മച്ചാന്‍മാര്‍ ഇപ്പോള്‍ എതിരാളികള്‍; ആരാവും കിങ് മേക്കര്‍

Posted By: Mohammed shafeeq ap

മൊഹാലി: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാമങ്കത്തില്‍ കിങാവാന്‍ പോരടിക്കുന്നത് ദീര്‍ഘകാലം ഒരേ ടീമിലെ അവിഭാജ്യ താരങ്ങളായിരുന്ന കൂട്ടുകാര്‍ തമ്മില്‍. സീസണിലെ 12ാം അങ്കത്തിലാണ് മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഉന്നതിയിലെത്തിച്ചതില്‍ മുഖ്യ പങ്കുവഹിച്ച മഹേന്ദ്രസിങ് ധോണിയും ആര്‍ അശ്വിനും തമ്മില്‍ എതിരാളികളായി പോരടിക്കുന്നത്. രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം ചെന്നൈ ഐപിഎല്ലിലേക്ക് തിരിച്ചെത്തിയപ്പോള്‍ ടീമിനെ കിരീട വിജയങ്ങളിലെത്തിച്ച ക്യാപ്റ്റന്‍ ധോണി തന്റ പഴ തട്ടകത്തിലേക്ക് മടങ്ങിയെത്തി. എന്നാല്‍, വിലക്കിനു മുമ്പ് ധോണിക്കൊപ്പം ചെന്നൈയുടെ പല വിജയങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച ആര്‍ അശ്വിനാവട്ടെ പുതിയ റോളില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിലേക്ക് ചേക്കേറുകയായിരുന്നു. പഞ്ചാബിന്റെ ക്യാപ്റ്റനായാണ് അശ്വിന്‍ ഇത്തവണ ഐപിഎല്‍ കളിക്കാനെത്തിയിരിക്കുന്നത്. തന്ത്രങ്ങളോതി തന്ന തന്റെ പഴയ ആശാനെ വീഴ്ത്താന്‍ സ്വന്തം തട്ടകത്തില്‍ അശ്വിന്‍ നയിക്കുന്ന പഞ്ചാബിന് കഴിയുമോയെന്ന് ഉറ്റുനോക്കുകയാണ് ഐപിഎല്‍ പ്രേമികള്‍. തന്റെ പഴയ ശിഷ്യന്റെ മുന്നില്‍ തലതാഴ്ത്തതിരിക്കാന്‍ ധോണിക്കും ഇത് അഭിമാന പോരാട്ടമാണ്. കളിച്ച രണ്ടു മല്‍സരങ്ങളിലും വിജയിച്ചതിന്റെ ആവേശത്തിലാണ് ധോണിപ്പട പഞ്ചാബിലെത്തിയിരിക്കുന്നത്. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയും രണ്ടാമങ്കത്തില്‍ മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയുമാണ് ചെന്നൈ തോല്‍പ്പിച്ചത്. ഈ രണ്ട് മല്‍സരങ്ങളിലും ആവേശകരമായിരുന്നു ചെന്നൈയുടെ വിജയം. അവസാന പന്ത് ബാക്കിനില്‍ക്കേയാണ് രണ്ടിലും ചെന്നൈ എതിരാളികളെ കീഴ്‌പ്പെടുത്തിയത്. എന്നാല്‍, ഓരോ വീതം ജയവും തോല്‍വിയുമായാണ് പഞ്ചാബ് മൂന്നാമങ്കത്തിനിറങ്ങുന്നത്. ആദ്യ പോരില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ തകര്‍പ്പന്‍ ജയം നേടിയ പഞ്ചാബ് രണ്ടാമങ്കത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് പരാജയം സമ്മതിക്കുകയായിരുന്നു.

റെയ്‌നയുടെ അഭാവത്തില്‍ ചെന്നൈ

csk

ഐപിഎല്‍ ചരിത്രത്തിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമാനാണ് സുരേഷ് റെയ്‌ന. 4544 റണ്‍സാണ് താരം ഇതുവരെ ഐപിഎല്ലില്‍ നിന്ന് അടിച്ചുകൂട്ടിയിട്ടുള്ളത്. അതില്‍ 90 ശതമാനവും ചെന്നൈക്കു വേണ്ടിയായിരുന്നു റെയ്‌നയുടെ റണ്‍വേട്ട. എന്നാല്‍, കാല്‍ പേശിക്ക് പരിക്കേറ്റ റെയ്‌നയുടെ അഭാവത്തിലാണ് ചെന്നൈ പഞ്ചാബിനെതിരേ കളത്തിലിറങ്ങുന്നത്. കൊല്‍ക്കത്തയ്‌ക്കെതിരായ മല്‍സരത്തിനിടെയാണ് റെയ്‌നയ്ക്ക് പരിക്കേറ്റത്. റെയ്‌നയില്ലാതെ ആദ്യമായാണ് ചെന്നൈ ഐപിഎല്ലില്‍ കളിക്കാനിറങ്ങുന്നത്. റെയ്‌നയ്ക്കു പകരക്കാരനെ തേടുന്നില്ലെന്നും താരം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷയെന്നും ചെന്നൈ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് ഇന്ന് അറിയിച്ചിരുന്നു. പിതാവിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ യുവ പേസര്‍ ലുംഗി എന്‍ഗിഡി ടീമിനൊപ്പം ഇതുവരെ ചേര്‍ന്നിട്ടില്ല.

ഷെയ്ന്‍ വാട്‌സന്‍, അമ്പാട്ടി റായുഡു, ധോണി, സാം ബില്ലിങ്‌സ്, ഡ്വയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ എന്ന കുറ്റനടിക്കാരിലാണ് ചെന്നൈയുടെ ബാറ്റിങ് പ്രതീക്ഷകള്‍.

രാഹുല്‍ ഷോ വീണ്ടും പ്രതീക്ഷിച്ച് പഞ്ചാബ്

pun

ഐപിഎല്ലില്‍ ചരിത്രത്തിലെ ഏറ്റവും വേഗതയാര്‍ന്ന അര്‍ധസെഞ്ച്വറി നേടിയ റെക്കോഡ് ഈ സീസണില്‍ തന്റെ പേരിലാക്കിയ താരമാണ് പഞ്ചാബ് ഓപണര്‍ ലോകേഷ് രാഹുല്‍. ഡല്‍ഹിക്കെതിരേ 14 പന്തില്‍ നിന്ന് അര്‍ധസെഞ്ച്വറി കുറിച്ചാണ് രാഹുല്‍ റെക്കോഡിട്ടത്. രാഹുലില്‍ നിന്ന് ഇത്തരത്തിലൊരു ഇന്നിങ്‌സ് പഞ്ചാബ് ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. രാഹുലിന് പുറമേ മായങ്ക് അഗര്‍വാള്‍, ആരോണ്‍ ഫിഞ്ച്, ഡേവിഡ് മില്ലര്‍, യുവരാജ് സിങ്, കരുണ്‍ നായര്‍ എന്നീ ശക്തരായ ബാറ്റ്‌സ്മാന്‍മാര്‍ പഞ്ചാബ് നിരയിലുണ്ട്.

അശ്വിന്‍-ഹര്‍ഭജന്‍ സ്പിന്‍ പോരാട്ടം

harbhajansingh

ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍പെട്ട താരങ്ങളാണ് ഹര്‍ഭജന്‍ സിങും അശ്വിനും. മുംബൈയുടെ അവിഭാജ്യ താരമായിരുന്ന ഹര്‍ഭജന്‍ ഈ സീസണിലാണ് ചെന്നൈയിലെത്തിയത്. ഐപിഎല്ലില്‍ ഇതുവരെ 128 വിക്കറ്റുകള്‍ ഹര്‍ഭജന്‍ നേടിയിട്ടുണ്ട്. 102 വിക്കറ്റുകളാണ് ഐപിഎല്ലില്‍ നിന്ന് അശ്വിന്‍ സ്വന്തമാക്കിയിട്ടുള്ളത്. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഹര്‍ഭജനേക്കാള്‍ പിശുക്കനാണ് അശ്വിന്‍.

ടീം

കിങ്‌സ് ഇലവന്‍ പഞ്ചാബ്: ലോകേഷ് രാഹുല്‍, മായങ്ക് അഗര്‍വാള്‍, ആരോണ്‍ ഫിഞ്ച്/ഡേവിഡ് മില്ലര്‍, യുവരാജ് സിങ്/മനോജ് തിവാരി, കരുണ്‍ നായര്‍, മാര്‍കസ് സ്‌റ്റോയ്‌നിസ്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ (ക്യാപ്റ്റന്‍), ആന്‍ഡ്രു ടൈ, മോഹിത് ശര്‍മ, മുജീബ് സദ്രാന്‍.


ചെന്നൈ സൂപ്പര്‍ കിങ്‌സ്: ഷെയ്ന്‍ വാട്‌സന്‍, അമ്പാട്ടി റായുഡു, മുരളി വിജയ്, ധ്രുവ് ഷോറെ, മഹേന്ദ്രസിങ് ധോണി (ക്യാപ്റ്റന്‍), സാം ബില്ലിങ്‌സ്, രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ, ദീപക് ചഹാര്‍, ഹര്‍ഭജന്‍ സിങ്, ഷാര്‍ദുല്‍ താക്കുര്‍, ഇംറാന്‍ താഹിര്‍.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, April 15, 2018, 15:48 [IST]
Other articles published on Apr 15, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍