ഐപിഎല്‍: ഹാട്രിക് ജയവുമായി ഹൈദരാബാദ്... കൊല്‍ക്കത്തയ്ക്ക് തുടരെ രണ്ടാം തോല്‍വി

Written By:

കൊല്‍ക്കത്ത: ഐപിഎല്ലില്‍ മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പടയോട്ടം തുടരുന്നു. തുടര്‍ച്ചയായി മൂന്നാമത്തെ മല്‍സരത്തിലും വിജയിച്ച ഹൈദരാബാദ് ഇത്തവണ കിരീടം തിരിച്ചുപിടിക്കുമെന്ന് മറ്റു ടീമുകള്‍ക്കെല്ലാം ശക്തമായ മുന്നറിയിപ്പാണ് നല്‍കിയത്.

മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ അവരുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ അഞ്ചു വിക്കറ്റിന് ഹൈദരാബാദ് കെട്ടുകെട്ടിക്കുകയായിരുന്നു. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും കൊല്‍ക്കത്തയെ നിഷ്പ്രഭരാക്കിയാണ് ഹൈദരാബാദ് ഹാട്രിക് വിജയം കൊയ്തത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 139 റണ്‍സിന്റെ വിജയലക്ഷ്യം ഒരോവറും അഞ്ചു വിക്കറ്റും ബാക്കിനില്‍ക്കെ ഹൈദരാബാദ് മറികടക്കുകയായിരുന്നു.

നായകന്റെ ഇന്നിങ്‌സ്

നായകന്റെ ഇന്നിങ്‌സ്

നായകന്റെ ഇന്നിങ്‌സ് കെട്ടഴിച്ച കെയ്ന്‍ വില്ല്യംസണാണ് ഹൈദരാബാദിന്റെ വിജയത്തിനു അടിത്തറയിട്ടത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 50 റണ്‍സോടെ അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായി 44 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങിയതായിരുന്നു വില്ല്യംസണിന്റെ ഇന്നിങ്‌സ്.
ഷാക്വിബുല്‍ ഹസന്‍ (27), വൃധിമാന്‍ സാഹ (24), യൂസഫ് പത്താന്‍ (17*) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ടീമിന്റെ ടോപ്‌സ്‌കോററായിരുന്ന ശിഖര്‍ ധവാന് ഈ കളിയില്‍ ഏഴു റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കെകെആറിനു വേണ്ടി സുനില്‍ നരെയ്ന്‍ രണ്ടു വിക്കറ്റെടുത്തു.

പിടിച്ചുനില്‍ക്കാനാവാതെ കെകെആര്‍

പിടിച്ചുനില്‍ക്കാനാവാതെ കെകെആര്‍

നേരത്തേ ഹൈദരാബാദിന്റെ ഉജ്ജ്വല ബൗളിങിനു മുന്നില്‍ കൊല്‍ക്കത്ത തകരുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 138 റണ്‍സെടുക്കാനേ മുന്‍ ചാംപ്യന്‍മാര്‍ക്കായുള്ളൂ. മൂന്നു പേര്‍ മാത്രമാണ് കൊല്‍ക്കത്ത ബാറ്റിങ് നിരയില്‍ രണ്ടക്ക സ്‌കോര്‍ തികച്ചത്.
ഓപ്പണര്‍ ക്രിസ് ലിന്‍ 49 റണ്‍സോടെ കൊല്‍ക്കത്തയുടെ ടോപ്‌സ്‌കോററാവുകയായിരുന്നു. 34 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങിയതായിരുന്നു ലിന്നിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് 29 റണ്‍സ് സംഭാവന ചെയ്തപ്പോള്‍ നിതീഷ് റാണ 18 റണ്‍സിനു പുറത്തായി. റോബിന്‍ ഉത്തപ്പ (3), സുനില്‍ നരെയ്ന്‍ (9), ആന്ദ്രെ റസ്സല്‍ (9), ശുഭ്മാന്‍ ഗില്‍ (3), ശിവം മാവി (7) എന്നിവര്‍ കൊല്‍ക്കത്ത ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തി.

 കളി തടസ്സപ്പെടുത്തി മഴ

കളി തടസ്സപ്പെടുത്തി മഴ

കൊല്‍ക്കത്ത ഏഴോവറില്‍ ഒരു വിക്കറ്റിന് 52 റണ്‍സെടുത്തു നില്‍ക്കെ മഴയെത്തുടര്‍ന്നു കുറച്ചു സമയം മല്‍സരം നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരുന്നു. പക്ഷെ ഓവര്‍ വെട്ടിച്ചുരുക്കിയില്ലെന്നത് ക്രിക്കറ്റ് പ്രേമികള്‍ക്കു ആശ്വാസമായി.
മൂന്നു വിക്കറ്റ് പിഴുത ഭുവനേശ്വര്‍ കുമാറും രണ്ടു വിക്കറ്റ് വീതമെടുത്ത ബില്ലി സ്റ്റാന്‍ലേക്ക്, ഷാക്വിബുല്‍ ഹസന്‍ എ്ന്നിവരും ചേര്‍ന്നാണ് കൊല്‍ക്കത്ത ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കിയത്. സിദ്ധാര്‍ഥ് കൗളിനു ഒരു വിക്കറ്റ് ലഭിച്ചു.

ശുഭ്മാനും മാവിയും അരങ്ങേറി

ശുഭ്മാനും മാവിയും അരങ്ങേറി

ടോസ് ലഭിച്ച ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മാന്‍ ഗില്ലും പേസര്‍ ശിവം മാവിയും ഈ മല്‍സരത്തിലൂടെ കൊല്‍ക്കത്തയ്ക്കു വേണ്ടി അരങ്ങേറ്റം കുറിച്ചു. അതേസമയം, ഭുവനേശ്വര്‍ കുമാറും മിച്ചെല്‍ ജോണ്‍സനും ഹൈദബരാബാദ് നിരയില്‍ തിരിച്ചെത്തുകയും ചെയ്തു.

ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിച്ച് അപരാജിത കുതിപ്പ് നടത്തുന്ന ഹൈദരാബാദ് വിജയക്കുതിപ്പ് തുടരാനുറച്ചാണ് ഈഡന്‍ഗാര്‍ഡന്‍സിലെത്തിയത്. അതേസമയം, ആദ്യ കളിയില്‍ ജയത്തോടെ തുടങ്ങിയ കൊല്‍ക്കത്തയ്ക്ക് രണ്ടാമത്തെം കളിയില്‍ അടിതെറ്റിയിരുന്നു. ചെന്നൈ സൂപ്പര്‍കിങ്‌സിനോടായിരുന്നു കെകെആറിന്റെ തോല്‍വി.

പ്ലെയിങ് ഇലവന്‍
കൊല്‍ക്കത്ത: ക്രിസ് ലിന്‍, സുനില്‍ നരെയ്ന്‍, റോഹബിന്‍ ഉത്തപ്പ, നിതീഷ് റാണ, ദിനേഷ് കാര്‍ത്തിക്, ശുഭ്മാന്‍ ഗില്‍, ആന്ദ്രെ റസ്സല്‍, മിച്ചെല്‍ ജോണ്‍സന്‍ ശിവം മാവി, പിയൂഷ് ചൗള, യാദവ്
ഹൈദരാബാദ്: വൃധിമാന്‍ സാഹ, ശിഖര്‍ ധവാന്‍, കെയ്ന്‍ വില്ല്യംസണ്‍, മനീഷ് പാണ്ഡെ, ഷാക്വിബുല്‍ ഹസന്‍, ദീപക് ഹൂഡ, യൂസഫ് പത്താന്‍, ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍, സിദ്ധാര്‍ഥ് കൗള്‍, സ്റ്റാല്‍ലേക്ക്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, April 14, 2018, 20:12 [IST]
Other articles published on Apr 14, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍