഹൈദരാബാദ് വെന്നിക്കൊടി പാറിച്ചിരുന്നു.

സാധ്യതാ ലൈനപ്പ്

സാധ്യതാ ലൈനപ്പ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), അലെക്‌സ് ഹെയ്ല്‍സ്, ശിഖര്‍ ധവാന്‍, മനീഷ് പാണ്ഡെ, ഷാക്വിബ് അല്‍ ഹസന്‍, വൃധിമാന്‍ സാഹ, യൂസുഫ് പത്താന്‍, ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍, സന്ദീപ് ശര്‍മ, സിദ്ധാര്‍ഥ് കൗള്‍/ ബേസില്‍ തമ്പി

രാജസ്ഥാന്‍ റോയല്‍സ്- അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, ഹെന്റിച്ച് ക്ലാസെന്‍/ ഡാര്‍സി ഷോര്‍ട്ട്, കെ ഗൗതം, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, ജയദേവ് ഉനാട്കട്ട്, ധവാല്‍ കുല്‍ക്കര്‍ണി

കോമണ്‍വെല്‍ത്ത് ഗെയിംസ്; വനിതാ ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ക്കൊയ്ത്ത്

വെറുംകൈയോടെ വന്ന ചരിത്രം അവള്‍ക്കില്ല.. ഇത്തവണയും തെറ്റിച്ചില്ല, മനുവിനെക്കുറിച്ച് അച്ഛന്‍ പറയുന്നത്

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, April 9, 2018, 11:47 [IST]
Other articles published on Apr 9, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍