ആഞ്ഞടിച്ച് അസ്ഹറുദ്ദീന്‍, 54 ബോളില്‍ 137*-സൂര്യകുമാറിന്റെ മുംബൈയെ മലര്‍ത്തിയടിച്ച് കേരളം!

മുംബൈ: സയ്ദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ചുണക്കുട്ടികള്‍ക്കു മുന്നില്‍ സൂര്യകുമാര്‍ യാദവ് നയിച്ച മുംബൈയ്ക്കു പിടിച്ചുനില്‍ക്കാനായില്ല. ഗ്രൂപ്പ് ഇയിലെ റണ്‍മഴ കണ്ട പോരാട്ടത്തില്‍ സഞ്ജു സാംസണിന്റെ കേരളം എട്ടു വിക്കറ്റിന് മുംബൈയെ കശാപ്പ് ചെയ്തു. കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയമാണിത്. ആദ്യ കളിയില്‍ പുതുച്ചേരിയെയും കേരളം കെട്ടുകെട്ടിച്ചിരുന്നു.

Mohammed Azharuddin scored 137 Runs of 54 Balls as Kerala Beat Mumbai In The Syed Mushtaq Ali Trophy

സഞ്ജുവും ശ്രീശാന്തുമൊന്നുമായിരുന്നില്ല മുംബൈക്കെതിരേ കേരളത്തിന്റെ ഹീറോ. ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് മുംബൈയുടെ അന്തകനായത്. ഇടിവെട്ട് സെഞ്ച്വറിയുമായി അസ്ഹര്‍ തനിച്ചാണ് മുംബൈയുടെ കഥ കഴിച്ചത്. വെറും 54 ബോളില്‍ 11 സിക്‌സറുകളും ഒമ്പത് ബൗണ്ടറികളുമടക്കം താരം പുറത്താവാതെ 137 റണ്‍സ് വാരിക്കൂട്ടി. മുഷ്താഖ് അലി ട്രോഫിയില്‍ ഒരു കേരള താരത്തിന്റെ ആദ്യത്തെ സെഞ്ച്വറി നേട്ടമാണിത്. 2012-13ല്‍ ഡല്‍ഹിക്കെതിരേ ഇന്‍ഡോറില്‍ രോഹന്‍ പ്രേം പുറത്താവാതെ നേടിയ 92 റണ്‍സായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് അസ്ഹറുദ്ദീന്‍ കുറിച്ചത്. മൂന്നക്കം കടക്കാന്‍ 37 ബോളുകള്‍ മാത്രമേ താരത്തിനു വേണ്ടിവന്നുള്ളൂ.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴു വിക്കറ്റിന് 196 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ അത് കേരളത്തിന് ചേസ് ചെയ്യുക ദുഷ്‌കരമായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. കാരണം ധവാല്‍ കുല്‍ക്കര്‍ണി, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ തുടങ്ങി ഐപിഎല്ലില്‍ പയറ്റിത്തെളിഞ്ഞ ബൗളര്‍മാര്‍ മുംബൈ നിരയിലുണ്ടായിരുന്നു. എന്നാല്‍ കേരളത്തിന് ചെറിയ വെല്ലുവിളി പോലുമുയര്‍ത്താന്‍ ഇവര്‍ക്കായില്ല. വെറും 15.5 ഓവറില്‍ തന്നെ കേരളം വിജയം പിടിച്ചെടുത്തു.

ഓപ്പണിങ് വിക്കറ്റില്‍ അസ്ഹറുദ്ദീനും ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് 129 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ തന്നെ കളി മുംബൈയില്‍ നിന്നും വഴുതിപ്പോയിരുന്നു. ഒമ്പത് ഓവര്‍ ആവുമ്പോഴേക്കും തന്നെ കേരളത്തിന്റെ സ്‌കോര്‍ 100 കടന്നിരുന്നു. 9.3 ഓവറില്‍ 129 റണ്‍സെത്തി നില്‍ക്കെയായിരുന്നു ഉത്തപ്പ പുറത്തായത്. 23 ബോളില്‍ നാലു ബൗണ്ടറികളോടെ 33 റണ്‍സാണ് അദ്ദേഹം നേടിയത്. ഉത്തപ്പയെ ക്രീസിന്റെ മറുവശത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തിയായിരുന്നു അസ്ഹറുദ്ദീന്റെ തീപ്പൊരി പ്രകടനം.

നായകന്‍ സഞ്ജു സാംസണ്‍ 12 ബോളില്‍ നാലു ബൗണ്ടറികളോടെ 22 റണ്‍സിന് പുറത്തായെങ്കിലും കേരളം അപ്പോഴേക്കും വിജയമുറപ്പാക്കിയിരുന്നു. 15.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തി. മുംബൈ ഏഴു വിക്കറ്റിന് 196. കേരളം 15.5 ഓവറില്‍ രണ്ടിന് 201.

നേരത്തേ ഓപ്പണര്‍മാരായ ആദിത്യ താരെ (42), യശസ്വി ജയ്‌സ്വാള്‍ (40), നായകന്‍ സൂര്യകുമാര്‍ യാദവ് (38), ശിവം ദുബെ (26) എന്നിവരുടെ ഇന്നിങ്‌സുകളാണ് മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത്. 31 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് താരെ മുംബൈയുടെ ടോപ്‌സ്‌കോററായത്. ജയ്‌സ്വാള്‍ 21 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറും പായിച്ചു. നായകന്‍ യാദവ് 19 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറും പായിച്ചു.

കേരള ബൗളര്‍മാരില്‍ ശ്രീശാന്തിന് ഈ മല്‍സരത്തില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ല. നാലോവറില്‍ 47 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു വിക്കറ്റൊന്നും ലഭിച്ചില്ല. കെഎം ആസിഫും ജലജ് സക്‌സേനയുമായിരുന്നു കേരള ബൗളര്‍മാരില്‍ മികച്ചുനിന്നത്. ഇരുവരും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. എംഡി നിധീഷിന് ഒരു വിക്കറ്റ് ലഭിച്ചു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, January 13, 2021, 23:13 [IST]
Other articles published on Jan 13, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X