വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കമ്മിന്‍സ്, റസ്സല്‍ ഷോ- വിറപ്പിച്ച് കെകെആര്‍, ചെന്നൈ രക്ഷപ്പെട്ടു

18 റണ്‍സിനാണ് സിഎസ്‌കെയുടെ വിജയം

മുംബൈ: ഇതാണ് ത്രില്ലര്‍. നടുവൊടിച്ചിട്ടും തളരാന്‍ മനസ്സില്ലാതെ ആഞ്ഞടിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒടുവില്‍ പൊരുതിവീണു. ഐപിഎല്ലിലെ 15ാമത്തെ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു 18 റണ്‍സിനാണ് കെകെആര്‍ കീഴടങ്ങിയത്. ദുഷ്‌കരമായ 221 റണ്‍സിന്റെ കൂറ്റന്‍ വിജലക്ഷ്യമാണ് കെകെആര്‍ പിന്തുടര്‍ന്നത്.

1

31 റണ്‍സെടുക്കുമ്പോഴേക്കും അഞ്ചു വിക്കറ്റുകള്‍ നഷ്ടമായിട്ടും കെകെആര്‍ അനായാസം കീഴടങ്ങിയില്ല. പാറ്റ് കമ്മിന്‍സ് (66*), ആന്ദ്രെ റസ്സല്‍ (54) എന്നിവരുടെ തകര്‍പ്പന്‍ ഫിഫ്റ്റികളും ദിനേശ് കാര്‍ത്തികിന്റെ (40) അതിവേഗ ഇന്നിങ്‌സും കെകെആറിനെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നു. പക്ഷെ വിക്കറ്റുകള്‍ കൈയിലില്ലാത്തതു കാരണം അവര്‍ക്കു വിജയം എത്തിപ്പിടിക്കാനായില്ല. വിക്കറ്റിന് റണ്‍സില്‍ കെകെആര്‍ കീഴടങ്ങി. ചെന്നൈ മൂന്നു വിക്കറ്റിന് 220. കൊല്‍ക്കത്ത 19.1 ഓവറില്‍ 202ന് പുറത്ത്.
വെറും 34 ബോളിലാണ് ആറു സിക്‌സറുകളും നാലു ബൗണ്ടറികളുമടക്കം കമ്മിന്‍സ് 66 റണ്‍സ് വാരിക്കൂട്ടിയതെങ്കില്‍ റസ്സല്‍ 22 ബോളിലാണ് ആറു സിക്‌സറുകളും മൂന്നു ബൗണ്ടറികളുമടക്കം 54 റണ്‍സെടുത്തത്. കാര്‍ത്തിക് 24 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. മറ്റുള്ളവരൊന്നും രണ്ടക്കം കടന്നില്ല.

വന്‍ ടോട്ടലിലേക്കു ബാറ്റ് വീശിയ കെകെആറിനു മികച്ച തുടക്കം അനിവാര്യമായിരുന്നു. എന്നാല്‍ ദീപക് ചഹറിന്റെ നാലു വിക്കറ്റ് പ്രകടനം അവരുടെ മുന്‍നിരയെ തകര്‍ത്തു. നിതീഷ് റാണ (9), ശുഭ്മാന്‍ ഗില്‍ (0), നായകന്‍ ഇയോന്‍ മോര്‍ഗന്‍ (8), സുനില്‍ നരെയ്ന്‍ (4) എന്നിവരെ ചഹര്‍ മടക്കിയപ്പോള്‍ രാഹുല്‍ ത്രിപാഠിയെ (8) ലുംഗി എന്‍ഗിഡിയും പുറത്താക്കി. ഇതോടെ കെകെആര്‍ 5.2 ഓവറില്‍ അഞ്ചിന് 31 റണ്‍സിലേക്കു കൂപ്പുകുത്തി. പകുതി പേരെയും നഷ്ടമായ കെകെആര്‍ 100 റണ്‍സ് പോലും കടക്കുമോയെന്നു സംശയമിച്ച നിമിഷം.

2

എന്നാല്‍ പിന്നീട് കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിലൂടെ സിഎസ്‌കെയെ കടന്നാക്രമിക്കുന്ന കെകെആറിനെയാണ് കണ്ടത്. റസ്സല്‍-കാര്‍ത്തിക് ജോടി ആറാം വിക്കറ്റില്‍ 81 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. 12ാം ഓവറില്‍ ടീം സ്‌കോര്‍ 112ല്‍ വച്ചാണ് റസ്സല്‍ മടങ്ങിയത്. സാം കറെന്‍ ബൗള്‍ഡാക്കുകയായിരുന്നു. റസ്സല്‍ മടങ്ങിയെങ്കിലും കാര്‍ത്തിക്-കമ്മിന്‍സ് ജോടി വിജയം ലക്ഷ്യമിട്ട് പൊരുതി. 34 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. കാര്‍ത്തികിനെ എന്‍ഗിഡി വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെ സഖ്യം വേര്‍പിരിയുകയായിരുന്നു.

എന്നാല്‍ ക്രീസിന്റെ മറുവശത്തുണ്ടായിരുന്ന കമ്മിന്‍സ് അപാര ഫോമിലായിരുന്നു. എട്ടാം വിക്കറ്റില്‍ നാഗര്‍കോട്ടിയെ സാക്ഷിയാക്കി ഓസീസ് താരം 30 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മുഴുവന്‍ റണ്‍സും കമ്മിന്‍സിന്റെ വകയായിരുന്നു. നാഗര്‍കോട്ടി പുറത്തായ ശേഷമെത്തിയ വരുണ്‍ ചക്രവര്‍ത്തിയും പ്രസിദ്ധ് കൃഷ്ണയും കമ്മിന്‍സിന് സ്‌ട്രൈക്ക് നല്‍കാനുള്ള ശ്രമിത്തിനിടെ റണ്ണൗട്ടായതോടെ കെകെആര്‍ വിജയത്തിനരികെ കാലിടറി വീണു. ടൂര്‍ണമെന്റില്‍ സിഎസ്‌കെയുടെ ഹാട്രിക് വിജയമാണിത്. ഇതോടെ അവര്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട സിഎസ്‌കെ മൂന്നു വിക്കറ്റിന് 220 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടല്‍ പടുത്തുയത്തുകയായിരുന്നു. ഓപ്പണര്‍മാരായ ഫഫ് ഡുപ്ലെസി (95*), റുതുരാജ് ഗെയ്ക്ക്വാദ് (64) എന്നിവരുടെ തകര്‍പ്പന്‍ ഫിഫ്റ്റികളാണ് സിഎസ്‌കെയ്ക്കു വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്.

3

ഓപ്പണിങ് വിക്കറ്റില്‍ ഡുപ്ലെസി- റുതുരാജ് ജോടി 115 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ കെകെആര്‍ പരുങ്ങലിലായിരുന്നു. പിന്നീട് വന്നവരെല്ലാം അതിവേഗം റണ്‍സ് നേടുന്നനത് തുടര്‍ന്നതോടെ സിഎസ്‌കെ 200 കടക്കുകയും ചെയ്തു. മോയിന്‍ അലി 25 (12 ബോള്‍, രണ്ടു ബൗണ്ടറി, 2 സിക്‌സര്‍), നായകന്‍ എംഎസ് ധോണി 17 (7 ബോള്‍, 2 ബൗണ്ടറി, 1 സിക്‌സര്‍) എന്നിവര്‍ മോശമല്ലാത്ത സംഭാവന നല്‍കി. ഇന്നിങ്‌സ് പൂര്‍ത്തിയാവുമ്പോള്‍ ഡുപ്ലെസിക്കൊപ്പം രവീന്ദ്ര ജഡേജയായിരുന്നു (6*) ക്രീസില്‍.

60 ബോളില്‍ ഒമ്പതു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് ഡുപ്ലെസി സിഎസ്‌കെയുടെ അമരക്കാരനായത്. റുതുരാജ് 42 ബോളില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറും പറത്തി. കഴിഞ്ഞ മൂന്നു ഇന്നിങ്‌സുകളിലും താളം കണ്ടെത്താനാവാതെ പാടുപെട്ട റുതുരാജിനെയല്ല ഈ കളിയില്‍ കണ്ടത്. തുടക്കം മുതല്‍ ഗ്രൗണ്ടിന്റെ എല്ലാ വശങ്ങളിലേക്കും താരം ഷോട്ടുകള്‍ പായിച്ചുകൊണ്ടിരുന്നു. തികഞ്ഞ ആത്മവിശ്വാസത്തെയായിരുന്നു റുതുരാജ് തുടക്കം മുതല്‍ ബാറ്റ് വീശിയത്.

4

അപകടകരമായ രീതിയില്‍ മുന്നേറിയ ഡുപ്ലെസി- റുതുരാജ് ഓപ്പണിങ് ജോടിയെ വേര്‍പിരിച്ചത് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു. പാറ്റ് കമ്മിന്‍സിനു ക്യാച്ച് സമ്മാനിച്ചാണ് റുതുരാജ് ക്രീസ് വിട്ടത്. എന്നാല്‍ റുതുരാജ് മടങ്ങിയെങ്കിലും സിഎസ്‌കെയുടെ റണ്‍റേറ്റ് താഴേക്കു പോയില്ല. ഡുപ്ലെസിയും അലിയും ചേര്‍ന്ന് 50 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടി.

കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും ഏഴാം നമ്പറില്‍ കളിച്ച നായകന്‍ ധോണി ഇത്തവണ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തി. തുടക്കത്തില്‍ അല്‍പ്പം പതറിയെങ്കിലും പിന്നീട് മികച്ച ചില ഷോട്ടുകള്‍ അദ്ദേഹം കളിച്ചു. പ്രസിദ്ധ് കൃഷ്ണയ്‌ക്കെതിരേ ധോണി പറത്തിയ സിക്‌സര്‍ അദ്ദേഹത്തിന്‍െ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. മൂന്നാം വിക്കറ്റില്‍ ഡുപ്ലെസി-ധോണി സഖ്യം 36 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ മുന്നോട്ടാഞ്ഞ് ഷോട്ടിനു ശ്രമിച്ച ധോണിയെ ഡൈവിങ് ക്യാച്ചിലൂടെ മോര്‍ഗന്‍ പിടികൂടിയതോടെയാണ് സഖ്യം പിരിഞ്ഞത്.

ടോസിനു ശേഷം കെകെആര്‍ നായകന്‍ ഇയോന്‍ മോര്‍ഗന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് കെകെആര്‍ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ഹര്‍ഭജന്‍ സിങ്, ഷാക്വിബുല്‍ ഹസന്‍ എന്നിവര്‍ക്കു പകരം കമലേഷ് നാഗര്‍കോട്ടി, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഇറങ്ങി. സിഎസ്‌കെ ടീമിലാവട്ടെ ഒരു മാറ്റമുണ്ടായിരുന്നു. ഡ്വയ്ന്‍ ബ്രാവോയ്ക്കു വിശ്രമം അനുവദിച്ച അവര്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡിക്കു അവസരം നല്‍കി.

പ്ലെയിങ് ഇലവന്‍
കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്- നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), സുനില്‍ നരെയ്ന്‍, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ആന്ദ്രെ റസ്സല്‍, പാറ്റ് കമ്മിന്‍സ്, കമലേഷ് നാഗര്‍കോട്ടി, വരുണ്‍ ചക്രവര്‍ത്തി.

ചെന്നൈ സൂപ്പര്‍ കിങ്‌സ്-റുതുരാജ് ഗെയ്ക്വാദ്, ഫഫ് ഡുപ്ലെസി, മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സാം കറെന്‍, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ലുംഗി എന്‍ഗിഡി, ദീപക് ചഹര്‍.

Story first published: Wednesday, April 21, 2021, 23:35 [IST]
Other articles published on Apr 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X