ഐപിഎല്ലിലൂടെ ഇവര്‍ സ്വപ്‌നം കാണുന്നത് ഇന്ത്യന്‍ ജഴ്‌സി... ആരാവും ഭാഗ്യവാന്‍?

Written By:

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്താനുള്ള ചവിട്ടുപടിയായാണ് യുവതാരങ്ങള്‍ ഐപിഎല്ലിനെ കാണുന്നത്. കാരണം എത്രയെത്ര താരങ്ങളാണ് കഴിഞ്ഞ 10 സീസണിലെ ഐപിഎല്ലുകളിലൂടെ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. ചിലര്‍ രണ്ടോ, മൂന്നോ മല്‍സരങ്ങളില്‍ മാത്രം ഇന്ത്യക്കു വേണ്ടി കളിച്ച് പുറത്തായപ്പോള്‍ മറ്റു ചിലര്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ടീമില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു.

ഏപ്രിലില്‍ ആരംഭിക്കുന്ന ഐപിഎല്ലിന്റെ പതിനൊന്നാം സീസണിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലെത്തുകയെന്ന ലക്ഷ്യത്തോടെ ഒരുപിടി യുവതാരങ്ങളാണ് രംഗത്തുള്ളത്. ഇത്തവണ ഐപിഎല്ലിലൂടെ ദേശീയ ടീമിലെത്താന്‍ സാധ്യതയുള്ള അഞ്ചു താരങ്ങള്‍ ആരൊക്കയെന്നു നോക്കാം.

 ക്രുനാല്‍ പാണ്ഡ്യ

ക്രുനാല്‍ പാണ്ഡ്യ

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ സഹോദരനും ഓള്‍റൗണ്ടറുമായ ക്രുനാല്‍ പാണ്ഡ്യയുടെ ലക്ഷ്യമിടുന്നത് ദേശീയ ടീമിലേക്കുള്ള ടിക്കറ്റ് തന്നെയാണ്. ബറോഡയില്‍നിന്നുള്ള താരമായ ക്രുനാല്‍ 2016ലെ ഐപിഎല്ലിലൂടെയാണ് വരവറിയിക്കുന്നത്. തൊട്ടടുത്ത വര്‍ഷം മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ ജേതാക്കളായപ്പോള്‍ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഫൈനലില്‍ 45 റണ്‍സെടുത്ത് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. ബാറ്റിങില്‍ മാത്രമല്ല ഇടംകൈയന്‍ സ്പിന്നര്‍ കൂടിയായ ക്രുനാല്‍ ബൗളിങിലും തിളങ്ങിയിരുന്നു.
പ്രാദേശിക ക്രിക്കറ്റില്‍ ബറോഡയ്ക്കു വേണ്ടി മികച്ച പ്രകടനമാണ് 26 കാരനായ താരം നടത്തിക്കൊണ്ടിരിക്കുന്നത്. നിരവധി മല്‍സരങ്ങളൡ മുന്‍നിരയില്‍ ബാറ്റിങില്‍ ഇറങ്ങിയ ക്രുനാല്‍ ബറോഡയെ രക്ഷിച്ചിട്ടുണ്ട്. ഇത്തവണത്തെ ഐപിഎല്ലില്‍ മുംബൈക്കു വേണ്ടി തന്നെയാണ് ക്രുനാല്‍ കളിക്കുന്നത്. ടീമിന്റെ മുഖ്യ സ്പിന്നറെന്ന റോളും ഇത്തവണ താരം വഹിക്കും.

മയാങ്ക് അഗര്‍വാള്‍

മയാങ്ക് അഗര്‍വാള്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനാണ് കര്‍ണാടകയുടെ ഓപ്പണിങ് ബാറ്റ്‌സ്മാനായ മയാങ്ക് അഗര്‍വാള്‍. കരിയറിലെ സുവര്‍ണ കാലത്തിലൂടെ കടന്നുപോവുന്ന മയാങ്ക് ഐപിഎല്ലിലും തരംഗമാവാന്‍ തയ്യാറെടുക്കുകയാണ്. ഈ സീസണിലെ പ്രാദേശിക ക്രിക്കറ്റില്‍ 2141 റണ്‍സാണ് താരം വാരിക്കൂട്ടിയത്. ഇത് പുതിയ റെക്കോര്‍ഡ് കൂടിയാണ്. ഒരു താരം ഇതാദ്യമായാണ് ഇത്രയുമധികം റണ്‍സ് ഒരു സീസണില്‍ നേടുന്നത്.
അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ എട്ട് ഇന്നിങ്‌സുകളില്‍ നിന്നായി 723 റണ്‍സ് മയാങ്ക് അടിച്ചെടുത്തിരുന്നു. 90.37 ആയിരുന്നു താരത്തിന്റെ ബാറ്റിങ് ശരാശരി. ഈ പ്രകടനത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ ഇപ്പോള്‍ നടക്കുന്ന നിദാഹാസ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ മയാങ്കിനെ ഉള്‍പ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്നു. പക്ഷെ 27 കാരനെ സെലക്റ്റര്‍മാര്‍ തഴഞ്ഞു.
എങ്കിലും മയാങ്ക് പ്രതീക്ഷ കൈവിട്ടിട്ടില്ല. ഐപിഎല്ലിലും തന്റെ ബാറ്റിങ് മിടുക്ക് പുറത്തെടുത്ത് ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയാണ് മയാങ്ക് പുതിയ സീസണില്‍ ബാറ്റ് വീശുക.

 ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കൂടിയാണ്. മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ കരിയര്‍ ക്ലൈമാക്‌സിലേക്കു നീങ്ങവെ ഇന്ത്യന്‍ ടീമില്‍ ഒഴവ് വരുന്ന ഈ സ്ഥാനം സ്വന്തമാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇഷാന്‍. പ്രാദേശിക ക്രിക്കറ്റില്‍ ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് ധോണിയുടെ നാട്ടുകാരന്‍കൂടിയായ താരം കാഴ്ചവച്ചത്. ഐപിഎല്ലിലും ഇതേ പ്രകടനം ആവര്‍ത്തിക്കാനാവുമെന്നും ഇഷാന് പ്രതീക്ഷയുണ്ട്. 2016ലെ അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച ഇന്ത്യന്‍ ടീമില്‍ അംഗം കൂടിയായിരുന്നു അദ്ദേഹം.
അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും ഇഷാന്‍ 313 റണ്‍സെടുത്തിരുന്നു. കഴിഞ്ഞ സസീണിലെ ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന്റെ താരമായിരുന്നു 19കാരന്‍. ആറാം നമ്പര്‍ പൊസിഷനിലാണ് ഇഷാന്‍ പലപ്പോഴും കളിക്കാറുള്ളതെങ്കിലും മുന്‍നിരയിലും പരീക്ഷിക്കാവുന്ന താരമാണ് അദ്ദേഹം.
ഈ സീസണിലെ ഐപിഎല്ലില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ എവില്‍ ലൂയിസിനൊപ്പം മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണറായി ഇഷാന്‍ കളിക്കുമെന്നാണ് സൂചന.

 കമലേഷ് നാഗര്‍കോട്ടി

കമലേഷ് നാഗര്‍കോട്ടി

ന്യൂസിലന്‍ഡില്‍ ഈ വര്‍ഷമാദ്യം നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു പേസര്‍ കമലേഷ് നാഗര്‍കോട്ടി. തകര്‍പ്പന്‍ ബൗളിങിലൂടെ
ടൂര്‍ണമെന്റിന്റെ തന്നെ കണ്ടെത്തലായി മാറിയ കലമേഷ് ഇനി സീനിയര്‍ ടീമിനു വേണ്ടി പന്തെറിയുന്നത് സ്വപ്‌നം കാണുകയാണ്.
രാജസ്ഥാനില്‍ നിന്നുള്ള 18 കാരനായ പേസര്‍ ഇന്ത്യയുടെ അടുത്ത പേസ് സെന്‍സേഷനാവുമെമന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ സീസണിലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി കമലേഷ് പന്തെറിയും. താരത്തിന്റെ കന്നി ഐപിഎല്‍ കൂടിയാണിത്.
ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരുടെ പകരക്കാരായി കൂടുതല്‍ പേസര്‍മാരെ വളത്തിക്കൊണ്ടുവരാനാണ് സെലക്റ്റര്‍മാര്‍ തീരുമാനിച്ചിരിക്കുന്നത്. അവരിലൊരാള്‍ കൂടിയാണ് കമലേഷ്.
ഈ സീസണില്‍ കൊല്‍ക്കത്തയ്ക്കു വേണ്ടി ഐപിഎല്ലില്‍ നിരവധി മല്‍സരങ്ങളില്‍ കമലേഷിനു കളിക്കാന്‍ അവസരം ലഭിച്ചേക്കും. തനിക്കു ലഭിക്കുന്ന അവസരങ്ങള്‍ മുതലെടുക്കാനായാല്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലെത്താന്‍ താരത്തിനാവും.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍ വൈസ് ക്യാപ്റ്റനായിരുന്ന സൂര്യകുമാര്‍ യാദവ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മികച്ച പ്രകടനമാണ് പ്രാദേശിക ക്രിക്കറ്റില്‍ കാഴ്ചവയ്ക്കുന്നത്. പ്രാദേശിക ക്രിക്കറ്റില്‍ മുംബൈ ടീമിന്റെ നട്ടെല്ല് കൂടിയാണ് 27കാരനായയ താരം.
ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിത്തന്നെയാണ് സൂര്യകുമാര്‍ കളിക്കുന്നത്. ബാറ്റിങില്‍ നാല്, അഞ്ച് പൊസിഷനുകളില്‍ താരം ഇറങ്ങാനാണ് സാധ്യത. അതുകൊണ്ടു തന്നെ വലിയ ഇന്നിങ്‌സുകള്‍ കളിക്കാനും ഇത് അദ്ദേഹത്തെ സഹായിക്കും.
വിജയ് ഹസാരെ ട്രോഫിയില്‍ 60.66 ശരാശരിയില്‍ ഏഴു ഇന്നിങ്‌സുകളിലായി സൂര്യകുമാര്‍ 364 റണ്‍സ് അടിച്ചെടുത്തിരുന്നു. മുംബൈക്കു വേണ്ടി മികച്ച പ്രകടനം നടത്തി അതു വഴി ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെത്താമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.

ഐപിഎല്‍: ഷമിയില്ലെങ്കില്‍ പിന്നെയാര്? ഡല്‍ഹിക്ക് ആശയക്കുഴപ്പം... ഊഴം കാത്ത് ഇവര്‍

'ദാദാ'ഗിരി ധോണിയോട് വേണ്ട... എംഎസ്ഡി വേറെ ലെവല്‍, ഗാംഗുലി ഫാന്‍സിന് അസൂയപ്പെടാം

Story first published: Monday, March 12, 2018, 12:09 [IST]
Other articles published on Mar 12, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍