ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായി താരങ്ങളുടെ കൈമാറ്റങ്ങളും പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളുമെല്ലാം ഫ്രാഞ്ചൈസികള്‍ സജീവമാക്കുകയാണ്. ആരാധകര്‍ പ്രതീക്ഷിക്കാത്ത പല വമ്പന്‍ മാറ്റങ്ങളും ഇത്തവണ സംഭവിക്കാനാണ് സാധ്യത കൂടുതല്‍. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സഞ്ജു സാംസണ്‍ പടിയിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
സിഎസ്‌കെയിലേക്കാവും സഞ്ജു പോവുകയെന്നാണ് വിവരം. സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റം സഞ്ജുവിന്റെ കരിയറിനും ഗുണം ചെയ്യുമെന്നുറപ്പാണ്. അന്താരാഷ്ട്ര മത്സരങ്ങളില്‍ കൂടുതല്‍ അവസരം സഞ്ജുവിന് ലഭിക്കാന്‍ സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റം അദ്ദേഹത്തെ സഹായിച്ചേക്കും. എന്നാല്‍ സഞ്ജു കൂടുമാറിയാല്‍ രാജസ്ഥാനത് വലിയ തിരിച്ചടിയാവും. ഇന്ത്യക്കാരനായ മികച്ചൊരു വിക്കറ്റ് കീപ്പറെ രാജസ്ഥാന് കണ്ടെത്തേണ്ടതായുണ്ട്.
ഇപ്പോഴിതാ സഞ്ജുവിന് പകരം കേരള താരമായ മുഹമ്മദ് അസ്ഹറുദ്ദീനെ രാജസ്ഥാന്‍ പരിഗണിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജു സാംസണെപ്പോലെ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് അസ്ഹറുദ്ദീന്‍. ഐപിഎല്ലില്‍ ആര്‍സിബിയുടെ ഭാഗമായിട്ടുള്ള താരമാണ് അസ്ഹറുദ്ദീന്‍. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് ഐപിഎല്‍ കരാറില്ല. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ റോയല്‍സിന് ലേലത്തില്‍ അസ്ഹറുദ്ദീനെ നോട്ടമിടാവുന്നതാണ്.
നേരത്തെ തന്നെ ആഭ്യന്തര ക്രിക്കറ്റില്‍ തന്റെ വെടിക്കെട്ട് ബാറ്റിങ് മികവുകൊണ്ട് അസ്ഹറുദ്ദീന്‍ എല്ലാവരേയും ഞെട്ടിച്ചതാണ്. സെഞ്ച്വറി പ്രകടനമടക്കം താരം നടത്തിയിട്ടുണ്ട്. പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സ് നായകനായ അസ്ഹറുദ്ദീന്‍ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. 47 പന്തില്‍ 92 റണ്‍സാണ് അസ്ഹറുദ്ദീന്‍ നേടിയത്. ഇതില്‍ 9 സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടും. കടന്നാക്രമിച്ച് കളിക്കാന്‍ ഭയമില്ലാത്ത താരമാണ് അസ്ഹറുദ്ദീന്‍.

ടോപ് ഓഡറില്‍ കളിക്കാന്‍ കഴിവുള്ള അസ്ഹറുദ്ദീന്‍ പവര്‍പ്ലേ മുതലാക്കുന്ന താരം കൂടിയാണ്. സ്പിന്നിനേയും പേസിനേയും കടന്നാക്രമിക്കുന്ന അസ്ഹറുദ്ദീന്റെ ബാറ്റിങ് മികവ് കണ്ട് എല്ലാ ഫ്രാഞ്ചൈസികളും നോട്ടമിടാനാണ് സാധ്യത. ആര്‍സിബി കളിപ്പിക്കാതെ ഒഴിവാക്കിയ അസ്ഹറുദ്ദീന് ഇത്തവണ ലേലത്തില്‍ അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സഞ്ജു പോയാല്‍ ടോപ് ഓഡര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെയാണ് രാജസ്ഥാന് ആവശ്യം.
ഈ റോളില്‍ അസ്ഹറുദ്ദീന്‍ അനുയോജ്യനാണ്. രാജസ്ഥാന്‍ ടീമിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായി ജോസ് ബട്‌ലര്‍ ടീമിലുണ്ട്. ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് ബട്‌ലര്‍. അതുകൊണ്ടുതന്നെ ബട്‌ലറിലേക്കായിരിക്കും രാജസ്ഥാന്റെ നായകസ്ഥാനമെത്തുക. സഞ്ജു സാംസണ്‍ ടീം വിട്ടാല്‍ രാജസ്ഥാന്റെ പ്രകടനത്തെ അത് കാര്യമായി ബാധിക്കുമെന്ന് പറയാനാവില്ല. കാരണം സഞ്ജു ഇത്രയും സീസണിനിടെ ഒരു സീസണില്‍ 500ലധികം റണ്‍സടിച്ചത് 2024 സീസണിലാണ്.
പക്ഷെ സഞ്ജു സാംസണ്‍ ടീം വിട്ടാല്‍ രാജസ്ഥാന്റെ ആരാധക പിന്തുണയില്‍ വലിയ കുറവുണ്ടാവുമെന്ന് നിസംശയം പറയാം. സഞ്ജുവിന്റെ കേരളത്തിലെ ഒട്ടുമിക്ക ആരാധകരും രാജസ്ഥാന്‍ റോയല്‍സിനെ പിന്തുണക്കുന്നു. ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന ആരാധക പിന്തുണ സഞ്ജുവിനും ലഭിക്കുന്നുണ്ട്. ഇത് ഐപിഎല്ലില്‍ രാജസ്ഥാന്റെ ആരാധക പിന്തുണ ഉയര്‍ത്താന്‍ വളരെയധികം സഹായിച്ചിരുന്നു. എന്നാല്‍ സഞ്ജു രാജസ്ഥാന്‍ വിട്ടാല്‍ ഈ ആരാധകരും ടീം വിടും.
ഇത് രാജസ്ഥാന് തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. സഞ്ജുവിന് കീഴില്‍ ഫൈനല്‍ കളിച്ചെങ്കിലും കപ്പിലേക്കെത്താന്‍ രാജസ്ഥാന് സാധിച്ചില്ല. പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന് രണ്ടാം കിരീടത്തിലേക്കെത്താന്‍ വലിയൊരു അഴിച്ചുപണി അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിട്ടാലും രാജസ്ഥാന്റെ പ്രകടനത്തെ അത് കാര്യമായി ബാധിച്ചേക്കില്ലെന്ന് തന്നെ പറയാം.