Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റുതുരാജിന്റെ സ്ഥാനം സഞ്ജു തട്ടിയെടുക്കുമോ? ആരാകണം സിഎസ്കെ ക്യാപ്റ്റെന്ന് പറഞ്ഞ് എബിഡി

2026 ഐപിഎല്ലിലെ ഏറ്റവും ചൂടേറിയ ടോപ്പിക്കുകളിൽ ഒന്നായിരുന്നു സഞ്ജു സാംസണിന്റെ ചെന്നൈയിലേക്കുള്ള കൂടുമാറ്റം. ധോണിക്ക് ശേഷം മറ്റാര് എന്ന ചോദ്യത്തിന് ഉത്തരമായാണ് സഞ്ജുവിനെ മാനേജ്മെന്റ് ചെന്നൈയിലേക്ക് എത്തിച്ചത് എന്നത് വ്യക്തമാണ്.

എന്നാൽ രാജസ്ഥാൻ റോയൽസ് നായകനായിരുന്ന സഞ്ജുവിന് ചെന്നൈയിൽ ക്യാപ്റ്റൻസി ലഭിക്കില്ല എന്ന കാര്യവും ആരാധകരെ വിഷമിപ്പിച്ചു. കഴിഞ്ഞ സീസണിൽ പരിക്ക് മൂലം പുറത്ത് പോകേണ്ടി വന്ന ഋതുരാജ് ​ഗെയ്ക്വാദിനെ തന്നെ ചെന്നൈ നായകനാക്കിയപ്പോൾ അതിനെച്ചൊല്ലി പല ചർച്ചകളും ഉടലെടുത്തിരുന്നു. ആ ചർച്ചകൾക്ക് വിരാമമിടാൻ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുൻ ആർസിബി താരം എബി ഡിവില്ലിയേഴ്സ്.

2021 മുതൽ രാജസ്ഥാൻ റോയൽസിനെ നയിക്കുന്ന സഞ്ജുവിന് മികച്ച ട്രാക്ക് റെക്കോർഡാണുള്ളത്. 2022-ൽ ടീമിനെ ഫൈനലിലേക്കും 2024-ൽ പ്ലേ ഓഫിലേക്കും അദ്ദേഹം നയിച്ചു. 49.25 ആണ് അദ്ദേഹത്തിന്റെ വിജയശതമാനം.

അതേസമയം, റുതുരാജിന് കീഴിൽ ചെന്നൈയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 2024-ൽ അഞ്ചാം സ്ഥാനത്തായിപ്പോയ ടീം, 2025-ൽ പരിക്കേറ്റ റുതുരാജ് ഇല്ലാതെയാണ് ഭൂരിഭാഗം മത്സരങ്ങളും കളിച്ചത്. 42.19 ആണ് അദ്ദേഹത്തിന്റെ വിജയശതമാനം.

ab-de-villiers

വാർത്തകൾ ചെന്നൈയെ ബാധിക്കരുത്

സഞ്ജുവിന്റെ സാന്നിധ്യം കാരണം പുറത്തുനിന്ന് സമ്മർദ്ദമുണ്ടായാലും ചെന്നൈ റുതുരാജിനെ തന്നെ പിന്തുണയ്ക്കണമെന്ന് ഡിവില്ലിയേഴ്സ് സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു. "അവർക്ക് അനുയോജ്യനായ നായകൻ ഇപ്പോൾ തന്നെയുണ്ട്. സഞ്ജുവിനെ ക്യാപ്റ്റനാക്കുന്നതിനെക്കുറിച്ച് അവർ ചിന്തിക്കുന്നുണ്ടാകില്ല. റുതുരാജിനെയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി അവർ വളർത്തിയെടുത്തത്.

മാധ്യമങ്ങളിൽ സഞ്ജു നായകനാകുമോ എന്ന ചോദ്യങ്ങൾ ഉയർന്നേക്കാം, പക്ഷേ ചെന്നൈ അതിന് ചെവികൊടുക്കരുത്. റുതുരാജ് തന്നെയാണ് ഞങ്ങളുടെ നായകനെന്ന് ചെന്നൈ വ്യക്തമാക്കണം. സഞ്ജുവും ധോണിയും മറ്റ് മുതിർന്ന താരങ്ങളും അദ്ദേഹത്തിന് പിന്തുണ നൽകുന്ന റോളിൽ തുടരണം," ഡിവില്ലിയേഴ്സ് പറഞ്ഞു.

റുതുരാജിന് സഞ്ജു ഭീഷണിയല്ല

സഞ്ജു തന്റെ സ്ഥാനത്തിന് ഭീഷണിയാണെന്ന തോന്നൽ റുതുരാജിന് ഉണ്ടാകരുതെന്ന് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെയും അഭിപ്രായപ്പെട്ടു. "കഴിഞ്ഞ രണ്ട് സീസണിലെ അനുഭവസമ്പത്ത് റുതുരാജിന് ഗുണം ചെയ്യും.

സഞ്ജുവിന്റെ വരവ് ആ നായകത്വത്തിന് കൂടുതൽ കരുത്ത് പകരും. താൻ പരാജയപ്പെട്ടാൽ സഞ്ജു പിന്നിലുണ്ട് എന്ന ചിന്ത റുതുരാജിന് ഉണ്ടാകരുത്. നയിക്കുമ്പോൾ അത്തരം കാര്യങ്ങൾ ചിന്തിക്കേണ്ടതില്ല," കുംബ്ലെ പറഞ്ഞു.

പൂർണ്ണമായും അഴിച്ചുപണിത പുതിയ ടീമുമായാണ് ചെന്നൈ ഇത്തവണ എത്തുന്നത്. മുൻനിരയിൽ റുതുരാജും ആയുഷ് മാത്രേയും സഞ്ജുവും ടീമിന് കരുത്ത് പകരും. മധ്യനിരയിൽ ബ്രെവിസും ശിവം ദുബെയും ധോണിയും കൂടി ഒത്തുചേരുമ്പോൾ ഈ ഐപിഎല്ലലിലെ തന്നെ ഏറ്റവും ശക്തരായ ബാറ്റിങ് നിരയായി ചെന്നൈ മാറുന്നു. മാർച്ച് 30 തിങ്കളാഴ്ച ഗുവാഹത്തിയിലെ ബർസപ്പാറ സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.

Story first published: Tuesday, March 17, 2026, 13:36 [IST]
Other articles published on Mar 17, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+