IND vs SA: ആശ്വാസജയം പോലുമില്ല, ഇന്ത്യ കൊതിപ്പിച്ച് കീഴടങ്ങി- സൗത്താഫ്രിക്ക തൂത്തുവാരി

കേപ്ടൗണ്‍: കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സി അരങ്ങേറ്റം വന്‍ ദുരന്തത്തില്‍ കലാശിച്ചു. സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ പരാജയമേറ്റു വാങ്ങിയ ഇന്ത്യക്കു നാണംകെട്ടു മടക്കം. ആശ്വാസവിജയം തേടി മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഇറങ്ങിയ ഇന്ത്യ നാലു റണ്‍സിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇതോടെ സൗത്താഫ്രിക്ക പരമ്പര 3-0നു തൂത്തുവാരുകയും ചെയ്തു. നേരത്തേ മുന്നു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 1-2നും കൈവിട്ടിരുന്നു. ടെസ്റ്റിലേറ്റ പരാജയത്തിനു ഏകദിനത്തില്‍ ഇന്ത്യ കണക്കുതീര്‍ക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പോയതോടെ ഇന്ത്യ നനഞ്ഞ പടക്കമായി മാറുകയും ചെയ്തു.

മൂന്നാം ഏകദിനത്തില്‍ ഒരു ഘട്ടത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്നും അവിശ്വസനീയമായി തിരിച്ചുവന്ന ഇന്ത്യ വിജയം പ്രതീക്ഷിച്ചിരുന്നു. പക്ഷെ ക്ലൈമാക്‌സിലെ അപ്രതീക്ഷിത ട്വിസ്റ്റില്‍ ഇന്ത്യ തോല്‍വി സമ്മതിക്കുകയായിരുന്നു. എട്ടാം വിക്കറ്റില്‍ ചാഹറും ജസ്പ്രീത് ബുംറയും ചേര്‍ന്നെടുത്ത 55 റണ്‍സാണ് ഇന്ത്യയെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നത്. പക്ഷെ ചാഹറിന്റെ പുറത്താവല്‍ കളിയിലെ ടേണിങ് പോയിന്റായി മാറി. 288 റണ്‍സ് ചേസ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റിനു 277 റണ്‍സെന്ന നിലയില്‍ വിജയത്തിനു കൈയെത്തുംദൂരത്തെത്തിയിരുന്നു. മൂന്നു വിക്കറ്റ് ബാക്കിനില്‍ക്കെ ഇന്ത്യക്കു ജയിക്കാന്‍ 11 റണ്‍സ് മാത്രം മതിയായിരുന്നു. പക്ഷെ സ്‌കോര്‍ 278ല്‍ വച്ചു ചാഹര്‍ മടങ്ങിയതോടെ ഇന്ത്യ പരാജയത്തിലേക്കു വീണു. അഞ്ചു റണ്‍സിനിടെ ശേഷിച്ച മൂന്നു വിക്കറ്റും കൈവിട്ട ഇന്ത്യ 283നു ഓള്‍ഔട്ടായി. ചാഹര്‍ 34 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 54 റണ്‍സെടുത്തു. മുന്‍ നായകന്‍ വിരാട് കോലി (65), ശിഖര്‍ (61) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

കോലിയുടെ സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് ഈ മല്‍സരത്തിലും അവസാനിച്ചില്ല. 84 ബോളില്‍ അഞ്ചു ബൗണ്ടറികളോടെ 65 റണ്‍സെടുത്ത അദ്ദേഹത്തെ കേശവ് മഹാരാജ് പുറത്താക്കുകയായിരുന്നു. ധവാന്‍ 73 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും നേടി. ഈ പരമ്പരയില്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഫിഫ്റ്റി കൂടിയാണിത്. ദീപക് ചാഹര്‍ (), സൂര്യകുമാര്‍ യാദവ് (39), ശ്രേയസ് അയ്യര്‍ (26) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. റിഷഭ് പന്ത് ഗോള്‍ഡന്‍ ഡെക്കാവുകയായിരുന്നു. ക്യാപ്റ്റനായ ശേഷമുള്ള തുടര്‍ച്ചയായ മൂന്നാമത്തെ മല്‍സരത്തിലും രാഹുല്‍ ഫ്‌ളോപ്പായി മാറി. ഒമ്പതു റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്.

രാഹുലിനെ ടീം സ്‌കോര്‍ 18ല്‍ വച്ചു നഷ്ടമായ ശേഷം ധവാന്‍- കോലി സഖ്യം 98 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ ഇന്ത്യ വിജയം സ്വപ്‌നം കണ്ടിരുന്നു. രണ്ടു റണ്‍സിന്റെ ഇടവേളയില്‍ ഒരേ ഓവറില്‍ ധവാനും റിഷഭും പുറത്തായത് ഇന്ത്യയെ സ്തബ്ധരാക്കി. നാലാം വിക്കറ്റില്‍ കോലി- ശ്രേയസ് ജോടി 38 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ കരകയറ്റവെ കോലി പുറത്തായി. സൂര്യയെ കൂട്ടുപിടിച്ച് 39 റണ്‍സിന്റെ കൂട്ടുകെട്ടുമായി ശ്രേയസ് ഇന്ത്യയെ മുന്നോട്ടു നയിക്കവെ അടുത്ത പ്രഹരമേറ്റു. 10 റണ്‍സിനിടെ ശ്രേയസും സൂര്യയും പുറത്തായി. ഇന്ത്യ ആറിന് 210. രണ്ടു റണ്‍സ് മാത്രമെടുത്ത് ജയന്ത് യാദവ് പുറത്തായപ്പോള്‍ ഇന്ത്യ ഏഴിന് 223 റണ്‍സെന്ന നിലയില്‍ പരുങ്ങി.

നേരത്തേ ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട സൗത്താഫ്രിക്ക ഒരു ബോള്‍ ബാക്കിനില്‍ക്കെ 287നു ഓള്‍ഔട്ടാവുകയായിരുന്നു. ഓപ്പണറും വിക്കറ്റ് കീപ്പറുമാായ ക്വിന്റണ്‍ ഡികോക്കിന്റെ (124) തകര്‍പ്പന്‍ സെഞ്ച്വറിയാണ് സൗത്താഫ്രിക്കന്‍ ബാറ്റിങിനു കരുത്തേകിയത്. 120 ബോളില്‍ 12 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് ഡികോക്കിന്റെ ഇന്നിങ്‌സ്. 52 റണ്‍സെടുത്ത റാസ്സി വാന്‍ഡര്‍ ഡ്യുസനാണ് സൗത്താഫ്രിക്കയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 59 ബോളില്‍ താരം നാലു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു.

ഡേവിഡ് മില്ലര്‍ (39), ഡ്വയ്ന്‍ പ്രെട്ടോറിയസ് (20), എയ്ഡന്‍ മര്‍ക്രാം (15), ജന്നെമന്‍ മലാന്‍ (1), നായകന്‍ ടെംബ ബവുമ (8), ആന്‍ഡില്‍ ഫെലുക്വായോ (4), കേശവ് മഹാരാജ് (6), സിസാന്‍ഡ മഗാല (0), ലുംഗി എന്‍ഗിഡി (0*) എന്നിങ്ങനെയാണ് സൗത്താഫ്രിക്കന്‍ നിരയില്‍ മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യക്കു വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ദീപക് ചാഹറും ജസ്പ്രീത് ബുറയും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. യുസ്വേന്ദ്ര ചഹലിനു ഒരു വിക്കറ്റ് ലഭിച്ചു. രണ്ടു തകര്‍പ്പന്‍ റണ്ണൗട്ടുകളും ഇന്ത്യ നടത്തി. ഒന്നു നായകന്‍ രാഹുലിന്റെ വകയായിരുന്നെങ്കില്‍ മറ്റൊന്ന് ശ്രേയസ് അയ്യരുടെ വകയായിരുന്നു. ബവുമയെ രാഹുല്‍ നേരിട്ടുള്ള ത്രോയിലാണ് പുറത്താക്കിയത്. ഫെലുക്വായോയെ ശ്രേയസിന്റെ ത്രോയില്‍ റിഷഭ് പന്ത് സ്റ്റംപിന് ചെയ്യുകയും ചെയ്തു.

ന്യൂബോള്‍ കൈകാര്യം ചെയ്ത ചഹര്‍ ഇന്ത്യക്കു മൂന്നാം ഓവറില്‍ തന്നെ ആദ്യ ബ്രേക്ക്ത്രൂ നല്‍കി. മനോഹരമായ ബോളില്‍ എഡ്ജായ മലാനെ വിക്കറ്റ് കീപ്പര്‍ റിഷഭ് അനായാസം പിടിയിലൊതുക്കി. അപകടകാരിയായ ബവുമയെ രാഹുല്‍ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കിയതോടെ സൗത്താഫ്രിക്ക രണ്ടിന് 34. വൈകാതെ മര്‍ക്രാമിനെ ചഹറും പുറത്താക്കി. ഇതോടെ ഇന്ത്യ കളിയില്‍ പിടിമുറുക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതു നടന്നില്ല.

ഡികോക്കും വാന്‍ഡര്‍ ഡ്യുസെനും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് സൗത്താഫ്രിക്കയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. മൂന്നു വിക്കറ്റിനു 70 റണ്‍സെന്ന നിലയില്‍ ക്രീസില്‍ ഒന്നിച്ച ഇരുവരും സ്‌കോര്‍ 214ല്‍ വച്ചാണ് വേര്‍പിരിഞ്ഞത്. 147 ബോളില്‍ 144 റണ്‍സ് ടീം സ്‌കോറിലേക്കു ഇരുവരും കൂട്ടിച്ചേര്‍ത്തു. നാലിനു 214ല്‍ നിന്നും 41ാം ഓവറില്‍ സൗത്താഫ്രിക്കയെ ആറിന് 228ലേക്കു തളയ്ക്കാന്‍ ഇന്ത്യക്കായിരുന്നു. പക്ഷേ ഏഴാം വിക്കറ്റില്‍ മില്ലര്‍-പ്രെട്ടോറിയസ് ജോടി ചേര്‍ന്നെടുത്ത 44 റണ്‍സ് സൗത്താഫ്രിക്കയെ വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടലിലെത്താന്‍ സഹായിച്ചു.

ടോസിനു ശേഷം ബൗളിങാണ് നായകന്‍ കെഎല്‍ രാഹുല്‍ തിരഞ്ഞെടുത്തത്. കഴിഞ്ഞ മല്‍സരങ്ങളില്‍ കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങിയത്. വെങ്കടേഷ് അയ്യര്‍, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കു പകരം സൂര്യകുമാര്‍ യാദവ്, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹര്‍ എന്നിവരെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു. മറുഭാഗത്തു സൗത്താഫ്രിക്കന്‍ ടീമില്‍ ഒരു മാറ്റമാണ് വരുത്തിയത്. തബ്രെയ്‌സ് ഷംസിക്കു പകരം ഡ്വയ്ന്‍ പ്രെട്ടോറിയസ് ടീമിലെത്തി.

ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ഇന്ത്യയേക്കാള്‍ എല്ലാ തരത്തിലും ഒരുപടി മുന്നിലായിരുന്നു സൗത്താഫ്രിക്ക. ടെംബ ബവുമയുടെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയും അവര്‍ക്കു മേല്‍ക്കൈ നല്‍കി. മറുഭാഗത്ത് രാഹുലിന്റെ ക്യാപ്റ്റന്‍സിയിലെ അബദ്ധങ്ങള്‍ ഇന്ത്യക്കു വിനയാവുകയും ചെയ്തു. പരമ്പരയിലെ ആദ്യത്തെ കളിയില്‍ റണ്‍ചേസിനൊടുവിലായിരുന്നു ഇന്ത്യയുടെ തോല്‍വി. 31 റണ്‍സിന് സൗത്താഫ്രിക്ക ഇന്ത്യയെ തുരത്തുകയായിരുന്നു. 297 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു സൗത്താഫ്രിക്ക നല്‍കിയത്. പക്ഷെ എട്ടു വിക്കറ്റിനു 265 റണ്‍സെടുക്കാനേ ആയുള്ളൂ. രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്തിട്ടും ടോട്ടല്‍ പ്രതിരോധിക്കാനാവാതെ ഇന്ത്യ തോല്‍വിയിലേക്കു വീണു. ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ പരാജയം. ഇന്ത്യ നല്‍കിയ 288 റണ്‍സിന്റെ വിജയലക്ഷ്യം വളരെ അനായാസം സൗത്താഫ്രിക്ക മറികടന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ.

സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ജന്നെമന്‍ മലാന്‍, എയ്ഡന്‍ മര്‍ക്രാം, റാസ്സി വാന്‍ഡര്‍ഡ്യുസെന്‍, ടെംബ ബവുമ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ആന്‍ഡില്‍ ഫെലുക്വായോ, സിസാന്‍ഡ മഗാല, മഹാരാജ്, ലുംഗി എന്‍ഗിഡി, ഡ്വയ്ന്‍ പ്രെട്ടോറിയസ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, January 23, 2022, 13:10 [IST]
Other articles published on Jan 23, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X