ഐപിഎല്ലിൽ തരങ്കമായിരുന്ന ആ 11 പാക് താരങ്ങൾ ആരെല്ലാമെന്ന് അറിയാമോ? കൗതുകമുണർത്തുന്ന പട്ടിക ഇതാ!
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമാണ്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം കഴിഞ്ഞ കുറേ വർഷങ്ങളായി പാകിസ്ഥാൻ കളിക്കാർക്ക് ഐപിഎല്ലിൽ വിലക്കുണ്ട്.
എങ്കിലും ഐപിഎല്ലിന്റെ ആദ്യ സീസണായ 2008-ൽ പാകിസ്ഥാൻ താരങ്ങൾ ഇന്ത്യൻ മണ്ണിൽ വന്ന് വിവിധ ഫ്രാഞ്ചൈസികൾക്കായി ബൂട്ട് കെട്ടിയിട്ടുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. അത്തരത്തിൽ ഐപിഎൽ ചരിത്രത്തിൽ കളിച്ചിട്ടുള്ള ആ 11 പാകിസ്ഥാൻ താരങ്ങൾ ആരെല്ലാമാണെന്ന് പരിശോധിക്കാം.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) താരങ്ങൾ
ആദ്യ സീസണിൽ പാകിസ്ഥാൻ താരങ്ങൾക്ക് ഏറ്റവും കൂടുതൽ അവസരം നൽകിയ ടീമുകളിലൊന്ന് സൗരവ് ഗാംഗുലി നയിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആയിരുന്നു.
ശുഐബ് അക്തർ: 'റാവൽപിണ്ടി എക്സ്പ്രസ്സ്' എന്നറിയപ്പെടുന്ന അക്തർ കെകെആറിനായി 3 മത്സരങ്ങൾ കളിച്ചു. ഡൽഹിക്കെതിരെ താരം നടത്തിയ ആ സ്പെൽ ഇന്നും ആരാധകർ മറന്നിട്ടില്ല. 133 റൺസ് ഡിഫൻഡ് ചെയ്യാനിറങ്ങിയ കൊൽക്കത്തയ്ക്കായി മൂന്ന് ഓവറിൽ താരം 11 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ നേടി. 23 റൺസിന്റെ വിജയവും സ്വന്തമാക്കിയാണ് ദാദയും പിള്ളാരും കളം വിട്ടത്.
ഉമർ ഗുൽ: മികച്ച ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായ ഉമർ ഗുൽ കൊൽക്കത്തയ്ക്കായി 6 മത്സരങ്ങളിൽ പന്തെറിഞ്ഞു.
സൽമാൻ ഭട്ട്: മുൻ പാക് ഓപ്പണറായ സൽമാൻ ഭട്ട് 7 മത്സരങ്ങളിലാണ് കെകെആർ ജേഴ്സിയിൽ ഇറങ്ങിയത്.
മുഹമ്മദ് ഹഫീസ്: 'പ്രൊഫസർ' എന്ന് വിളിക്കപ്പെടുന്ന ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ് കൊൽക്കത്തയ്ക്കായി 8 മത്സരങ്ങൾ കളിച്ചു.
രാജസ്ഥാൻ റോയൽസ് (RR) താരങ്ങൾ
കന്നി സീസണിൽ ഷെയ്ൻ വോണിന്റെ കീഴിൽ രാജസ്ഥാൻ റോയൽസ് കിരീടം ചൂടിയപ്പോൾ അതിൽ പാക് താരങ്ങളുടെ പങ്ക് വലുതായിരുന്നു.
സൊഹൈൽ തൻവീർ: ആദ്യ സീസണിലെ പർപ്പിൾ ക്യാപ് ജേതാവായ തൻവീർ രാജസ്ഥാനായി 11 മത്സരങ്ങൾ കളിക്കുകയും ടൂർണമെന്റിലെ മികച്ച ബൗളറായി മാറുകയും ചെയ്തു. 11 മത്സരങ്ങളിൽ നിന്നും 22 വിക്കറ്റുകളാണ് അദ്ദേഹം ആദ്യ ഐപിഎൽ സീസണിൽ നേടിയത്.
കമ്രാൻ അക്മൽ: വിക്കറ്റ് കീപ്പർ ബാറ്ററായ കമ്രാൻ അക്മൽ ചാമ്പ്യന്മാരായ രാജസ്ഥാൻ നിരയിൽ 6 മത്സരങ്ങളിൽ അണിനിരന്നു.
യൂനിസ് ഖാൻ: പാകിസ്ഥാന്റെ ഇതിഹാസ ബാറ്ററായ യൂനിസ് ഖാൻ രാജസ്ഥാൻ റോയൽസിനായി ഒരൊറ്റ മത്സരത്തിലാണ് പാഡ് കെട്ടിയത്.
ഡൽഹി ഡെയർഡെവിൾസ് (DD) താരങ്ങൾ
ഇന്നത്തെ ഡൽഹി ക്യാപിറ്റൽസ് അന്ന് ഡൽഹി ഡെയർഡെവിൾസ് ആയിരുന്നു. അന്ന് രണ്ട് പ്രമുഖ പാക് താരങ്ങളാണ് ഡൽഹിയിൽ കളിച്ചത്.
ശുഐബ് മാലിക്: മുൻ പാക് നായകനും ഓൾറൗണ്ടറുമായ ശുഐബ് മാലിക് ഡൽഹിക്കായി 7 മത്സരങ്ങളിൽ കളത്തിലിറങ്ങി.
മുഹമ്മദ് ആസിഫ്: സ്വിങ് ബൗളിംഗിൽ വിസ്മയം തീർത്ത മുഹമ്മദ് ആസിഫ് ഡൽഹി നിരയിൽ 8 മത്സരങ്ങളിൽ പങ്കാളിയായി.
മറ്റ് പ്രമുഖ താരങ്ങൾ
ഷാഹിദ് അഫ്രീദി (ഡെക്കാൻ ചാർജേഴ്സ്): ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് വിറ്റുപോയ താരങ്ങളിലൊരാളായ അഫ്രീദി, അന്നത്തെ ഡെക്കാൻ ചാർജേഴ്സിനായി (ഇന്നത്തെ ഹൈദരാബാദ്) 10 മത്സരങ്ങളിലാണ് വെടിക്കെട്ട് നടത്തിയത്.
മിസ്ബാ ഉൾ ഹഖ് (RCB): റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് വേണ്ടി മധ്യനിരയിൽ തിളങ്ങിയ മിസ്ബാ ഉൾ ഹഖ് 8 മത്സരങ്ങളിലാണ് ആർസിബി ജേഴ്സി അണിഞ്ഞത്.
ആദ്യ സീസണിന് ശേഷം മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാക് താരങ്ങൾക്ക് ഐപിഎല്ലിൽ വിലക്കേർപ്പെടുത്തിയത്. പിന്നീട് ഒരിക്കൽ പോലും ഇവർക്ക് ഐപിഎല്ലിന്റെ ഭാഗമാകാൻ കഴിഞ്ഞിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications