ബെംഗളൂരു: റണ്‍മഴ കണ്ട ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് ത്രില്ലിങ് വിജയം. മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിനെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ അഞ്ചു വിക്കറ്റിനാണ് ആര്‍സിബി തുരത്തിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ അവര്‍ വീണ്ടും രണ്ടാംസ്ഥാനത്തേക്കും കയറിയിരിക്കുകയാണ്.
സായ് സുദര്‍ശന്റെ സെഞ്ച്വറിയിലേറി 206 റണ്‍സിന്റെ വിജയലക്ഷ്യമാണ് ആര്‍സിബിക്കു ജിടി നല്‍കിയത്. മറുപടിയില്‍ തുടക്കത്തില്‍ ആയുസ് നീട്ടിക്കിട്ടിയ ശേഷം ഇതു മുതലാക്കി വിരാട് കോലി (81) ഹീറോയായപ്പോള്‍ ആര്‍സിബി ഏഴു ബോള്‍ ശേഷിക്കെ അഞ്ചു വിക്കറ്റിനു ലക്ഷ്യം മറികടന്നു.

44 ബോളില്‍ എട്ടുറ ഫോറും നാലു സിക്‌സറുമടക്കമാണ് അദ്ദേഹം ടീമിന്റെ അമരക്കാരനായത്. ദേവ്ദത്ത് പടിക്കലും 55 (27 ബോള്‍, 6 സിക്‌സ്, 2 ഫോര്‍) വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. രണ്ടാം വിക്കറ്റില്‍ കോലി- ദേവ്ദത്ത് ജോടി 59 ബോളില്‍ വാരിക്കൂട്ടിയ 115 റണ്‍സാണ് ആര്‍സിബിയുടെ വിജയത്തിനു അടിത്തറയിട്ടത്.
സായ് സുദര്‍ശന്റെ (100) കിടിലന്‍ സെഞ്ച്വറിയിലേറിയാണ് ആദ്യം ബാറ്റിങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് മുന്നു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഈ സീസണിലെ മുന്‍ മല്‍സരങ്ങളില്‍ ഫോം കണ്ടെത്താവാതെ വലഞ്ഞ അദ്ദേഹം ഈ കളിയില്‍ ക്ഷീണം തീര്‍ക്കുകയായിരുന്നു. 58 ബോളില്‍ 11 ഫോറും അഞ്ചു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു സായിയുടെ ഇന്നിങ്‌സ്.
ഐപിഎല്ലിലെ മൂന്നാമത്തെ സെഞ്ച്വറി കൂടിയാണ് അദ്ദേഹം കണ്ടെത്തിയത്. ഇതോടെ ജിടിക്കായി കൂടുതല്‍ സെഞ്ച്വറികളുള്ള താരമെന്ന നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ (നാല്) ഓള്‍ടൈം റെക്കോര്‍ഡിന് തൊട്ടരികെ എത്തുകയും ചെയ്തു. ഇന്നത്തെ മല്‍സരത്തിലേക്കു വന്നാല്‍ സായിയുടെ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ ജിടിക്കായി മറ്റാരും 35 റണ്‍സ് പോലുമെടുത്തില്ല.

ഗില്‍ (32), ജോസ് ബട്‌ലര്‍ (25), ജേസണ്‍ ഹോള്‍ഡര്‍ (23*), വാഷിങ്ടണ്‍ സുന്ദര്‍ (19*) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ഗംഭീര തുടക്കമായിരുന്നു ഗില്‍- സായ് ജോടി ജിടിക്കു നല്‍കിയത്.
ഓപ്പണിങ് വിക്കറ്റില്‍ ഇരുവും 128 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. വെറും 76 ബോളുകളിലായിരുന്നു ഇത്. 92 റണ്‍സും സായിയുടെ ബാറ്റില്‍ നിന്നായിരുന്നു. വെറും 32 റണ്‍സ് മാത്രമാണ് ഗില്ലിന്റെ സംഭാവന.
16ാം ഓവറില്‍ രണ്ടാമനായി സായ് മടങ്ങുമ്പോള്‍ ജിടിയുടെ സ്‌കോര്‍ ബോര്‍ഡില്‍ 160 റണ്‍സുണ്ടായിരുന്നു. എട്ടു വിക്കറ്റുകള്‍ കൈയിലുണ്ടായിരുന്നതിനാല്‍ തന്നെ 220-230 റണ്‍സ് ജിടി ഉറപ്പായും നേടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്.
എന്നാല്‍ അവസാന ഓവറുകളില്‍ ഉജ്ജ്വല ബൗളിങിലൂടെ ആര്‍സിബി അവരെ 205ല്‍ ഒതുക്കുകയായിരുന്നു. അവസാന അഞ്ചോവറില്‍ വെറും 50 റണ്‍സ് മാത്രമേ ജിടി നേടിയുള്ളൂ. മൂന്നു വീതം ഫോറുകളും സിക്‌സറും മാത്രം. രണ്ടു വിക്കറ്റുകള്‍ ഇതിനിടെ നഷ്ടമാവുകയും ചെയ്തു.
അതേസമയം, ആദ്യ രണ്ടു മല്‍സരവും ജയിച്ചായിരുന്നു ആര്‍സിബി സീസണ്‍ തുടങ്ങിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവരെ ആദ്യ രണ്ടു കളിയില്‍ തുരത്തിയ ആര്‍സിബി പിന്നാലെ രാജസ്ഥാന്‍ റോയല്‍സിനോടു തോറ്റു. അതിനു ശേഷം മുംബൈ ഇന്ത്യന്‍സിനെയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയും കെട്ടുകെട്ടിച്ചെങ്കലും ഡല്‍ഹി ക്യാപ്പിറ്റല്‍സിനു മുന്നില്‍ കീഴടങ്ങി.
ജിടിയുടെ കാര്യമെടുത്താല്‍ പഞ്ചാബിനോടും രാജസ്ഥാനോടും ആദ്യ രണ്ടു മല്‍സരങ്ങളില്‍ തോറ്റ ശേഷം ഹാട്രിക് ജയങ്ങള്‍. ഡല്‍ഹി, ലഖ്‌നൗ, കൊല്‍ക്കത്ത എന്നിവര്‍ക്കെതിരേയായിരുന്നു ഇത്. പക്ഷെ മുംബൈ അവര്‍ക്കു ബ്രേക്കിടുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു-വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ, റാസിഖ് സലാം ദാര്‍.
ഗുജറാത്ത് ടൈറ്റന്‍സ്- സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഷാരൂഖ് ഖാന്‍, ജേസണ്‍ ഹോള്‍ഡര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മാനവ് സുത്താര്‍, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്.