ക്രിക്കറ്റില്‍ ഇതു 'കിവിക്കാലം', ന്യൂസിലാന്‍ഡ് എങ്ങനെ ഇത്രയും കേമന്‍മാരായി? കാരണങ്ങളുണ്ട്

ലോക ക്രിക്കറ്റിലെ പുതിയ വന്‍ശക്തികളായി മാറിക്കൊണ്ടിരിക്കുകയാണ് ന്യൂസിലാന്‍ഡ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഓര്‍പ്പെടുത്തല്‍ കൂടിയാണ് ഐസിസിയുടെ ടി20 ലോകകപ്പിലെ ഫൈനല്‍ പ്രവേശനം. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് കിവീസ് കലാശക്കളിക്കു യോഗ്യത നേടിയിരിക്കുന്നത്. ഇനി കിരീടം കൂടി സ്വന്തമാക്കാനായാല്‍ അതു ന്യൂസിലാന്‍ഡിന് ഐസിസി ട്രോഫിയില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ മുത്തം കൂടിയായിരിക്കും. നേരത്തേ ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും കെയ്ന്‍ വില്ല്യംസണും സംഘവും കപ്പുയര്‍ത്തിയിരുന്നു. ഇതിനുമുമ്പ് 2019ലെ അവസാനത്തെ ഐസിസി ഏകദിന ലോകകപ്പിലെ റണ്ണറപ്പുകള്‍ കൂടിയായിരുന്നു ന്യൂസിലാന്‍ഡ്. അന്നു നിര്‍ഭാഗ്യം കൊണ്ടുമാണ് കന്നി ലോകകിരീടം അവരുടെ കൈപ്പിടിയില്‍ നിന്നും വഴുതിപ്പോയത്.

3 ICC finals, How New Zealand have transformed into world beaters since 2017

2019 മുതലുള്ള കണക്കുകളെടുത്താല്‍ ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലും കളിച്ച ഒരേയൊരു ടീം കൂടിയാണ് ന്യൂസിലാന്‍ഡെന്നു കാണാം. മറ്റൊരു ടീമും ഒന്നിലധികം ഫൈനലിലെത്തിയിട്ടില്ല. 2019ലെ ഏകദിന ലോകകപ്പ്, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്, ഇപ്പോള്‍ ടി20 ലോകകപ്പ് എന്നിവയിലാണ് കിവീസ് ഫൈനലിലെത്തിയത്. ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവരായിരിന്നു ഏകദിന ലോകകപ്പ്, ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് എന്നിവയിലെ എതിരാളികള്‍. ഇനി ടി20 ലോകകപ്പില്‍ പാകിസ്താന്‍- ഓസ്‌ട്രേലിയ ഇവയിലൊന്നുമായിട്ടാണ് കിവീസ് ഏറ്റുമുട്ടുക. ന്യൂസിലാന്‍ഡ് എങ്ങനെയാണ് ക്രിക്കറ്റിലെ പുതിയ രാജാക്കന്‍മാരായി മാറിയത്. ഇതിന്റെ കാരണങ്ങള്‍ പരിശോധിക്കാം.

 ലോകത്തിലെ മികച്ച ഫീല്‍ഡിങ് യൂനിറ്റ്

ലോകത്തിലെ മികച്ച ഫീല്‍ഡിങ് യൂനിറ്റ്

നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫീല്‍ഡിങ് യൂനിറ്റ് ന്യൂസിലാന്‍ഡിന്റേതാണെന്നു സംശയമില്ലാതെ തന്നെ പറയാന്‍ കഴിയും. ഈ ടി20 ലോകകപ്പില്‍ കിവീസ് ഇതു പല വട്ടം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ടൂര്‍ണമെന്റില്‍ ഇതുവരെ നടന്ന മല്‍സരങ്ങളെടുത്താല്‍ ഏറ്റവുമധികം റണ്‍സ് രക്ഷപ്പെടുത്തിയിട്ടുള്ളത് ന്യൂസിലാന്‍ഡാണ്. 21 റണ്‍സാണ് ഉജ്ജ്വല ഫീല്‍ഡിങിലൂടെ അവര്‍ എതിരാളികള്‍ക്കു നിഷേധിച്ചത്. മാത്രമല്ല നിരവധി കണ്ണഞ്ചിക്കുന്ന ഡൈവിങ് ക്യാച്ചുകളും കിവീസ് താരങ്ങളെടുത്തിരുന്നു.

നായകന്‍ കെയ്ന്‍ വില്ല്യംസണ്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചെല്‍, ഡെവന്‍ കോണ്‍വേ, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരെല്ലാം തകര്‍പ്പന്‍ ഫീല്‍ഡര്‍മാരാണ്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ക്യാച്ചിനുള്ള സ്ഥാനത്തേക്കു കോണ്‍വേയും മിച്ചെലും മല്‍സരരംഗത്തുമുണ്ട്.

 മികച്ച ക്യാപ്റ്റന്‍

മികച്ച ക്യാപ്റ്റന്‍

കെയ്ന്‍ വില്ല്യംസണെന്ന ഗംഭീര ക്യാപ്റ്റനാണ് ന്യൂസിലാന്‍ഡിന്റെ വിജയത്തിന്റെ ആണിക്കല്ലെന്നു കാണാം. വളരെ കൂളും തന്ത്രശാലിയുമായ നായകനാണ് കെയ്ന്‍. പ്രതിസന്ധി ഘട്ടങ്ങളില്‍ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തുന്ന അദ്ദേഹം അസാധാരണ ഫീല്‍ഡറും കൂടിയാണ്. വിജയത്തില്‍ മതിമറക്കുകയും പരാജയത്തില്‍ തകരുകയും ചെയ്യുന്നയാളല്ല കെയ്ന്‍. രണ്ടിനെയും സമചിത്തതയോടെ കാണാനും ഉള്‍ക്കൊള്ളാനുമുള്ള പക്വത അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ കിവീസ് ടീമിന്റെ നട്ടെല്ല് തന്നെയാണ് കെയ്‌നെന്നതില്‍ സംശയവുമില്ല.

 ശക്തമായ ബൗളിങ് നിര

ശക്തമായ ബൗളിങ് നിര

ബാറ്റിങ് നിരയ്‌ക്കൊപ്പം ബൗളിങ് നിരയും ശക്തമാണ് എന്നതാണ് ന്യൂസിലാന്‍ഡിനെ മറ്റു പല മുന്‍നിര ടീമുകളില്‍ നിന്നും വേറിട്ടുനിര്‍ത്തുന്ന ഘടകം. ബാറ്റിങ് നിര ക്ലിക്കായില്ലെങ്കിലും ബൗളര്‍മാരുടെ മാത്രം മികവില്‍ കളി ജയിക്കാനുള്ള ശേഷി ന്യൂസിലാന്‍ഡിനുണ്ട്്. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ പേസ് ജോടികളിലൊന്നാണ് കിവീസിന്റെ ടിം സൗത്തിയും ട്രെന്റ് ബോള്‍ട്ടും. ഇവര്‍ക്കു കട്ട സപ്പോര്‍ട്ട് നല്‍കാന്‍ നീല്‍ വാഗ്നര്‍, കൈല്‍ ജാമിസണ്‍, ലോക്കി ഫെര്‍ഗൂസന്‍ തുടങ്ങിയ ഫാസ്റ്റ് ബൗളര്‍മാരുമുണ്ട്. ന്യൂസിലാന്‍ഡിന്റെ സ്പിന്‍ ബൗളിങും മികച്ചതാണ്. ഇന്ത്യന്‍ വംശജനായ ഇഷ് സോധി, മിച്ചെല്‍ സാന്റ്‌നര്‍ എന്നിവരാണ് അവരുടെ സ്റ്റാര്‍ സ്പിന്നര്‍മാര്‍.

ഹേറ്റേഴ്‌സില്ലാത്ത ടീം

ഹേറ്റേഴ്‌സില്ലാത്ത ടീം

നിലവില്‍ ലോക ക്രിക്കറ്റില്‍ ഹേറ്റേഴ്‌സ് ഏറ്റവും കുറവുള്ള ടീം ന്യൂസിലാന്‍ഡ് തന്നെയായിരിക്കും. കെയ്ന്‍ വില്ല്യംസണ്‍ നായകസ്ഥാനത്തേക്കു വന്നത്തോടെ എല്ലാവര്‍ക്കും ഇഷ്ടം തോന്നുന്ന, ആരാധിക്കുന്ന ടീമായി കിവീസ് മാറിയിട്ടുണ്ട്. കളിക്കളത്തിലെ മാന്യമായ പെരുമാറ്റവും വിനയവും കളി മികവുമെല്ലാമാണ് ഇതിനു കാരണം. ഏതു രാജ്യത്തു പരമ്പര കളിക്കാന്‍ പോയാലും ആതിഥേയ ടീമിനെപ്പോലെ തന്നെ ന്യൂസിലാന്‍ഡിനെയും ക്രിക്കറ്റ് പ്രേമികള്‍ ഇഷ്ടപ്പെടുന്നു. കളിക്കളത്തില്‍ എല്ലായ്‌പ്പോഴും പുഞ്ചിരിച്ചുകൊണ്ടു മാത്രമേ ന്യൂസിലാന്‍ഡ് താരങ്ങളെ കാണാന്‍ സാധിക്കുകയുള്ളൂ. രോഷാകുലരായി എതിര്‍ താരങ്ങളോട് കൊമ്പുകോര്‍ക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ഒരാളെപ്പോലും അവരുടെ ടീമില്‍ കാണാന്‍ കഴിയില്ല.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, November 11, 2021, 17:49 [IST]
Other articles published on Nov 11, 2021

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X