'എന്താണ് സംഭവിച്ചതെന്ന് പുറത്തുള്ളവര്‍ അറിയുന്നില്ലല്ലോ', ഡിആര്‍എസ് വിവാദത്തെക്കുറിച്ച് കോലി

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വാനോളം പ്രതീക്ഷയോടെ തുടങ്ങിയ ഇന്ത്യ ഒടുവില്‍ തലതാഴ്ത്തി മടങ്ങിയിരിക്കുകയാണ്. ഇതുവരെ ജയിക്കാത്ത സെഞ്ച്വൂറിയനില്‍ ജയിച്ച് തുടങ്ങിയ ഇന്ത്യ ഭാഗ്യവേദിയായ ജോഹാനസ്ബര്‍ഗില്‍ തോറ്റു. പരമ്പര വിജയിയെ തീരുമാനിക്കുന്ന കേപ്ടൗണ്‍ ടെസ്റ്റില്‍ ഏഴ് വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ച് ആതിഥേയരായ ദക്ഷിണാഫ്രിക്ക മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കുകയായിരുന്നു.

കേപ്ടൗണില്‍ ആദ്യ ഇന്നിങ്‌സില്‍ ലീഡെടുത്ത ശേഷമാണ് ഇന്ത്യ തോറ്റതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മൂന്നാം ദിനവും നാലാം ദിനവും ഏറ്റവും വാശിയേറിയ മത്സരങ്ങള്‍ നടന്നതിനാല്‍ പല നാടകീയ സംഭവങ്ങള്‍ക്കും മത്സരം സാക്ഷിയായിരുന്നു. ഇതിലൊന്നാണ് വിരാട് കോലിയുടെ ഡിആര്‍എസ് വിവാദം. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗറിനെ അശ്വിന്‍ എല്‍ബിയില്‍ കുരുക്കിയതും ഓണ്‍ഫീല്‍ഡ് അംപയര്‍ ഔട്ട് വിളിച്ചു. എന്നാല്‍ തീരുമാനം പുനപരിശോധിക്കാന്‍ എല്‍ഗര്‍ ഡിആര്‍എസ് എടുത്തപ്പോള്‍ നോട്ടൗട്ടാണ് വിധിച്ചത്. ഇതില്‍ പ്രകോപിതനായ കോലി സ്റ്റംപ് മൈക്കിനടുത്തെത്തി പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു.

എല്‍ബി ഡബ്ല്യു വേണ്ട, ബൗള്‍ഡോ ക്യാച്ചോ മതിയെന്നാണ് കോലി സ്റ്റംപ് മൈക്കിനടുത്തെത്തി പറഞ്ഞത്. തേര്‍ഡ് അംപയുടെ വിധിയില്‍ അതൃപ്തിയോടെയുള്ള പ്രതികരണമാണ് കോലി നടത്തിയത്. ഇത് വലിയ ചര്‍ച്ചയാവുകയും കോലിയെ വിലക്കണമെന്നും ഇന്ത്യന്‍ നായകനെതിരേ അച്ചടക്ക നടപടിയെടുക്കണമെന്ന തരത്തിലും ആരാധക പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ കേപ്ടൗണ്‍ ടെസ്റ്റിനിടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി കോലി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഡിആര്‍എസ് സംവിധാനം ആതിഥേയര്‍ക്കുവേണ്ടി ഒത്തുകളിക്കുന്നുവെന്ന തരത്തിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ പ്രതികരണമെന്നാണ് പരക്കെ ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളെന്നാണ് ഇന്ത്യന്‍ നായകന്‍ വിശദീകരിക്കുന്നത്. 'ഇക്കാര്യത്തെക്കുറിച്ച് കൂടുതലായൊന്നും പ്രതികരിക്കാനില്ല. മൈതാനത്ത് എന്താണ് സംഭവിച്ചതെന്ന് എനിക്ക് വ്യക്തമായി അറിയാം. എന്നാല്‍ എന്താണ് മൈതാനത്ത് സംഭവിക്കുന്നതെന്ന് പുറത്തുള്ളവര്‍ക്ക് കൃത്യമായ മനസിലാകില്ല. അതുകൊണ്ട് തന്നെ അപ്പോഴത്തെ സംഭവത്തില്‍ തെറ്റായി ഒന്നും ഉണ്ടായിട്ടില്ലെന്ന് വിശ്വസിക്കുന്നു. അവിടെ ഊര്‍ജ്ജം ലഭിക്കുകയും മൂന്ന് വിക്കറ്റുകള്‍ നേടുകയും ചെയ്യാനായാല്‍ അത് ഒരു പക്ഷെ മത്സരഫലത്തെ മാറ്റിമറിച്ചേനെ'- കോലി പറഞ്ഞു.

കോലിയെക്കൂടാതെ ആര്‍ അശ്വിനും കെ എല്‍ രാഹുലും അംപയറുടെ തീരുമാനത്തിനെതിരേ രോഷം പ്രകടിപ്പിച്ചിരുന്നു. ' എതിരാളികള്‍ മാത്രമല്ല, ഒരു രാജ്യം മുഴുവന്‍ 11 പേര്‍ക്കെതിരെയാണെന്നാണ് ' രാഹുല്‍ പറഞ്ഞത്. ഇത് സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. എന്തായാലും കോലി തങ്ങളുടെ പ്രവര്‍ത്തിയെ ന്യായീകരിക്കുകയാണ് ചെയ്തത്. എല്‍ഗറെ സ്ലെഡ്ജ് ചെയ്യാനും ഇതിനിടെ കോലി ശ്രമിച്ചിരുന്നു. എന്തായാലും കോലിയുടെ പ്രവര്‍ത്തിക്കെതിരേ ആരാധകര്‍ക്കിടയില്‍ അതൃപ്തിയുണ്ടെന്ന് വ്യക്തം.

കേപ്ടൗണിലെ തോല്‍വിക്ക് ഇന്ത്യയുടെ ബാറ്റിങ് നിര തന്നെയാണ് ഉത്തരവാദികള്‍. രണ്ട് ഇന്നിങ്‌സിലും ഉത്തരവാദിത്തം കാട്ടാന്‍ സൂപ്പര്‍ താരങ്ങള്‍ക്കായില്ല. ആദ്യ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത് ഓപ്പണര്‍മാരുടെ മികച്ച പ്രകടനമാണ്. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരത്തിലും ഓപ്പണര്‍മാര്‍ക്ക് ശോഭിക്കാനായില്ല. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരും മോശം ഫോം തുടരുന്നു. വിരാട് കോലി ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. റിഷഭ് പന്തിന്റെ സെഞ്ച്വറിയും ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനവും മാത്രമാണ് ഇന്ത്യക്ക് കേപ്ടൗണില്‍ ആശ്വസിക്കാനുള്ളത്. മറ്റെല്ലാത്തരത്തിലും ടീമിനെ നിരാശപ്പെടുത്തുന്ന മത്സരമായിരുന്നു കേപ്ടൗണിലേത്.

എന്തായാലും ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യ ഇനിയും കാത്തിരിക്കണം. ഇനി മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര നടക്കാനുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര നേടി ടെസ്റ്റ് പരമ്പര നഷ്ടത്തിന് പകരം വീട്ടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയാണെങ്കിലും അത് അത്ര എളുപ്പമാവില്ല. രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടി തന്നെയാണ്. പരിമിത ഓവറില്‍ ശക്തമായ താരനിരയുള്ള ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് എളുപ്പത്തില്‍ കീഴടങ്ങില്ലെന്ന കാര്യം ഉറപ്പാണ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, January 14, 2022, 22:46 [IST]
Other articles published on Jan 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X