IND vs IRE: അയര്‍ലന്‍ഡ് പോരിന് ഇന്ത്യ, സഞ്ജുവിന് പുതിയ റോള്‍! ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്ക് പിന്നാലെ ഇന്ത്യ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കൊരുങ്ങുകയാണ്. 18നാണ് മൂന്ന് മത്സര ടി20 പരമ്പര ആരംഭിക്കുന്നത്. സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശുബ്മാന്‍ ഗില്‍ എന്നിവരൊന്നുമില്ലാതെയാണ് ഇന്ത്യ അയര്‍ലന്‍ഡ് പരമ്പരക്ക് ഇറങ്ങുന്നത്. ജസ്പ്രീത് ബുംറയാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. പരിക്കേറ്റ് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്ന ബുംറ ഇപ്പോള്‍ തിരിച്ചുവരവ് നടത്തുമ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ.
നിരവധി യുവതാരങ്ങളും ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഇവരില്‍ നിന്ന് ആരൊക്കെയാവും ഒന്നാം ടി20യില്‍ പ്ലേയിങ് 11ലേക്കെത്തുക. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഏറ്റവും ശക്തമായ പ്ലേയിങ് 11 പരിശോധിക്കാം. ഓപ്പണിങ്ങില്‍ റുതുരാജ് ഗെയ്ക്‌വാദിനൊപ്പം യശ്വസി ജയ്‌സ്വാളിനാണ് അവസരം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച ജയ്‌സ്വാള്‍ നാലാം ടി20യില്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയോടെ കളിയിലെ താരമാവുകയും ചെയ്തു.
ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ജയ്‌സ്വാള്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. അയര്‍ലന്‍ഡ് പരമ്പരയിലും തിളങ്ങാനായാല്‍ വൈകാതെ ഇന്ത്യയുടെ സ്ഥിരം സാന്നിധ്യമായി മാറാന്‍ ജയ്‌സ്വാളിന് സാധിച്ചേക്കും. റുതുരാജ് ഗെയ്ക്‌വാദ് ഐപിഎല്ലില്‍ ഗംഭീര റെക്കോഡുള്ള താരമാണെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പം ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ റുതുരാജിനെ സംബന്ധിച്ചും അയര്‍ലന്‍ഡ് പരമ്പര വളരെ നിര്‍ണ്ണായകമാണ്.
മൂന്നാം നമ്പറില്‍ സഞ്ജു സാംസണിനാവും അവസരം. ടീമിന്റെ വിക്കറ്റ് കീപ്പറും സഞ്ജുവായിരിക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു മോശം പ്രകടനമാണ് നടത്തിയത്. 12, 7, 13 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോര്‍. തീര്‍ത്തും നിരാശപ്പെടുത്തിയ പ്രകടനം നടത്തിയ സഞ്ജുവിന് അയര്‍ലന്‍ഡ് പരമ്പരയില്‍ അതി ഗംഭീര പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ടീമില്‍ തുടരുക പ്രയാസമായി മാറും.

നാലാം നമ്പറില്‍ തിലക് വര്‍മയ്ക്കാണ് സീറ്റ്. വിന്‍ഡീസിനെതിരേ നാലാം നമ്പറില്‍ തിലക് കസറിയിരുന്നു. അധികം വൈകാതെ നാലാം നമ്പറിലെ ഇന്ത്യയുടെ സ്ഥിരം സാന്നിധ്യമായി തിലക് മാറിയേക്കും. പന്തുകൊണ്ടും ടീമിന് ഉപകാരിയാണ് തിലക്. അഞ്ചാം നമ്പറില്‍ റിങ്കു സിങ്ങിന് അരങ്ങേറ്റത്തിന് അവസരം ലഭിക്കും. ഐപിഎല്ലിലെ സൂപ്പര്‍ ഫിനിഷറായ റിങ്കുവിനെ സംബന്ധിച്ചും അയര്‍ലന്‍ഡ് പരമ്പര നിര്‍ണ്ണായകമാണ്.
ഇടം കൈയന്‍ ബാറ്റ്‌സ്മാന് ഇന്ത്യന്‍ ടീമില്‍ തുടര്‍ അവസരം ലഭിക്കാന്‍ അയര്‍ലന്‍ഡ് പരമ്പര മുതലാക്കേണ്ടത് അത്യാവശ്യമാണ്. ആറാം നമ്പറില്‍ ശിവം ദുബെ എത്തും. ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള ശിവം ദുബെ അവസാന ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി കസറിയാണ് ദേശീയ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. പ്ലേയിങ് 11ലും ദുബെക്ക് സീറ്റുറപ്പാണ്.
ഏഴാം നമ്പറില്‍ വാഷിങ്ടണ്‍ സുന്ദറുണ്ടാവും. പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് സുന്ദറിന്റെ തിരിച്ചുവരവ്. എട്ടാം നമ്പറില്‍ സ്പിന്നറായി രവി ബിഷ്‌നോയിയും ഉണ്ടാവും. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ വേണ്ടത്രെ അവസരം ലഭിക്കാതിരുന്ന ബിഷ്‌നോയ്ക്ക് അയര്‍ലന്‍ഡ് പരമ്പര മുതലാക്കേണ്ടതായുണ്ട്. ഒമ്പതാം നമ്പറില്‍ ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിങ് തുടരും.
വിന്‍ഡീസ് പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ അര്‍ഷദീപിന് സാധിച്ചിരുന്നു. 10ാം നമ്പറില്‍ ജസ്പ്രീത് ബുംറയുണ്ടാവും. ബുംറയുടെ ബൗളിങ് പ്രകടനം ആകാംക്ഷയോടെയാണ് ആരാധകര്‍ നോക്കുന്നത്. ഏകദിന ലോകകപ്പിന് മുമ്പ് ബുംറ ഫോമിലേക്കെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. 11ാമനായി പ്രസിദ്ധ് കൃഷ്ണയുമുണ്ടാവും. പരിക്കിന് ശേഷമാണ് പ്രസിദ്ധും തിരിച്ചെത്തുന്നത്.
ഇന്ത്യയുടെ സാധ്യതാ 11: റുതുരാജ് ഗെയ്ക്‌വാദ്, യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, അര്‍ഷദീപ് സിങ്, ജസ്പ്രീത് ബുംറ (c), പ്രസിദ്ധ് കൃഷ്ണ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
