IPL 2020: ഡുപ്ലെസിക്ക് രക്ഷിക്കാനായില്ല, ധോണിയുടെ തന്ത്രവും പാളി — രാജസ്ഥാന് ഉജ്ജ്വല ജയം

ഷാര്‍ജ: ഐപിഎല്‍ നാലാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്തെറിഞ്ഞ് രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈയ്ക്ക് എതിരെ 16 റണ്‍സിന്റെ ഉജ്ജ്വല ജയമാണ് രാജസ്ഥാന്‍ പിടിച്ചെടുത്തത്. ഫാഫ് ഡുപ്ലെസിയുടെ (37 പന്തിൽ 72) ഒറ്റയാന്‍ പോരാട്ടം ചെന്നൈയെ രക്ഷിക്കാനായില്ല. രാജസ്ഥാന്‍ ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 200 റണ്‍സിൽ പോരാട്ടം അവസാനിപ്പിച്ചു. രാജസ്ഥാന് വേണ്ടി ലെഗ് സ്പിന്നര്‍ രാഹുല്‍ തേവാട്ടിയ മൂന്നു വിക്കറ്റുകള്‍ കണ്ടെത്തി. മറ്റൊരു സ്പിന്നറായ ശ്രേയസ് ഗോപാലിനും ടോം കറനും ഒരോ വിക്കറ്റുണ്ട്. ആദ്യ ഇന്നിങ്‌സില്‍ സഞ്ജു സാംസണ്‍ (74), സ്റ്റീവ് സ്മിത്ത് (69), ജോഫ്ര ആര്‍ച്ചര്‍ (27) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് രാജസ്ഥാന്‍ സ്‌കോര്‍ 200 കടത്തിയത്.

ഓവറില്‍ 11 റണ്‍സിന് മുകളില്‍ വേണമെന്നിരിക്കെ അതീവ സമ്മര്‍ദ്ദത്തിലായിരുന്നു മുന്‍ ചാംപ്യന്‍മാരുടെ തുടക്കം. എന്നാല്‍ മൂന്നാം ഓവര്‍ മുതല്‍ മുരളി വിജയും ഷെയ്ന്‍ വാട്‌സണും കൂടി രാജസ്ഥാന്‍ ബൗളര്‍മാരെ കടന്നാക്രമിക്കാന്‍ തുടങ്ങി. ആറാം ഓവറില്‍ ടോം കറനെതിരെ 17 റണ്‍സ് അടിച്ചെടുത്താണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. പക്ഷെ ഏഴാം ഓവറില്‍ തേവാട്ടിയ വാട്‌സണിന്റെ (33) സ്റ്റംപ് തെറിപ്പിച്ചു.

തൊട്ടടുത്ത ഓവറില്‍ ശ്രേയസ് ഗോപാല്‍ മുരളി വിജയെയും (21) പുറത്താക്കി. കഴിഞ്ഞ മത്സരത്തിലെ ഹീറോയായ സാം കറനെയാണ് നായകന്‍ ധോണി അടുത്തതായി പറഞ്ഞുവിട്ടത്. വരുന്ന പന്തിനെയെല്ലാം അതിര്‍ത്തി കടത്തുക മാത്രമായിരുന്നു സാം കറന്റെ ലക്ഷ്യം. ഒന്‍പതാം ഓവറില്‍ തുടര്‍ച്ചയായി രണ്ടുതവണ തേവാട്ടിയയെ അതിര്‍ത്തി പറപ്പിച്ച താരം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍ അഞ്ചാം പന്തില്‍ തേവാട്ടിയ പരീക്ഷിച്ച ഗൂഗ്ലി പഠിച്ചെടുക്കാന്‍ കറന് കഴിഞ്ഞില്ല. ക്രീസില്‍ നിന്നും ഇറങ്ങിയ സാം കറനെ (17) സഞ്ജു സാംസണ്‍ സ്റ്റംപ് ചെയ്തു. ആദ്യപന്തില്‍ത്തന്നെ തേവാട്ടിയയെ കടന്നാക്രമിക്കാന്‍ ശ്രമിച്ച റിതുരാജ് ഗെയ്ക്‌വാഡാകട്ടെ (0) വന്നതിലും വേഗത്തില്‍ കൂടാരത്തില്‍ തിരിച്ചെത്തി. ഒരറ്റത്ത് ഫാഫ് ഡുപ്ലെസി ഒറ്റയാന്‍ പോരാട്ടം തുടരവെ കേദാര്‍ ജാദവാണ് ശേഷമെത്തിയത്. ശ്രേയസ് ഗോപാലിനെ തുടര്‍ച്ചയായി മൂന്നുതവണ ഫോറടിച്ച് കേദാര്‍ ജാദവ് ചെന്നൈ ക്യാംപിന് പ്രതീക്ഷ നല്‍കിയെങ്കിലും വലിയ ആയുസ്സുണ്ടായില്ല.

14 ആം ഓവറില്‍ ടോം കറന്റെ പന്തില്‍ കീപ്പര്‍ ക്യാച്ചു നല്‍കി ജാദവ് മടങ്ങുമ്പോള്‍ ചെന്നൈ അഞ്ചിന് 115 റണ്‍സ് എന്ന നിലയിലേക്ക് ഇടറി. ജാദവിന് ശേഷം നായകന്‍ എംഎസ് ധോണിയാണ് ഡുപ്ലെസിക്കൊപ്പം റണ്‍വേട്ടയ്ക്ക് ഇറങ്ങിയത്. എന്നാല്‍ ഈ സമയം കൊണ്ട് ആവശ്യമായ റണ്‍നിരക്ക് 17 കടന്നിരുന്നു. ഒരറ്റത്ത് താളം കണ്ടെത്താന്‍ ധോണി വിഷമിച്ചപ്പോള്‍ ആക്രമണം പൂര്‍ണമായി ഡുപ്ലെസി ഏറ്റെടുക്കുന്നതാണ് മത്സരം കണ്ടത്.

ഉനദ്ഘട്ട് എറിഞ്ഞ 17 ആം ഓവറില്‍ 3 സിക്‌സ് ഉള്‍പ്പെടെ 21 റണ്‍സാണ് ഡുപ്ലെസി അടിച്ചെടുത്തത്. 20 ആം ഓവറിൽ ടോം കറനെ തുടർച്ചയായി മൂന്നുതവണ ധോണി (29) സിക്സടിച്ചെങ്കിലും മത്സരം അപ്പോഴേക്കും ചെന്നൈയ്ക്ക് നഷ്ടമായി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട രാജസ്ഥാന്‍ ആദ്യം ബാറ്റുചെയ്യുകയായിരുന്നു. ക്രീസില്‍ രാജസ്ഥാന്‍ നടരാജനൃത്തമാടിയപ്പോള്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് അക്ഷരാര്‍ത്ഥത്തില്‍ പകച്ചുപോയി. പന്തെവിടെ എറിഞ്ഞാലും സിക്‌സ്. പത്തോവര്‍ വേണ്ടിവന്നില്ല രാജസ്ഥാന് 100 തികയ്ക്കാന്‍. എന്നാല്‍ സെഞ്ച്വറിയിലേക്ക് കണ്ണഞ്ചും വേഗത്തില്‍ കുതിച്ച സഞ്ജുവിന് ധോണി കടിഞ്ഞാണിട്ടു, ലുങ്കി എന്‍ഗിഡിയിലൂടെ. 32 പന്തില്‍ 74 റണ്‍സുമായാണ് സഞ്ജു സാംസണ്‍ മടങ്ങിയത്.

മത്സരത്തില്‍ സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് രവീന്ദ്ര ജഡേജയും പിയൂഷ് ചൗളയും ശരിക്കും അറിഞ്ഞു. ചെന്നൈയുടെ സ്റ്റാര്‍ ബൗളര്‍ ദീപക് ചഹറിനെയും സഞ്ജു വെറുതെവിട്ടില്ല. 9 പടുകൂറ്റന്‍ സിക്‌സുകളാണ് സഞ്ജു ചെന്നൈയ്ക്ക് എതിരെ അടിച്ചത്. സ്‌ട്രൈക്ക് റേറ്റ് 231! ചൗളയെറിഞ്ഞ എട്ടാം ഓവറിലാണ് രാജസ്ഥാന്‍ ടോപ് ഗിയറിലേക്ക് കടന്നത്. ഈ ഓവറില്‍ മാത്രം നാലു സിക്‌സുകള്‍ ഉള്‍പ്പെടെ 28 റണ്‍സ് രാജസ്ഥാന്‍ അടിച്ചെടുത്തു.

12 ആം ഓവറില്‍ ലുങ്കി എന്‍ഗിഡിയുടെ സ്ലോ ബോള്‍ കെണിയിലാണ് സഞ്ജു വീഴുന്നത്. ഓഫ് സ്റ്റംപിന് വെളിയിലായി കുത്തിയുയര്‍ന്ന എന്‍ഗിഡിയുടെ പന്തിനെ തിരഞ്ഞുപിടിച്ച് അടിക്കാന്‍ ചെന്നതായിരുന്നു സഞ്ജു. പക്ഷെ പന്തിന് വേഗമുണ്ടായില്ല. ഡീപ് കവറിലേക്ക് ഓടിയെത്തിയ ചഹര്‍ ക്യാച്ച് പിടിച്ചെടുത്തു. ഒടുവില്‍ ചെന്നൈ ദീര്‍ഘനിശ്വാസവും വിട്ടു.

സഞ്ജുവിന് ശേഷമെത്തിയ ഡേവിഡ് മില്ലറിനും (0) റോബിന്‍ ഉത്തപ്പയ്ക്കും (5) ക്രീസില്‍ നിലയുറപ്പിക്കാനായില്ല. റിതുരാജ് ഗെയ്ക് വാഡ് മില്ലറെ തകര്‍പ്പന്‍ ത്രോയില്‍ റണ്ണൗട്ടാക്കിയപ്പോള്‍ റോബിന്‍ ഉത്തപ്പ പിയൂഷ് ചൗളയുടെ സ്പിന്നില്‍ പതറി. ഒരറ്റത്ത് നായകന്‍ സ്റ്റീവ് സ്മിത്ത് ആക്രമിച്ച് കളിച്ചെങ്കിലും മറുഭാഗത്ത് തുടരെ വിക്കറ്റുകള്‍ വീണത് രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ വേഗം കുറച്ചു. 17 ആം ഓവറില്‍ തേവാട്ടിയയും (10) പരാഗും (6) തിരിച്ചെത്തി. സാം കറനാണ് ഇരുവരുടെയും വിക്കറ്റ്.

അവസാന ഓവറുകളില്‍ നിറഞ്ഞാടാന്‍ പദ്ധതിയിട്ട സ്റ്റീവ് സ്മിത്തിനും കാര്യങ്ങള്‍ എളുപ്പമായില്ല. 19 ആം ഓവറില്‍ സാം കറന്‍ തന്നെ രാജസ്ഥാന്‍ നായകന് മടക്കടിക്കറ്റ് നല്‍കി. 47 പന്തില്‍ 69 റണ്‍സാണ് സ്മിത്ത് അടിച്ചെടുത്തത്. 4 വീതം സിക്‌സും ഫോറും സ്മിത്തിന്റെ ഇന്നിങ്‌സിലുണ്ട്. സ്‌ട്രൈക്ക് റേറ്റ് 146. നാടകീയത നിറഞ്ഞ 20 ആം ഓവറിൽ എൻഗിഡിയുടെ കയ്യയഞ്ഞ ബൌളിങ് ജോഫ്ര ആർച്ചർക്ക് (8 പന്തിൽ 27) അനുഗ്രഹമായി. ഈ ഓവറിൽ മാത്രം 30 റൺസാണ് രാജസ്ഥാൻ കയ്യടക്കിയത്.

ചെന്നൈ നിരയില്‍ മൂന്നു വിക്കറ്റു വീഴ്ത്തിയ സാം കറന്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ദീപക് ചഹിനും ലുങ്കി എന്‍ഗിഡിക്കും പിയൂഷ് ചൗളയ്ക്കും ഓരോ വിക്കറ്റു വീതമുണ്ട്. ഇരു ടീമുകളുടെ പ്ലേയിങ് ഇലവനെ ചുവടെ കാണാം.

ചെന്നൈ സൂപ്പർ കിങ്സ്:

മുരളി വിജയ്, ഷെയ്ന്‍ വാട്‌സണ്‍, ഫാഫ് ഡുപ്ലെസി, റിതുരാജ് ഗെയ്ക്‌വാഡ്, എംഎസ് ധോണി (നായകന്‍, വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, സാം കറന്‍, ദീപക് ചഹര്‍, പിയൂഷ് ചൗള, ലുങ്കി എന്‍ഗിഡി.

രാജസ്ഥാൻ റോയൽസ്:

യശസ്വി ജെയ്‌സ്വാള്‍, റോബിന്‍ ഉത്തപ്പ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സ്റ്റീവ് സ്മിത്ത് (നായകന്‍), ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, ശ്രേയസ് ഗോപാല്‍, ടോം കറന്‍, രാഹുല്‍ തേവാട്ടിയ, ജോഫ്ര ആര്‍ച്ചര്‍, ജയദേവ് ഉനദ്ഘട്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: ipl 2020
Story first published: Tuesday, September 22, 2020, 19:09 [IST]
Other articles published on Sep 22, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X