വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് ടീമില്‍ നിന്നും ധോണിയെ ഒഴിവാക്കാന്‍ മൂന്നു കാരണങ്ങള്‍

ഈ വര്‍ഷം ഐപിഎല്‍ നടന്നില്ലെങ്കില്‍ മഹേന്ദ്ര സിങ് ധോണി എങ്ങനെ ദേശീയ ടീമില്‍ തിരിച്ചെത്തും? ക്രിക്കറ്റ് പ്രേമികളുടെ പുതിയ സംശയമിതാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ 'ധോണിയുഗം' അസ്തമിച്ചിരിക്കുന്നു. എംഎസ് ധോണിയെന്ന മുന്‍നായകനെ ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയും മറന്ന മട്ടാണ്. ടീമില്‍ ധോണിക്ക് പകരക്കാര്‍ വന്നുകഴിഞ്ഞു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും താരം വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് ഏഴു മാസത്തിലേറെയായി.

കഴിഞ്ഞവര്‍ഷത്തെ ലോകകപ്പ് സെമിയിലാണ് ധോണി അവസാനമായി കളിച്ചത്. അന്ന് ടീം ഇന്ത്യയെ ഫൈനലില്‍ എത്തിക്കാന്‍ ധോണിക്ക് കഴിഞ്ഞില്ല. ശേഷം നാളിതുവരെ താരം ക്രീസില്‍ ഇറങ്ങിയിട്ടില്ല. ഇതിനിടെ വിരമിക്കല്‍ അഭ്യൂങ്ങള്‍ കൊടുമ്പിരി കൊണ്ടപ്പോഴും ഒരക്ഷരം മിണ്ടാതെ അവധിക്കാലം ആഘോഷിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍.

മൂന്നു കാരണങ്ങൾ

നിലവില്‍ ബിസിസിഐയുമായുള്ള വാര്‍ഷിക കരാര്‍ ധോണിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. പറഞ്ഞുവരുമ്പോള്‍ പുതിയ കാലത്ത് ധോണിയില്ലാത്ത ടീം ഇന്ത്യയെ വാര്‍ത്തെടുക്കുകയാണ് സെലക്ടര്‍മാര്‍. ഒക്ടോബറില്‍ ട്വന്റി-20 ലോകകപ്പ് നടക്കും. ഇതിന് മുന്‍പ് തികവും മികവുമൊത്ത സ്‌ക്വാഡിനെ പ്രഖ്യാപിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം ബിസിസിഐക്കുണ്ട്.

ലോകകപ്പ് ചിത്രത്തില്‍ നിന്നും ധോണി ഇപ്പോഴും പാടെ പുറത്തായിട്ടില്ല. നടക്കാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ തിളങ്ങിയാല്‍ ധോണിക്ക് ടീമില്‍ തിരിച്ചെത്താമെന്ന് പരിശീലകന്‍ രവി ശാസ്ത്രിയും മുഖ്യ സെലക്ടര്‍ സുനില്‍ ജോഷിയും അടുത്തിടെ പറയുകയുണ്ടായി. ഐപിഎല്‍ നടന്നാലും ഇല്ലെങ്കിലും ഈ വര്‍ഷത്തെ ലോകകപ്പ് ടീമില്‍ ധോണിക്ക് ഇടംകിട്ടാന്‍ സാധ്യത കുറവാണ്. ഇതിനുള്ള മൂന്നു കാരണങ്ങള്‍ ചുവടെ കാണാം.

മധ്യനിര ശക്തം

മധ്യനിര ശക്തം

ഇന്ത്യയുടെ മധ്യനിരയിലെ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നിരിക്കുന്നു. മൂന്നാം നമ്പറില്‍ നായകന്‍ വിരാട് കോലിയുണ്ട് ഇറങ്ങാന്‍. ടീമിലെ അവിഭാജ്യഘടകമായി ശ്രേയസ് അയ്യര്‍ മാറിയതോടെ നാലാം നമ്പറില്‍ ആരിറങ്ങുമെന്ന ആശയക്കുഴപ്പം ഇപ്പോഴില്ല. അടുത്തിടെ ന്യൂസിലാന്‍ഡുമായി സമാപിച്ച ട്വന്റി-20 പരമ്പരയില്‍ ശ്രേയസ് അയ്യറുടെ പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമായിരുന്നു. അഞ്ചു മത്സരങ്ങളില്‍ നിന്നും 153 റണ്‍സാണ് താരം അടിച്ചെടുത്തത്. സ്‌ട്രൈക്ക് റേറ്റ് 131.90.

ബാറ്റിങ് നിര

പരമ്പരയിലെ ആദ്യ മത്സരത്തില്‍ത്തന്നെ 29 പന്തില്‍ 58 കുറിച്ച് അയ്യര്‍ ടീമിലെ സ്ഥാനം സാധൂകരിച്ചു. രണ്ടാം മത്സരത്തിലും താരം മോശമാക്കിയില്ല. 33 പന്തില്‍ 44 റണ്‍സാണ് തൊട്ടടുത്ത മത്സരത്തില്‍ ശ്രേയസ് അയ്യര്‍ നേടിയത്. എന്തായാലും നാലാം നമ്പറിനെ കുറിച്ച് ഇനി ഇന്ത്യ തലപുകയ്ക്കില്ല.
അഞ്ചാം നമ്പറില്‍ കെഎല്‍ രാഹുലും കസേര ഭദ്രമാക്കിയിട്ടുണ്ട്. ഇതേസമയം, ടീമില്‍ ഏതു ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ കഴിയുമെന്നത് രാഹുലിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നു.

രാഹലും അയ്യറും

ആറാം നമ്പറിലേക്ക് തിരിഞ്ഞാല്‍ ഹാര്‍ദിക് പാണ്ഡ്യയുണ്ട് അവിടെ. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം ദേശീയ ടീമില്‍ തിരിച്ചെത്തിയത്. നേരത്തെ, റിലയന്‍സ് കപ്പില്‍ 39 പന്തില്‍ സെഞ്ച്വറി കുറിച്ച് താരം വരവറിയിച്ചിരുന്നു. ഇതേ ടൂര്‍ണമെന്റില്‍ 55 പന്തില്‍ 158 റണ്‍സും പാണ്ഡ്യ അടിക്കുകയുണ്ടായി.

ഹാര്‍ദിക് പാണ്ഡ്യ കഴിഞ്ഞാല്‍ ഏഴാം സ്ഥാനത്ത് രവീന്ദ്ര ജഡേജയെ കാണാം. ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിനെ കരകയറ്റാനുള്ള ജഡേജയുടെ മികവ് പ്രസിദ്ധമാണ്.

അവസരമില്ല

നിലവില്‍ മധ്യനിരയില്‍ ഒരൊഴിവിന് വേണ്ടി കാത്തിരിക്കുകയാണ് മനീഷ് പാണ്ഡെ. ന്യൂസിലാന്‍ഡുമായുള്ള ട്വന്റി-20 പരമ്പരയില്‍ പാണ്ഡെയ്ക്ക് അവസരം ലഭിച്ചിരുന്നു. അദ്ദേഹമിത് കൃത്യമായി വിനിയോഗിക്കുകയും ചെയ്തു. നാലാം ട്വന്റി-20 മത്സരത്തില്‍ നിര്‍ണായക അര്‍ധ സെഞ്ച്വറി പാണ്ഡെ കുറിക്കുകയുണ്ടായി. മിന്നല്‍ വേഗമുള്ള ഫീല്‍ഡിങും പാണ്ഡെയുടെ കൈമുതലാണ്. ചുരുക്കത്തില്‍ ഇവര്‍ക്കിടയില്‍ ധോണിയെ എവിടെ കളിപ്പിക്കുമെന്നതാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള പ്രധാന പ്രശ്‌നം.

കെഎല്‍ രാഹുലിന്റെ ഉയര്‍ച്ച

കെഎല്‍ രാഹുലിന്റെ ഉയര്‍ച്ച

ടീമില്‍ ധോണിക്ക് പകരക്കാരനെ വേണം. റിഷഭ് പന്തിനെയാണ് സെലക്ടര്‍മാര്‍ മനസ്സില്‍ കണ്ടത്. ധോണിയുടെ പിന്‍ഗാമിയായി പന്തിനെ വളര്‍ത്തിയെടുക്കാന്‍ ടീം മാനേജ്‌മെന്റ് പരമാവധി ശ്രമിക്കുകയും ചെയ്തു. പക്ഷെ ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പരയോടെ ഈ ചിത്രം മാറി. മത്സരത്തില്‍ പന്തിന് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു കെഎല്‍ രാഹുല്‍ ഗ്ലൗസണിഞ്ഞത്. ആദ്യ ഏകദിനം കഴിഞ്ഞപ്പോള്‍ത്തന്നെ പുതിയ ആശയം കോലിക്ക് തോന്നി. വിക്കറ്റ് കീപ്പിങ് ബാറ്റ്‌സ്മാനായി രാഹുലുള്ളപ്പോള്‍ പന്തിന്റെ ആവശ്യമില്ല.

ആത്മവിശ്വാസം കൂട്ടുന്നു

തുടര്‍ന്ന് നടന്ന മത്സരങ്ങളിലെല്ലാം രാഹുലായി ഇന്ത്യയുടെ കീപ്പര്‍. ബാറ്റ്‌സ്മാനെന്ന നിലയിലും രാഹുല്‍ ഏറെ മെച്ചപ്പെട്ടെന്നത് ടീം ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുന്നു. ഈ വര്‍ഷം ഇതുവരെ കളിച്ച മത്സരങ്ങളില്‍ 53.83 എന്ന നിലയ്ക്കാണ് താരത്തിന്റെ ബാറ്റിങ് ശരാശരി. മൂന്നു അര്‍ധ സെഞ്ച്വറികളും ഈ വര്‍ഷം രാഹുല്‍ നേടിക്കഴിഞ്ഞു.

Most Read: ഐപിഎല്‍ അവതാളത്തില്‍, ഇനി ടി20 ലോകകപ്പും! നടക്കുമോ? പ്രതികരിച്ച് സിഎ

ഫിനിഷിങ് മികവില്ല

ഫിനിഷിങ് മികവില്ല

ഒരു കാലത്ത് ഇന്ത്യയുടെ സ്റ്റാര്‍ ഫിനിഷറായിരുന്നു മഹേന്ദ്ര സിങ് ധോണി. 2011 ലോകകപ്പില്‍ സിക്‌സടിച്ച് ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്ത എംഎസ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മായാത്ത ചിത്രമാണ്. എന്നാല്‍ 2019 ലോകകപ്പില്‍ പഴയ ഫിനിഷറുടെ ഏഴയലത്തു വരാന്‍ ധോണിക്ക് കഴിഞ്ഞില്ല. ആവശ്യമായ സമയത്ത് റണ്‍നിരക്ക് ഉയര്‍ത്താന്‍ കഴിയാത്തതാണ് ധോണിയുടെ പ്രശ്‌നം. മുന്‍ ഇന്ത്യന്‍ നായകന്റെ പതുക്കെയുള്ള തുടക്കവും ടീമിന് സമ്മര്‍ദ്ദത്തിലാക്കുന്നു.

ഉത്തരവാദിത്വം

കഴിഞ്ഞവര്‍ഷം ലോകകപ്പ് സെമിയില്‍ ആറിന് 92 റണ്‍സെന്ന നിലയില്‍ ഇന്ത്യ പരുങ്ങിയപ്പോഴാണ് ധോണിയും ജഡേജയും ക്രീസിലെത്തിയത്. ലക്ഷ്യം 240 റണ്‍സാണ്. ഒരറ്റത്ത് ജഡേജ കിവീ ബൗളര്‍മാരെ നാലുപാടും പായിച്ചപ്പോള്‍ ധോണി പരമാവധി സ്‌ട്രൈക്ക് കൈമാറാന്‍ ശ്രമിച്ചു. ഇതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ജഡേജയെ ട്രെന്‍ഡ് ബോള്‍ട്ട് പുറത്താക്കിയതോടെ ടീമിനെ ജയിപ്പിക്കാനുള്ള ഉത്തരവാദിത്വം മുഴുവന്‍ ധോണിയിലായി.

വിജയത്തിനരികെ വീണു

രണ്ടു ഓവറില്‍ 31 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. പഴയ ധോണിയായിരുന്നെങ്കില്‍ ടീമിനെ നിഷ്പ്രയാസം ജയിപ്പിച്ചേനെ. എന്നാല്‍ വിജയത്തിനരികെ റണ്ണൗട്ടായി മടങ്ങാനായിരുന്നു ധോണിയുടെ വിധി. പുറത്താകുമ്പോള്‍ 72 പന്തില്‍ 50 റണ്‍സാണ് താരം കുറിച്ചിരുന്നത്. സ്‌ട്രൈക്ക് റേറ്റ് 69.44. ധോണിയുടെ ഫിനിഷിങ് മികവ് കൂപ്പുകുത്തിയത് ഇതാദ്യമായല്ല. 2016 ഓഗസ്റ്റില്‍ ലൊഡര്‍ഹില്ലില്‍ വെസ്റ്റ് ഇന്‍ഡീസുമായി ഇന്ത്യ ട്വന്റി-20 കളിച്ചപ്പോഴും ചിത്രമിതായിരുന്നു.

വീണു

256 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ ആറു പന്തില്‍ എട്ടു റണ്‍സടിച്ച് ജയിപ്പിക്കേണ്ട ചുമതലയായിരുന്നു അന്ന് ധോണിക്ക്. അവസാന ഓവറിലെ ആദ്യ പന്തില്‍ത്തന്നെ ധോണി ക്യാച്ച് സമ്മാനിച്ചു. എന്നാല്‍ മാര്‍ലണ്‍ സാമുവേല്‍സ് വിട്ടുകളഞ്ഞു. ഇതോടെ അഞ്ചു പന്തില്‍ ആറു റണ്‍സായി സമവാക്യം. എന്നാല്‍ ധോണിയെ ഭാഗ്യമേറെ തുണച്ചില്ല. ബ്രാവോയുടെ വേഗം കുറഞ്ഞ രണ്ടാം പന്തില്‍ വമ്പനടിക്ക് പോയ എംഎസ്ഡിക്ക് കണക്കുകൂട്ടലുകള്‍ തെറ്റി. തേര്‍ഡ് മാനില്‍ സാമുവേല്‍സുതന്നെ ധോണിയെ പിടിച്ചെടുത്തു.

അവസരം ലഭിക്കാൻ സാധ്യത കുറവ്

2019 ലോകകപ്പില്‍ അഫ്ഗാനിസ്താന് എതിരെ 52 പന്തില്‍ 28 റണ്‍സടിച്ചതും ധോണിയുടെ ഫിനിഷ് മഹിമയ്ക്ക് കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. നിലവില്‍ ധോണിക്ക് പ്രായം 38 കഴിഞ്ഞിരിക്കുന്നു. കാലം ചെല്ലുന്തോറും താരത്തിന്റെ ഫിനിഷിങ് മികവ് കുറയുകയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ട് ഈ അവസരത്തില്‍ മഹേന്ദ്ര സിങ് ധോണിയെ ട്വന്റി-20 ലോകകപ്പിന് കൂട്ടാന്‍ സാധ്യത കുറവാണ്.

Story first published: Tuesday, March 17, 2020, 17:28 [IST]
Other articles published on Mar 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X