IND vs SA: 'പന്ത് പിടിക്കടോ...', പീറ്റേഴ്‌സന്റെ അനായാസ ക്യാച്ച് കൈവിട്ട് പുജാര, ട്രോളുമായി ആരാധകര്‍

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ നിര്‍ണ്ണായക ക്യാച്ച് കൈവിട്ട് ചേതേശ്വര്‍ പുജാര. നാലാം ദിനം എട്ട് വിക്കറ്റ് കൈയിലിരിക്കെ 111 റണ്‍സ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെ ഓരോ ക്യാച്ചും ഓരോ റണ്‍സ് സേവ് ചെയ്യുന്നതും വളരെ പ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ നിര്‍ണ്ണായകമായ സമയത്ത് ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഫോമിലുണ്ടായിരുന്ന കീഗന്‍ പീറ്റേഴ്‌സനെയാണ് സ്ലിപ്പില്‍ പുജാര കൈവിട്ട് കളഞ്ഞത്.

ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 40ാം ഓവറിലായിരുന്നു സംഭവം. ജസ്പ്രീത് ബുംറയുടെ ഓഫ് സ്റ്റംപിനോട് ചേര്‍ന്നെത്തിയ പന്ത് ബാറ്റിലുരസി സ്ലിപ്പിലേക്ക്. വലിയ സാഹസികതയൊന്നും കൂടാതെ എടുക്കാവുന്ന ക്യാച്ചായിട്ടും കൈപ്പിടിയിലൊതുക്കാന്‍ പുജാരക്കായില്ല. ഫസ്റ്റ്സ്ലിപ്പിലായിരുന്നു പുജാര ഫീല്‍ഡ് ചെയ്തിരുന്നത്. മത്സര ഫലത്തെത്തന്നെ ചിലപ്പോള്‍ മാറ്റിമറിച്ചേക്കാവുന്ന അവസരമായിരുന്നു ഇത്. എന്നാല്‍ പുജാര അത് പാഴാക്കിക്കളഞ്ഞു. പന്തെറിഞ്ഞ ജസ്പ്രീത് ബുംറയും നായകന്‍ വിരാട് കോലിയും കടുത്ത നിരാശയോടെ പുജാരയെ നോക്കുക മാത്രമാണ് ചെയ്തത്.

പുജാരയ്‌ക്കെതിരേ നിരവധി ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. പുജാരയെ പുറത്താക്കണമെന്നാണ് കൂടുതല്‍ ആരാധകരും അഭിപ്രായപ്പെട്ടത്. ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും പ്രയോജനമില്ലാത്ത പുജാരക്ക് പകരം യുവതാരങ്ങളെ ഇന്ത്യ പരിഗണിക്കണമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. പുജാര ക്യാച്ച് പാഴാക്കുന്നതിന്റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ബാറ്റിങ്ങില്‍ നിറം മങ്ങി ടീമിന് പുറത്താകുന്ന സാഹചര്യത്തില്‍ നില്‍ക്കെയാണ് നിര്‍ണ്ണായകമായ സമയത്ത് അദ്ദേഹം ക്യാച്ച് കൈവിട്ടത്. പീറ്റേഴ്‌സണിന്റെ ക്യാച്ച് നേടാനായിരുന്നെങ്കില്‍ ചിലപ്പോള്‍ മത്സരം ഇന്ത്യക്കനുകൂലമായി മാറാനുള്ള സാധ്യതയുമുണ്ടായിരുന്നു. 113 പന്തുകള്‍ നേരിട്ട് 10 ബൗണ്ടറി ഉള്‍പ്പെടെ 82 റണ്‍സുമായാണ് പീറ്റേഴ്‌സന്‍ പുറത്തായത്. 46.2ാം ഓവറില്‍ ശര്‍ദുല്‍ ഠാക്കൂര്‍ പീറ്റേഴ്‌സനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. പീറ്റേഴ്‌സന്‍ മടങ്ങുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെന്ന മികച്ച നിലയില്‍ ദക്ഷിണാഫ്രിക്ക എത്തിയിരുന്നു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ പുജാരക്ക് ഇനി ടെസ്റ്റ് ടീമില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. വളരെ മികച്ച റെക്കോഡുള്ള താരമാണെങ്കിലും സമീപകാലത്തെ പ്രകടനം വളരെ നിരാശയുണ്ടാക്കുന്നതാണ്. കേപ്ടൗണില്‍ ആദ്യ ഇന്നിങ്‌സില്‍ 43 റണ്‍സ് നേടാനായെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ഒമ്പത് റണ്‍സ് മാത്രമാണ് നേടാനായത്. ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ അവസരം കാത്തിരിക്കുന്നതിനാല്‍ ഇനിയും അദ്ദേഹത്തിന് അവസരം ലഭിച്ചേക്കില്ല.

ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര നേട്ടമെന്ന സ്വപ്‌നമാണ് ഇന്ത്യ കൈവിട്ടുകളഞ്ഞത്. ഇതുവരെ ജയിക്കാതിരുന്ന സെഞ്ച്വൂറിയനില്‍ സ്വപ്‌ന ജയത്തോടെ തുടങ്ങിയ ഇന്ത്യക്ക് ഭാഗ്യ വേദിയായ ജോഹാനസ്ബര്‍ഗില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. കേപ്ടൗണില്‍ ഇന്ത്യ ബാറ്റിങ് മറന്നുവെന്ന് പറയാം. ആദ്യ ഇന്നിങ്‌സില്‍ വിരാട് കോലി (79) നടത്തിയ അര്‍ധ സെഞ്ച്വറി പ്രകടനമാണ് വന്‍ നാണക്കേടില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. കെ എല്‍ രാഹുലും (12) മായങ്ക് അഗര്‍വാളും (15) അജിന്‍ക്യ രഹാനെയും (9) റിഷഭ് പന്തുമെല്ലാം (27) നിരാശപ്പെടുത്തി.

രണ്ടാം ഇന്നിങ്‌സില്‍ ആദ്യ ഇന്നിങ്‌സിലേക്കാള്‍ വലിയ തകര്‍ച്ചയാണ് ഇന്ത്യ നേരിട്ടത്. റിഷഭ് പന്തിന്റെ (100*) സെഞ്ച്വറി പ്രകടനമാണ് 198 എന്ന സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. ബാക്കിയുള്ള 10 പേര്‍ ചേര്‍ന്ന് വെറും 70 റണ്‍സാണ് നേടിയത്. 28 റണ്‍സ് എക്‌സ്ട്രാസായി ലഭിച്ചു. 27 റണ്‍സ് നേടിയ വിരാട് കോലി ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. ഇതില്‍ നിന്ന് തന്നെ ഇന്ത്യയുടെ അവസ്ഥയെത്രത്തോളം പരിതാപകരമായിരുന്നുവെന്ന് വ്യക്തം.

ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ ശുദ്ധികലശം ഉറപ്പാണ്. പല പ്രമുഖരും ടീമിന് പുറത്താവുകയും പല യുവതാരങ്ങള്‍ കടന്നുവരികയും ചെയ്‌തേക്കും. ഇത് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനത്തിലേക്ക് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എത്തിയേക്കും. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും തിളങ്ങാത്ത താരങ്ങളെ ഇനിയും ഇന്ത്യ പരിഗണിക്കില്ലെന്ന് തന്നെ പ്രതീക്ഷിക്കാം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, January 14, 2022, 17:31 [IST]
Other articles published on Jan 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X