IPL 2021: കൊല്‍ക്കത്ത കുതിച്ചു, പിന്നെ കിതച്ചു, ഒടുവില്‍ ജയിച്ചു!- ചെന്നൈ- കെകെആര്‍ ഫൈനല്‍

ഷാര്‍ജ: ഐപിഎല്ലില്‍ ഒരു നോക്കൗട്ട് റൗണ്ട് പോരാട്ടത്തിന്റെ മുഴുവന്‍ പിരിമുറുക്കവും കണ്ട ത്രില്ലറില്‍ ഡല്‍ഹി ക്യാപ്പിറ്റള്‍സിന്റെ വിജയപ്രതീക്ഷയെ സിക്‌സറിലേക്കു പായിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഫൈനലില്‍. ഒരു ഘട്ടത്തില്‍ അനായാസം ജയിക്കുമെന്നു കരുത്തിയ കൊല്‍ക്കത്തയെ വിറപ്പിച്ച് ഡിസി കളിയിലേക്കു തിരിച്ചുവരികയായിരുന്നു. ഒടുവില്‍ അവസാന രണ്ടു ബോളില്‍ കെകെആറിനു ജയിക്കാന്‍ സിക്‌സര്‍ വേണമെന്നായി. ആര്‍ അശ്വിന്റെ ഓവറിലെ അഞ്ചാമത്തെ ബോള്‍ സിക്‌സറിലേക്കു പറത്തി രാഹുല്‍ ത്രിപാഠി കെകെആറിനു ത്രസിപ്പിക്കുന്ന ജയവും ഫൈനല്‍ ബെര്‍ത്തും സമ്മാനിക്കുകയായിരുന്നു. മൂന്നു വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ വിജയം. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന കലാശക്കളില്‍ മറ്റൊരു മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി കൊല്‍ക്കത്ത ഏറ്റുമുട്ടും. ഡിസിയെ സംബന്ധിച്ച് തീര്‍ത്തും നിരാശാജനകമാണ് ഈ തോല്‍വി. ലീഗ് ഘട്ടത്തില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത ഡല്‍ഹി ഫൈനല്‍ പോലും കാണാതെയാണ് പുറത്തായിരിക്കുന്നത്.

നേരത്തേ എലിമിനേറ്ററില്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ ബൗളിങ് കരുത്തില്‍ തകര്‍ത്തുവിട്ട കൊല്‍ക്കത്ത ഡല്‍ഹിക്കെതിരേയും ബൗളിങ് മികവിലാണ് ജയം പിടിച്ചെടുത്തത്. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട ഡല്‍ഹിയെ 135 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ കൊല്‍ക്കത്ത ജയത്തിലേക്കും ഫൈനലിലേക്കുമുള്ള ആദ്യത്തെ ചുവട് വച്ചിരുന്നു. ഒരു ബോള്‍ ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിനു കെകെആര്‍ ലക്ഷ്യം റികടക്കുകയായിരുന്നു.

ഈ സീസണില്‍ കെകെആറിന്റെ കണ്ടെത്തലായി മാറിയ വെങ്കടേഷ് അയ്യരുടെ (55) ഉജ്ജ്വല ഫിഫ്റ്റിയാണ് വിജയത്തിനു അടിത്തറയിട്ടത്. 41 ബോളില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഈ സീസണില്‍ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഫിഫ്റ്റി കൂടിയാണിത്. ശുഭ്മാന്‍ ഗില്ലാണ് (46) മറ്റൊരു പ്രധാന സ്‌കോറര്‍. നിതീഷ് റാണ (13), രാഹുല്‍ ത്രിപാഠി (12*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ദിനേശ് കാര്‍ത്തിക്, നായകന്‍ ഒയ്ന്‍ മോര്‍ഗന്‍, ഷാക്വിബുല്‍ ഹസന്‍, സുനില്‍ നരെയ്ന്‍ എന്നിവരെല്ലാം പൂജ്യത്തിനു പുറത്തായി. ഡല്‍ഹിക്കു വേണ്ടി ആന്റിച്ച് നോര്‍ക്കിയ, ആര്‍ അശ്വിന്‍, കാഗിസോ റബാഡ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

ഓപ്പണിങ് വിക്കറ്റില്‍ വെങ്കടേഷ്-ഗില്‍ ജോടി 96 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ തന്നെ കളി ഡല്‍ഹിയില്‍ നിന്നും വഴുതിപ്പോയിരുന്നു. 13ാം ഓവറിലെ രണ്ടാമത്തെ ബോളിലാണ് വെങ്കി പുറത്താവുന്നത്. സിക്‌സറിനു ശ്രമിച്ച താരത്തെ കാഗിസോ റബാഡയുടെ ബൗളിങില്‍ ബൗണ്ടറി ലൈനിന് തൊട്ടരികെ പകരക്കാരനായി ഇറങ്ങിയ സ്റ്റീവ് സ്മിത്ത് പിടികൂടുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഗില്‍- റാണ ജോടി 27 റണ്‍സ്. ടീം സ്‌കോര്‍ 123ല്‍ വച്ച് നോര്‍ക്കിയയുടെ ബൗളിങില്‍ റാണയെ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ക്യാച്ചെടുത്തു. ഏഴു റണ്‍സിനിടെ അഞ്ചു വിക്കറ്റുകള്‍ ഡിസി പിഴുതതോടെ കെകെആര്‍ ഏഴിന് 130ലേക്കു കൂപ്പുകുത്തി.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ കൊല്‍ക്കത്ത ബൗളിങ് നിര വരിഞ്ഞുകെട്ടുകയായിരുന്നു. അഞ്ചു വിക്കറ്റിനു 135 റണ്‍സാണ് ഡിസിക്കു നേടാനായത്. ഡല്‍ഹി നിരയില്‍ ആര്‍ക്കും അര്‍ധസെഞ്ച്വറി തികയ്ക്കാനായില്ല. 36 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ്‌സ്‌കോറര്‍. 29 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും മാത്രമേ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. മുന്‍ നായകന്‍ ശ്രേയസ് അയ്യരാണ് (30*) 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. പൃഥ്വി ഷായും മാര്‍ക്കസ് സ്റ്റോയ്‌നിസും 18 റണ്‍സ് വീതമെടുത്ത് പുറത്തായി. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 17 റണ്‍സെടുത്തു. ക്യാപ്റ്റന്‍ റിഷഭ് പന്തിനു ആറു റണ്‍സെടുക്കാനേ കഴിഞ്ഞുളളൂ. ശ്രേയസിനൊപ്പം നാലു റണ്‍സോടെ അക്ഷര്‍ പട്ടേല്‍ പുറത്താവാതെ നിന്നു. 27 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കമാണ് ശ്രേയസ് 30 റണ്‍സ് നേടിയത്.

ശിവം മാവിയെറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സെടുക്കാനായതാണ് ഡല്‍ഹിയെ 135 റണ്‍സിലെത്തിച്ചത്. ശ്രേയസ് ഈ ഓവറില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടിച്ചു. അവസാന ബോള്‍ സിക്‌സറിലേക്കു പായിച്ചാണ് ശ്രേയസ് ഡിസിയുടെ ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്. കൊല്‍ക്കത്തയ്ക്കു വേണ്ടി വരുണ്‍ ചക്രവര്‍ത്തി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. ലോക്കി ഫെര്‍ഗൂസന്‍, ശിവം മാവി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഷാര്‍ജയിലെ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ കെകെആറിന്റെ ശക്തമായ ബൗളിങ് ലൈനപ്പിനു മുന്നില്‍ ഡല്‍ഹി ബാറ്റിങ് നിര റണ്ണെടുക്കാന്‍ തുടക്കം മുതല്‍ പാടുപെടുന്നതാണ് കണ്ടത്. ഭേദപ്പെട്ട തുടക്കമായിരുന്നു ഡിസിക്കു ധവാന്‍- പൃഥ്വി ജോടി നല്‍കിയത്. ആദ്യ വിക്കറ്റല്‍ ഇരുവരും ചേര്‍ന്ന് നാലോവറില്‍ 32 റണ്‍സെടുത്തു. എന്നാല്‍ പൃഥ്വിയെ വരുണ്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെ കെകെആറിന്റെ കുതിപ്പിന് വേഗം കുറഞ്ഞു.

രണ്ടാം വിക്കറ്റില്‍ ധവാന്‍- സ്‌റ്റോയ്‌നിസ് ജോടി 39 റണ്‍സുമായി ഡിസിയെ കരകയറ്റി. 19 റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ കൈവിട്ടതോടെ ഡിസി മൂന്നിന് 90ലേക്കു വീണു. സ്‌റ്റോയ്‌നിസിനെ മാവി ബൗള്‍ഡാുകയായിരുന്നു (രണ്ടിന് 71). ധവാനെ വരുണ്‍ ഷാക്വിബിന്റെ കൈകളിലുമെത്തിച്ചു (മൂന്നിന്് 83). റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ റിഷഭിനെ ഫെര്‍ഗൂസന്റെ ബൗളിങില്‍ രാഹുല്‍ ത്രിപാഠിയാണ് ക്യാച്ചെടുത്തത് (മൂന്നിന് 90).

ടോസിനു ശേഷം കൊല്‍ക്കത്ത നായകന്‍ ഒയ്ന്‍ മോര്‍ഗന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്വാളിഫയര്‍ വണ്ണില്‍ കളിച്ച് ടീമില്‍ ഒരു മാറ്റവുമായാണ് ഡിസി ഇറങ്ങിയത്. ഇംഗ്ലീഷ് ഓള്‍റ ൗണ്ടര്‍ ടോം കറെനു പകരം ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് തിരിച്ചെത്തി. എന്നാല്‍ കൊല്‍ക്കത്ത ടീമില്‍ മാറ്റമില്ലായിരുന്നു.

പ്രാഥമിക റൗണ്ടില്‍ ഡല്‍ഹിയും കൊല്‍ക്കത്തയും രണ്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമുകളും ഓരോ ജയം വീതം പങ്കിടുകയായിരുന്നു. ഇന്ത്യയിലെ ആദ്യപാദത്തില്‍ വിജയം ഡല്‍ഹിക്കായിരുന്നു. ഏഴു വിക്കറ്റിനായിരുന്നു കെകെആറിനെ ഡിസി തുരത്തിയത്. എന്നാല്‍ യുഎഇയിലെ രണ്ടാംപാദത്തില്‍ മോര്‍ഗനും സംഘവും ഇതിനു കണക്കുതീര്‍ത്തു. മൂന്നു വിക്കറ്റിനു ഡിസിയെ കെകെആര്‍ വീഴ്ത്തുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കാഗിസോ റബാഡ, ആവേശ് ഖാന്‍, ആന്റിച്ച് നോര്‍ക്കിയ.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ഒയ്ന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ഷാക്വിബുല്‍ ഹസന്‍, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ശിവം മാവി, ലോക്കി ഫെര്‍ഗൂസന്‍, വരുണ്‍ ചക്രവര്‍ത്തി.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 15 - October 24 2021, 03:30 PM
ശ്രീലങ്ക
ബംഗ്ലാദേശ്
Predict Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, October 13, 2021, 16:59 [IST]
Other articles published on Oct 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X