തുറുപ്പുചീട്ടായി വാട്‌മോറും സക്‌സേനയും; കേരള ക്രിക്കറ്റ് ചരിത്രനേട്ടത്തിന് പിന്നില്‍

Posted By:

റോത്തക്: നീണ്ട കാത്തിരിപ്പിനുശേഷം കേരള ക്രിക്കറ്റ് ടീം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുമ്പോള്‍ കളിക്കാരുടെ കഠിനാധ്വാനവും കെസിഎയുടെ മുന്നൊരുക്കവും ഫലപ്രാപ്തിയിലേക്ക്. സീസണ്‍ തുടക്കത്തിനും ഏറെ മുന്നേ തന്നെ ഓസ്‌ട്രേലിയന്‍ കോച്ച് ഡേവിഡ് വാട്‌മോറിനെ ടീമിനുവേണ്ടി കണ്ടെത്തിയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ കുതിപ്പിന്റെ സൂചന നല്‍കിയത്.

പിന്നീട്, ഓള്‍ റൗണ്ടര്‍ ജലജ് സക്‌സേനയെ അതിഥി താരമാക്കി കേരളം സഹതാരരങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. കോച്ചിന്റെ പ്രവര്‍ത്തനവും സക്‌സേനയുടെ ഓള്‍റൗണ്ട് മികവും ടീമിനെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് മത്സര ഫലങ്ങള്‍ പരിശോധിച്ചാല്‍ അറിയാം. ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത, ബംഗ്ലാദേശിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മേല്‍വിലാസമുണ്ടാക്കിയ സൂപ്പര്‍ കോച്ചായ വാട്‌മോറാണ് കേരളത്തിന്റെ കോച്ച് എന്നതുതന്നെ കളിക്കാര്‍ക്ക് പ്രചോദനമാകുന്നതാണ്.

ranji

ഇവര്‍ക്കൊപ്പം കേരള താരങ്ങള്‍ മിന്നും പ്രകടനം കാഴ്ചവെച്ചതോടെ ചരിത്രത്തിലാദ്യമായി കേരളം ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയും ചെയ്തു. അനന്തപത്മനാഭനും ശ്രീകുമാരന്‍ നായരും സുനില്‍ ഒയാസിസും ശ്രീശാന്തും ശ്രമിച്ചിട്ടും കഴിയാതെവന്ന വിജയമാണ് സഞ്ജുവും ബാസില്‍ തമ്പിയും സച്ചിന്‍ ബേബിയും അടങ്ങുന്ന ചുണക്കുട്ടികള്‍ നേടിയെടുത്തത്.

ഒന്നോ രണ്ടോ പ്രതിഭകളെ ആശ്രയിച്ചിരുന്നിടത്ത് നിന്ന് ഒരു ടീമായി മാറാന്‍ കോച്ചിന്റെ സാന്നിധ്യം കേരളത്തിന് തുണയായി. നിര്‍ണായകമായ രണ്ട് സെഞ്ച്വറികളുമായി സഞ്ജു സാംസണ്‍ ഫോം വീണ്ടെടുത്തു. കേരളത്തിന്റെ പുതിയ കണ്ടുപിടുത്തമായ സിജോമോന്‍ ജോസഫിന്റെയും നിതേഷിന്റെയും വിക്കറ്റ് വേട്ടയും ക്വാര്‍ട്ടര്‍ നേട്ടത്തില്‍ എടുത്തുപറയേണ്ടതാണ്.

Story first published: Wednesday, November 29, 2017, 8:42 [IST]
Other articles published on Nov 29, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍