ഐപിഎല്ലിന്റെ 19ാം സീസണില്‍ പുതിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗിനു കീഴില്‍ പുതുതുടക്കം ലക്ഷ്യമിടുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ് ഓര്‍ഡര്‍ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന.
ക്യാപ്റ്റനും ഐക്കണ്‍ താരവുമായ സഞ്ജു സാംസണ്‍ ടീം വിട്ടതിനു ശേഷമുള്ള ആദ്യ സീസണെന്ന നിലയില്‍ റോയല്‍സിന്റെ പ്രകടനം എല്ലാവരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

സഞ്ജുവിന്റെ അഭാവം ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല, ബാറ്റിങിലും നികത്തുകയെന്ന വലിയ ചാലഞ്ചാണ് റോയല്‍സിനു മുന്നിലുള്ളത്. കഴിഞ്ഞ സീസണില്‍ നിരാശാജനകമായ പ്രകടനമാണ് ടീം കാഴ്ചവച്ചത്. പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, ഒമ്പതാം സ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്തത്.

രാജസ്ഥാന്‍ റോയല്‍സിന്റെ ടോപ്പ് ഫൈവില്‍ ആരൊക്കെയാണ് വേണ്ടതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് സുരേഷ് റെയ്‌ന. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് ടീം കോമ്പിനേഷനെ കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.
'രാജസ്ഥാന്‍ റോയല്‍സിന്റെ അഞ്ച്, ആറ്, ഏഴ് നമ്പറുകള്‍ അത്ര ശക്തമല്ലെന്നീണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. റിയാന്‍ പരാഗ് മൂന്നാം നമ്പറിലും ഷിംറോണ്‍ ഹെറ്റ്‌മെയര്‍ നാലിലുമായിരിക്കും കളിക്കുകയെന്നാണ് എനിക്കു തോന്നുന്നത്.
പക്ഷെ എന്റെ സെലക്ഷന്‍ ഇങ്ങനെയായിരിക്കില്ല. ബാറ്റിങില്‍ ഇടംകൈ-വലംകൈ കോമ്പിനേഷന്‍ നിലനിര്‍ത്താനായിരിക്കും ഞാന്‍ ശ്രമിക്കുക. നാലാം നമ്പറില്‍ ധ്രുവ് ജുറേലിനെ കൊണ്ടു വരാന് ഞാന്‍ ആഗ്രഹിക്കുന്നു. കാരണം അവന്‍ സ്പിന്നിനെതിരേ നന്നായി കളിക്കും. കൂടാതെ അറ്റാക്കിങ് ബാറ്ററുമാണ്.

ഹെറ്റ്‌മെയര്‍ അഞ്ചാം നമ്പറിലായിരിക്കണം ബാറ്റ് ചെയ്യേണ്ടത്. അദ്ദേഹത്തിന്റെ വമ്പന്‍ ഷോട്ടുകള്‍ നിര്‍ണായകമായിരിക്കും. സീസണില്‍ വളരെ മികച്ച രീതിയില്‍ ഫിനിഷ് ചെയ്യാന്‍ രാജസ്ഥാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഹെറ്റ്‌മെയര്‍ക്കു ചുറ്റുെ നല്ലൊരു ഇന്ത്യന്‍ ഗ്രൂപ്പ് ഉണ്ടാവേണ്ടതും ആവശ്യമാണെന്നു റെയ്‌ന വ്യക്തമാക്കി.
ക്യാപ്റ്റനും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ റിയാന്‍ പരാഗിനെ രാജസ്ഥാന്‍ റോയല്‍സ് മൂന്നാമത്തെ സ്പിന്‍ ഓപ്ഷനായി വരും സീസണില്‍ ഉപയോഗിക്കണമെന്നാണ് സുരേഷ് റെയ്‌ന ഉപദേശിക്കുന്നത്.

പുതുതായി ടീമിലേക്കു വന്ന വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, യുവതാരം രവി ബിഷ്‌നോയ് എന്നിവരായിരിക്കും റോയല്‍സിന്റെ മറ്റു പ്രധാന സ്പിന്നര്‍മാര്‍.
റിയാന്‍ പരാഗിനെ ഞാന്‍ സ്പിന്നറായും രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഉപയോഗിക്കും. പരാഗിനൊപ്പം രവി ബിഷ്‌നോയ്, രവീന്ദ്ര ജഡേജ എന്നിവരും സ്പിന്‍ നിരയിലുണ്ടാവും. കൂടാതെ ഡൊണോവന്‍ ഫെരേരയെയും ഞാന്‍ ടീമിലുള്‍പ്പെടുത്തും.

ഒരു മികച്ച ബാറ്ററെയാണ് നിങ്ങള്‍ക്കു ആവശ്യമെങ്കില്‍ അദ്ദഹം സാം കറനേക്കാള്‍ മിടുക്കനാണ്. റോയല്‍സിന്റെ ബാറ്റിങ് ഓര്‍ഡറില്‍ ഇതിനകം തന്നെ ഒരുപാട് ഇടംകൈയന്‍ ബാറ്റര്‍മാരുമുണ്ട്. ഫെരേര നല്ല ഫോമിലുമാണന്നും റെയ്‌ന വിലയിരുത്തി.
പുതിയ സീസണില്‍ റോയല്‍സിന്റെ ആദ്യ പോരാട്ടം 30ന് മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായിട്ടാണ്. ഗുവാഹത്തിയാണ് ഈ മല്‍സരത്തിനു വേദിയാവുക. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവരെയും റോയല്‍സ് നേരിടും.