Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: അന്ന് കോലിയെങ്കില്‍ ഇന്ന് റുതുരാജ്, അതിശയിപ്പിക്കുന്ന സാമ്യം ചൂണ്ടിക്കാട്ടി വീരു

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഐപിഎല്ലില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന യുവതാരം റുതുരാജ് ഗെയ്ക്വാദിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. 2021ലെ ഐപിഎല്ലിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് റുതുരാജിനായിരുന്നു. ഈ സീസണിലും രണ്ടു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ടോപ്‌സ്‌കോറര്‍ സ്ഥാനത്ത് അദ്ദേഹമാണ്. 74.50 ശരാശരിയില്‍ 149 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

കളിച്ച രണ്ടു മല്‍സരങ്ങളിലും റുതുരാജ് ഫിഫ്റ്റി നേടിക്കഴിഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഉദ്ഘാടന മല്‍സരത്തില്‍ എട്ടു റണ്‍സിനാണ് താരത്തിനു സെഞ്ച്വറി നഷ്ടമായത്. റുതുരാജിന്റെ ബാറ്റിങ് കണ്ണിനു വളരെയധികം സന്തോഷം പകരുന്നതാണെന്നു പറഞ്ഞ സെവാഗ് അദ്ദേഹത്തെ ബാറ്റിങ് ഇതിഹാസം വിരാട് കോലിയുമായി താരതമ്യവും ചെയ്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കുകയായിരുന്നു വീരു.

VIRAT KOHLI- RUTURAJ

വിരാട് കോലിയുടെ ഇന്നിങ്‌സുകള്‍ കാണുമ്പോള്‍ അതു നമ്മുടെ കണ്ണിനും മനസ്സിലും ഏറെ സന്തോഷം നല്‍കാറുണ്ട്. അതു പോലെ തന്നെ നമുക്ക് ആഹ്ലാദം നല്‍കുന്നതാണ് റുതുരാജിന്റെയും ബാറ്റിങ്. അവന്റെ പ്ലെയിങ് സ്റ്റൈലെന്നത് ടൈമിങിനെ ആശ്രയിച്ചാണ്. വലിയ ഷോട്ടുകള്‍ കളിക്കുമ്പോള്‍ പോലും റുതുരാജ് ഒരു അപകടകാരിയായ ബാറ്ററായി നമുക്കു തോന്നില്ലെന്നും വീരേന്ദര്‍ സെവാഗ് പറയുന്നു.

വളരെ മികച്ച ടൈമിങോടെയാണ് റുതുരാജ് ഗെയ്ക്വാദ് സിക്‌സറുകള്‍ പായിക്കുന്നത്. ശക്തി പ്രയോഗിച്ച് അവന്‍ ഒരിക്കല്‍പ്പോലും ഷോട്ടുകള്‍ കളിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. കാല്‍ ഉപയോഗിച്ച് കളിക്കുമ്പോഴും സിക്‌സറിനു മുതിരുമ്പോഴുമെല്ലാം വളരെ നന്നായി ബോള്‍ ടൈം ചെയ്യാന്‍ റുതുരാജിനു കഴിയുന്നു. ഫ്ളിക്ക്, പുള്‍, കട്ട് തുടങ്ങി എല്ലാ ഭാഗത്തേക്കും റുതുരാജ് ഷോട്ടുകള്‍ കളിക്കുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ വളരെ മികച്ച പ്രകടനമാണ് അവന്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. അതിനു ശേഷമാണ് ഐപിഎല്ലിലേക്കു വന്നിരിക്കുന്നതെന്നും വീരേന്ദര്‍ സെവാഗ് നിരീക്ഷിച്ചു.

ബാറ്റിങില്‍ അടിസ്ഥാനപരമായി നോക്കിയാല്‍ വളരെയധികം കരുത്തനാണ് റുതുരാജ് ഗെയ്ക്വാദ്. ബോളിനു വേണ്ടി കാത്തിരുന്ന ശേഷം കൂടുതല്‍ ബോളുകളും തന്റെ കണ്ണിനു താഴെയാണ് അവന്‍ കളിക്കുന്നത്. നിങ്ങള്‍ ഏതൊരു വലിയ താരത്തെ നോക്കിയാലും അവരുടെ ഷോട്ട് സെലക്ഷന്‍ മികച്ചതായിരിക്കുമെന്നു കാണാം. കാരണം അവരെല്ലാം കണ്ണിനു താഴെ വച്ച് ഷോട്ടുകള്‍ കളിക്കുന്നവരാണ്. റുതുരാജും അതു തന്നെയാണ് ചെയ്യുന്നതെന്നും വീരേന്ദര്‍ സെവാഗ് ചൂണ്ടിക്കാട്ടി.

RUTURAJ GAIKWAD

വീരേന്ദര്‍ സെവാഗിനൊപ്പം ഈ ഷോയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനും റുതുരാജ് ഗെയ്ക്വാദിന്റെ ബാറ്റിങിനെ പുകഴ്ത്തി. സ്വന്തം ഗെയിമില്‍ നന്നായി പ്രവര്‍ത്തിച്ച ശേഷമാണ് റുതുരാജ് ഈ ഐപിഎല്ലില്‍ വന്നിരിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഞാന്‍ അവനെ ശ്രദ്ധിക്കുന്നുണ്ട്. തുടക്കത്തിലുള്ള റുതുരാജിന്റെ മൂവ്‌മെന്റ് എല്ലായ്‌പ്പോഴും വൈകിയാണ്.

പക്ഷെ ഫാസ്റ്റ് ബൗളര്‍മാര്‍ ബോള്‍ റിലീസ് ചെയ്യുമ്പോഴേക്കും അവന്‍ നല്ല സ്ഥിരതയില്‍ എത്തിയിരിക്കും. അതുകൊണ്ടു തന്നെ റുതുരാജിന് അധികമായി സമയം ലഭിക്കുന്നു. സ്പിന്നര്‍മാര്‍ക്കെതിരേ അതിശയിപ്പിക്കുന്ന രീതിയിലാണ് താരം ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും ഇര്‍ഫാന്‍ വിശദമാക്കി.

Story first published: Tuesday, April 4, 2023, 14:25 [IST]
Other articles published on Apr 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+