ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞ സാഹചര്യത്തില്‍ ബൗളിങിനൊപ്പം ബാറ്റിങിലും മികച്ച സംഭാവനകള്‍ നല്‍കാന്‍ തനിക്കു കഴിയുമെന്നു കാണിച്ചു തന്നിരിക്കുകയാണ് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. പരിക്കില്‍ നിന്നു മോചിതനായ ശേഷം കളിക്കളത്തിലേക്കു മടങ്ങിയെത്താന്‍ തയ്യാറെടുക്കുന്ന അദ്ദേഹം നെറ്റ്‌സില്‍ വ്യത്യസ്ത തരത്തിലുള്ള ഷോട്ടുകള്‍ കളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഷമി തന്നെയാണ് തന്റെ ബാറ്റിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഒരു ബൗളര്‍ ബാറ്റെടുത്താല്‍ അപ്രതീക്ഷിതമായത് പ്രതീക്ഷിക്കണമെന്നാണ് വീഡിയോക്കൊപ്പം ഷമി കുറിച്ചിരിക്കുന്നത്. സ്‌ട്രെയ്റ്റ് ഷോട്ടുകളും ക്രീസിനു പുറത്തേക്കിറങ്ങിയുള്ള വമ്പന്‍ ഷോട്ടുകളുമെല്ലാം അദ്ദേഹം നെറ്റ്‌സില്‍ കളിക്കുന്നതായി വീഡിയോയില്‍ കാണാം.

ഏതു പിച്ചിലും അപകടം വിതയ്ക്കുന്ന ബൗളര്‍ മാത്രമല്ല ഷമി. ആവശ്യമെങ്കില്‍ ബാറ്റിങിലും തനിക്കു നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നു അദ്ദേഹം നേരത്തേ കാണിച്ചു തരികയും ചെയ്തിട്ടുള്ളതാണ്. 2021ല്‍ ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ നടന്ന ടെസ്റ്റില്‍ ഷമി പുറത്താവാതെ നേടിയ 56 റണ്‍സ് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലായിരുന്നു ഷമിയെ അവസാനമായി ദേശീയ ടീമിനോടൊപ്പം കണ്ടത്. ടൂര്‍ണമെന്റിലെ തുടക്കത്തിലെ ചില കളിയില്‍ പുറത്തിരിക്കേണ്ടി വന്ന അദ്ദേഹത്തെ പിന്നീട് പ്ലെയിങ് ഇലവനിലേക്കു തിരികെ വിളിക്കുകയായിരുന്നു. പിന്നീട് ബൗളിങില്‍ ഷമി കത്തിക്കയറുന്നതാണ് കണ്ടത്.
വിക്കറ്റുകള്‍ കൊയ്ത് കൂട്ടിയ അദ്ദേഹം ഇന്ത്യന്‍ പേസ് ബൗളിങിലെ കുന്തമുനയായി മാറുകയും ചെയ്തു. ന്യൂസിലാന്‍ഡുമായുള്ള സെമി ഫൈനലില്‍ ഏഴു വിക്കറ്റുകളാണ് ഷമി കടപുഴക്കിയത്. ഏഴു കളിയില്‍ നിന്നും 24 വിക്കറ്റുകള്‍ കൊയ്ത അദ്ദേഹം ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറുമായി മാറിയിരുന്നു.
ലോകകപ്പിനു പിന്നാലെയാണ് ഷമി പരിക്കേറ്റ് കളിക്കളത്തില്‍ നിന്നും പിന്‍മാറിയത്. തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായ താരം മാസങ്ങളോളം വിശ്രമത്തിലുമായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം കഴിഞ്ഞ ഐപിഎല്ലുള്‍പ്പെടെ ഷമിക്കു നഷ്ടമാവുകയും ചെയ്തിരുന്നു.
ഫിറ്റ്‌നസ് വീണ്ടെടുത്തു കൊണ്ടിരിക്കുന്ന അദ്ദേഹം അടുത്ത മാസം ബംഗ്ലാദേശുമായി നാട്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ്. ബംഗ്ലാദേശുമായി രണ്ടു ടെസ്റ്റുകളും മൂന്നു ടി20കളുമാണ് ഇന്ത്യ കളിക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ടീമിന്റെ അവിഭാജ്യ ഘടകമായ ഷമി ടി20യില്‍ സമീപകാലത്തൊന്നും കളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയേക്കില്ല.

ഷമിയുടെ കരിയറെടുക്കുകയാണെങ്കില്‍ ടെസ്റ്റില്‍ 64 മല്‍സരങ്ങളില്‍ നിന്നും 229ഉം 101 ഏകദിനങ്ങളില്‍ നിന്നും 195ഉം 23 ടി20കളില്‍ നിന്നും 24ഉം വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ആറു തവണയും ഏകദിനത്തില്‍ അഞ്ചു തവണയും അഞ്ചു വിക്കറ്റ് നേട്ടം അദ്ദേഹം കുറിക്കുകയും ചെയ്തു. ബാറ്റിങെടുത്താല്‍ ടെസ്റ്റില്‍ രണ്ടു ഫിഫ്റ്റികള്‍ ഷമിയുടെ പേരിലുണ്ട്. ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍ 25 റണ്‍സുമാണ്.
അതേസമയം, ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സപ്തംബര്‍ 19 മുതല്‍ ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ്. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 27 മുതല്‍ കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്കിലും നടക്കും. രണ്ടു ടെസ്റ്റുകളിലും ജയിച്ച് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനു ഒരുപടി കൂടി അടുക്കുകയാവും രോഹിത്തിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഒക്ടോബറിലാണ് മൂന്നു ടി20കളില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടുക.